പിനിന്‍ഫറിന പിഎഫ്0 കണ്‍സെപ്റ്റ് ; ചിത്രങ്ങള്‍ പുറത്തുവിട്ടു

പിനിന്‍ഫറിന പിഎഫ്0 കണ്‍സെപ്റ്റ് ; ചിത്രങ്ങള്‍ പുറത്തുവിട്ടു

മഹീന്ദ്ര ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍ കമ്പനിയാണ് ഓട്ടോമൊബിലി പിനിന്‍ഫറിന

ന്യൂയോര്‍ക് : ഓട്ടോമൊബിലി പിനിന്‍ഫറിനയുടെ ആദ്യ ഇലക്ട്രിക് ലക്ഷ്വറി ഹൈപ്പര്‍കാറിന്റെ ഡിസൈന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു. പിഎഫ്0 കണ്‍സെപ്റ്റ് എന്നാണ് കാറിന്റെ കോഡ്‌നാമം. ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍ കമ്പനിയാണ് ഓട്ടോമൊബിലി പിനിന്‍ഫറിന. കാറിന്റെ ഡിസൈന്‍ വെളിപ്പെടുത്തുന്നതിനായി ന്യൂയോര്‍കില്‍ നടന്ന ചടങ്ങില്‍ മൂന്ന് ചിത്രങ്ങളാണ് പുറത്തുവിട്ടത്. പിനിന്‍ഫറിന ബ്രാന്‍ഡിലായിരിക്കും ഇലക്ട്രിക് ലക്ഷ്വറി ഹൈപ്പര്‍കാര്‍ പുറത്തിറക്കുന്നത്.

കാര്‍ നിര്‍മ്മിക്കുന്നതിന് മുന്നോടിയായി ഫോര്‍മുല വണ്‍ മുന്‍ റേസിംഗ് ഡ്രൈവര്‍ നിക്ക് ഹെയ്ഡ്‌ഫെല്‍ഡിനെ സ്വന്തം പാളയത്തിലെത്തിക്കുമെന്ന് പിനിന്‍ഫറിന അറിയിച്ചു. പിഎഫ്0 കാറിന്റെ ഡൈനാമിക്‌സ് വികസിപ്പിക്കുന്ന ടീമില്‍ നിക്ക് ഹെയ്ഡ്‌ഫെല്‍ഡ് പ്രധാനി ആയിരിക്കും. ഓള്‍-ഇലക്ട്രിക് ഹൈപ്പര്‍കാര്‍ 2020 ല്‍ വിപണിയിലെത്തിക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

സ്വന്തം ബ്രാന്‍ഡില്‍ കാറുകള്‍ പുറത്തിറക്കുകയെന്നത് ബാറ്റിസ്റ്റ ‘പിനിന്‍’ ഫറിനയുടെ അമ്പത് വര്‍ഷത്തോളം പഴക്കമുള്ള സ്വപ്‌നമാണെന്ന് ഓട്ടോമൊബിലി പിനിന്‍ഫറിന സിഇഒ മൈക്കല്‍ പെര്‍ഷ്‌കെ പറഞ്ഞു. 1930 ലാണ് അദ്ദേഹം പിനിന്‍ഫറിന സ്ഥാപിക്കുന്നത്. മാസ്മരിക ഭംഗിയും ആധുനിക സാങ്കേതികവിദ്യകളും സമന്വയിക്കുന്നതായിരിക്കും പിനിന്‍ഫറിന ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്ന കാറുകള്‍. പെര്‍ഫോമന്‍സ് കാറുകള്‍ നിര്‍മ്മിക്കുന്നതിന് പിനിന്‍ഫറിനയില്‍ ചേരുന്നത് വലിയ അവസരമാണെന്ന് നിക്ക് ഹെയ്ഡ്‌ഫെല്‍ഡ് പറഞ്ഞു. തന്റെ മോട്ടോര്‍സ്‌പോര്‍ട് പരിജ്ഞാനം പിനിന്‍ഫറിനയിലെ എന്‍ജിനീയറിംഗ്, ഡിസൈന്‍ ടീമുമായി പങ്കുവെയ്ക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓള്‍-ഇലക്ട്രിക് ഹൈപ്പര്‍കാര്‍ 2020 ല്‍ വിപണിയിലെത്തിക്കാനാണ് പദ്ധതി

ഫുള്ളി ഇലക്ട്രിക് അള്‍ട്രാ ലക്ഷ്വറി കാറുകള്‍ നിര്‍മ്മിക്കുമെന്ന് ഈ വര്‍ഷം ഏപ്രിലില്‍ റോമിലാണ് കാര്‍ ഡിസൈന്‍ കമ്പനിയായ ഓട്ടോമൊബിലി പിനിന്‍ഫറിന പ്രഖ്യാപിച്ചത്. വടക്കേ അമേരിക്കന്‍ വിപണിയായിരിക്കും പിനിന്‍ഫറിന കാറുകളുടെ ലക്ഷ്യം. അടുത്ത മാസം നടക്കുന്ന മോണ്ടെറി കാര്‍ വീക്കില്‍ ഹൈപ്പര്‍കാര്‍ കാണുന്നതിന് ഭാവി ഉപയോക്താക്കള്‍ക്ക് ഓട്ടോമൊബിലി പിനിന്‍ഫറിന അവസരമൊരുക്കും. 2020 ല്‍ ഉല്‍പ്പാദനം ആരംഭിക്കും. 0-100 കിലോമീറ്റര്‍/മണിക്കൂര്‍ വേഗം കൈവരിക്കുന്നതിന് പിഎഫ്0 കാറിന് രണ്ട് സെക്കന്‍ഡില്‍ താഴെ സമയം മതിയാകും. മണിക്കൂറില്‍ 402 കിലോമീറ്ററായിരിക്കും ടോപ് സ്പീഡ്. ബാറ്ററി ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 483 കിലോമീറ്റര്‍ സഞ്ചരിക്കാം.

Comments

comments

Categories: Auto