ഇന്ത്യയുടെ അഭിമാനമായി വസീറാനി ഷൂല്‍

ഇന്ത്യയുടെ അഭിമാനമായി വസീറാനി ഷൂല്‍

മുംബൈ ആസ്ഥാനമായ വസീറാനി ഓട്ടോമോട്ടീവിന്റെ ടര്‍ബൈന്‍-ഇലക്ട്രിക് ഹൈപ്പര്‍കാറാണ് ഷൂല്‍

സസിക്‌സ് (ഇംഗ്ലണ്ട്) : ഗുഡ്‌വുഡ് സ്പീഡ് ഫെസ്റ്റിവലില്‍ ഇന്ത്യയുടെ അഭിമാനമായി വസീറാനി ഷൂല്‍ അനാവരണം ചെയ്തു. മുംബൈ ആസ്ഥാനമായ വസീറാനി ഓട്ടോമോട്ടീവ് എന്ന പുതിയ ഇന്ത്യന്‍ കാര്‍ കമ്പനിയുടെ ടര്‍ബൈന്‍-ഇലക്ട്രിക് ഹൈപ്പര്‍കാറാണ് ഷൂല്‍. നേരത്തെ ജാഗ്വാര്‍ ലാന്‍ഡ് റോവറിലും റോള്‍സ് റോയ്‌സിലും പ്രവര്‍ത്തിച്ച ചങ്കി വസീറാനിയാണ് ചീഫ് ഡിസൈനര്‍. ജെറ്റ് ടര്‍ബൈന്‍-ഇലക്ട്രിക് പവര്‍ട്രെയ്‌നാണ് കാര്‍ ഉപയോഗിക്കുന്നത്. യുകെയിലെ കമ്പനിയുമായി ചേര്‍ന്നാണ് ടര്‍ബൈന്‍ വികസിപ്പിച്ചതെന്ന് വസീറാനി പറഞ്ഞു. പെട്രോള്‍ ഉപയോഗിച്ചും ഹൈപ്പര്‍കാര്‍ ഓടിക്കാം.

സ്വതന്ത്രമായ ടോര്‍ക്ക് വെക്ടറിംഗ് സാധ്യമാകുന്നതിന് ഓരോ ചക്രത്തിന് സമീപം ഓരോ ഇലക്ട്രിക് മോട്ടോര്‍ നല്‍കിയിരിക്കുകയാണ്. കാര്‍ബണ്‍ ഫൈബര്‍ ടബ് ഷാസിയിലാണ് ഷൂല്‍ നിര്‍മ്മിച്ചിരിക്കുന്നത്. വാഹനത്തിന്റെ ഭാരം കുറയ്ക്കുന്നതിനായി ബോഡിയില്‍ വ്യാപകമായി കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചിരിക്കുന്നു. ഡ്രാഗ് പരമാവധി കുറയ്ക്കുംവിധമാണ് വാഹനം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഏകദേശം മുന്നൂറ് കിലോഗ്രാം മാത്രമാണ് ബാറ്ററി പാക്കിന്റെ ഭാരം. ഇവ ‘ഓണ്‍ ദ ഗോ’യില്‍ ചാര്‍ജ് ചെയ്യപ്പെടും. കാറിന്റെ ടെക്‌നിക്കല്‍ സ്‌പെസിഫിക്കേഷനുകള്‍ വസീറാനി ഓട്ടോമോട്ടീവ് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതുമായി ബന്ധപ്പെട്ട കണക്കുകളില്‍ തന്റെ കമ്പനിക്ക് താല്‍പ്പര്യമില്ലെന്ന് ചങ്കി വസീറാനി പറഞ്ഞു. മികച്ച ഹാന്‍ഡ്‌ലിംഗ് ലഭിക്കുംവിധമാണ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇറ്റാലിയന്‍ കമ്പനിയായ ബ്രെംബോയുടെ ബ്രേക്കുകള്‍ ഉപയോഗിച്ചിരിക്കുന്നു.

ടയര്‍ ബ്രാന്‍ഡായ മിഷെലിനാണ് കാര്‍ വികസിപ്പിക്കുന്നതിന് സഹായം നല്‍കിയത്. അതുകൊണ്ടുതന്നെ ഗുഡ്‌വുഡില്‍ മിഷെലിന്‍ സ്റ്റാന്‍ഡിലാണ് കണ്‍സെപ്റ്റ് കാര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വാഹനത്തിന്റെ പ്രോട്ടോടൈപ്പ് ഈ വര്‍ഷം പരീക്ഷിച്ചുതുടങ്ങും. ഇന്ത്യയുടെ ആദ്യ ഹൈപ്പര്‍കാര്‍ എന്ന വസീറാനിയുടെ പ്രൊജക്റ്റിന് ഫോഴ്‌സ് ഇന്ത്യ ഫോര്‍മുല വണ്‍ ടീമിന്റെ പിന്തുണയുണ്ട്. കാലിഫോര്‍ണിയയിലാണ് കമ്പനിയുടെ ഡിസൈന്‍ സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നത്.

പ്രോട്ടോടൈപ്പ് ഈ വര്‍ഷം പരീക്ഷിച്ചുതുടങ്ങും. ഉല്‍പ്പാദനം കാലിഫോര്‍ണിയയില്‍ ആയിരിക്കും

എന്നാല്‍ കാര്‍ നിര്‍മ്മിക്കുന്നത് ഇന്ത്യയില്‍ ആയിരിക്കില്ലെന്ന് ചങ്കി വസീറാനി പറഞ്ഞു. ഉല്‍പ്പാദനം മിക്കവാറും കാലിഫോര്‍ണിയയില്‍ ആയിരിക്കും. ഇലക്ട്രിക് കാറുകളുടെ തലസ്ഥാനമാണ് കാലിഫോര്‍ണിയ. മാത്രമല്ല തങ്ങള്‍ക്ക് അവിടെ ബന്ധങ്ങളുണ്ടെന്ന് വസീറാനി വ്യക്തമാക്കി.

Comments

comments

Categories: Auto