ഓക്സ്ഫോഡ് പ്ലാന്റില്‍ 2019 ല്‍ ഇലക്ട്രിക് മിനി നിര്‍മ്മിച്ചുതുടങ്ങും
സസിക്സ് (ഇംഗ്ലണ്ട്) : ബിഎംഡബ്ല്യു ബ്രാന്‍ഡായ മിനി തങ്ങളുടെ ഇലക്ട്രിക് കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചു. മിനിയുടെ ഭാവി വാഹനങ്ങളുടെ ഡിസൈന്‍ പ്രകടമാക്കുന്നതാണ് ഗുഡ്വുഡ് സ്പീഡ് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ഇലക്ട്രിക് കണ്‍സെപ്റ്റ്. മിനിയുടെ ഓക്സ്ഫോഡ് പ്ലാന്റില്‍ 2019 ല്‍ ഇലക്ട്രിക് മിനി നിര്‍മ്മിച്ചുതുടങ്ങും. ഓള്-ഇലക്ട്രിക് മിനി ഇ പുറത്തിറക്കി പതിനൊന്ന് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇവി കണ്‍സെപ്റ്റ് വരുന്നത്. അറുനൂറ് എണ്ണം മിനി ഇ മാത്രമാണ് നിര്‍മ്മിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയിലാണ് ഇലക്ട്രിക് മിനി കണ്‍സെപ്റ്റിന്റെ ഔദ്യോഗിക അനാവരണം നടന്നത്. പ്രൊഡക്ഷന്‍ മോഡല്‍ അവതരിപ്പിക്കുന്നതിനുമുമ്പ് കണ്‍സെപ്റ്റ് കാര്‍ പ്രദര്‍ശിപ്പിക്കേണ്ട പരിപാടികളുടെ നീണ്ട പട്ടിക മിനി തയ്യാറാക്കിയിട്ടുണ്ട്. പവര്‍ഫുള്‍ ഇലക്ട്രിക് മോട്ടോറായിരിക്കും മിനിയില്‍ ഉണ്ടായിരിക്കുകയെന്ന് ബിഎംഡബ്ല്യു ഇതിനകം വ്യക്തമാക്കിയിരുന്നു. ബിഎംഡബ്ല്യു ബ്രാന്‍ഡ് എന്ന നിലയില്‍ മൂന്നാം ദശകത്തിലേക്ക് പ്രവേശിക്കുന്ന മിനിയുടെ ആദ്യ ബാറ്ററി ഇലക്ട്രിക് പ്രൊഡക്ഷന്‍ മോഡലിന്റെ ഡിസൈന്‍ ഭാഷ അടിമുടി മാറ്റത്തിന് വിധേയമായിരിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്.
മിനിയുടെ ഡിസൈന്‍ ഭാഷ അടിമുടി മാറ്റത്തിന് വിധേയമാകും
മിനി ഇലക്ട്രിക് കണ്‍സെപ്റ്റിന് തല്ക്കാലം ഇന്റീരിയര്‍ നല്‍കിയിട്ടില്ല. ബിഎംഡബ്ല്യു 8 സീരീസ് കണ്സെപ്റ്റിലേതുപോലെ മിനിയുടെ മുന്‍ ചക്രത്തിന് പിന്നിലായി എയര്‍ എക്സ്ട്രാക്റ്റര്‍ സ്ലോട്ട് നല്കിയിരിക്കുന്നു. പിറകില്‍നിന്ന് നോക്കുമ്പോഴാണ് നിലവിലെ 3 ഡോര്‍ മിനി ഹാച്ച്ബാക്കിനേക്കാള്‍ ഇലക്ട്രിക് കണ്‍സെപ്റ്റ് എത്രമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാകുന്നത്. മിനിയുടെ ട്രേഡ്മാര്‍ക്കായ ബ്ലാക്ക് വീല്‍ ആര്‍ച്ച് സ്പാറ്റുകള്‍ ഇലക്ട്രിക് കണ്‍സെപ്റ്റില്‍ കാണാനില്ല. ബെല്‍റ്റ് ലൈന്‍ അല്‍പ്പം ഉയര്‍ത്തി നല്കിയിരിക്കുന്നു. നിലവിലെ മിനി പ്രൊഡക്ഷന്‍ കാറുകളിലേതിനേക്കാള് 7-10 മില്ലി മീറ്റര്‍ ഉയരത്തിലാണ് ബെല്‍റ്റ് ലൈന്‍ കാണുന്നത്.