25 ലക്ഷം ടിവിഎസ് ജൂപിറ്റര്‍ വിറ്റുപോയി

25 ലക്ഷം ടിവിഎസ് ജൂപിറ്റര്‍ വിറ്റുപോയി

2013 ലാണ് ടിവിഎസ് ജൂപിറ്റര്‍ ആദ്യം വിപണിയിലെത്തിച്ചത്

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിറ്റുപോയത് 25 ലക്ഷം ടിവിഎസ് ജൂപിറ്റര്‍. ഇന്ത്യയിലെ സ്‌കൂട്ടര്‍ വില്‍പ്പനയില്‍ ഹോണ്ട ആക്റ്റിവ ചാംപ്യനാണെങ്കില്‍ റണ്ണര്‍-അപ് ടിവിഎസ് ജൂപിറ്ററാണെന്ന് പറയാം. 2013 ലാണ് ടിവിഎസ് ജൂപിറ്റര്‍ ആദ്യം വിപണിയിലെത്തിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 25 ലക്ഷം യൂണിറ്റ് ടിവിഎസ് ജൂപിറ്റര്‍ വിറ്റുപോയി. ഓരോ വര്‍ഷവും സ്‌കൂട്ടറിന്റെ വില്‍പ്പന വര്‍ധിക്കുന്നതാണ് കണ്ടത്.

ഏറ്റവും വേഗത്തില്‍ പത്ത് ലക്ഷം വില്‍പ്പനയെന്ന റെക്കോര്‍ഡ് നേട്ടം കൈവരിച്ചത് ജൂപിറ്ററാണെന്ന് ടിവിഎസ് പ്രസ്താവിച്ചു. കേവലം മുപ്പത് മാസത്തിനുള്ളിലായിരുന്നു ഇത്രയും വില്‍പ്പന. അവസാന പത്ത് മാസത്തില്‍ അഞ്ച് ലക്ഷം ടിവിഎസ് ജൂപിറ്ററാണ് വിറ്റുപോയത്.

ഇന്ത്യയില്‍ സ്‌കൂട്ടറൈസേഷന്‍ നടപ്പാക്കുന്നതില്‍ ടിവിഎസ് ജൂപിറ്റര്‍ നിര്‍ണായക പങ്ക് വഹിക്കുന്നതായി ടിവിഎസിന്റെ കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍സ്, സ്‌കൂട്ടേഴ്‌സ്, കോര്‍പ്പറേറ്റ് ബ്രാന്‍ഡ് വിഭാഗം മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് അനിരുദ്ധ ഹല്‍ദാര്‍ പറഞ്ഞു. ജെ.ഡി. പവര്‍ 2018 സ്റ്റഡി അനുസരിച്ച് മോസ്റ്റ് അപ്പീലിംഗ് എക്‌സിക്യൂട്ടീവ് സ്‌കൂട്ടറാണ് ടിവിഎസ് ജൂപിറ്റര്‍.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി സ്‌കൂട്ടര്‍ വില്‍പ്പനയില്‍ വിവിധ വാഹന നിര്‍മ്മാതാക്കള്‍ വലിയ മുന്നേറ്റമാണ് കൈവരിച്ചത്. ഗിയര്‍ലെസ് ഇരുചക്ര വാഹനത്തില്‍ ജനങ്ങള്‍ കൂടുതലായി താല്‍പ്പര്യം പ്രകടിപ്പിക്കുന്നതാണ് കാരണം. ചെറിയ ഡിസ്‌പ്ലേസ്‌മെന്റ് മോട്ടോര്‍സൈക്കിളുകള്‍ കാര്യമായി വിറ്റുപോകുന്ന പട്ടണങ്ങളിലും ചെറു നഗരങ്ങളിലും സ്‌കൂട്ടര്‍ ആവശ്യകത വര്‍ധിച്ചിട്ടുണ്ട്.

കൂടുതല്‍ വിറ്റുപോകുന്ന സ്‌കൂട്ടറാണെങ്കിലും ഹോണ്ട ആക്റ്റിവയെ മറികടക്കാന്‍ ടിവിഎസ് ജൂപിറ്ററിന് സാധിച്ചിട്ടില്

കൂടുതല്‍ വിറ്റുപോകുന്ന സ്‌കൂട്ടറാണെങ്കിലും ഹോണ്ട ആക്റ്റിവയെ മറികടക്കാന്‍ ടിവിഎസ് ജൂപിറ്ററിന് സാധിച്ചിട്ടില്ല. 2017-18 ല്‍ മുപ്പത് ലക്ഷത്തിലധികം ഹോണ്ട ആക്റ്റിവ സ്‌കൂട്ടറുകളാണ് വിറ്റുപോയത്. ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയുടെ 47 ശതമാനത്തോളം വരുമിത്. ഇതേ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ ആകെ 67.19 ലക്ഷം സ്‌കൂട്ടറുകളാണ് വിറ്റത്.

Comments

comments

Categories: Auto