രുചിയില്‍ മാത്രമല്ല പേരിലുമുണ്ട് കാര്യം !

രുചിയില്‍ മാത്രമല്ല പേരിലുമുണ്ട് കാര്യം !

 

ഞെട്ടില്ലാ വട്ടയിലയും പുട്ടും കട്ടനും കൂട്ടിന് പലാരവും തട്ട് രുചിയും… കൊച്ചിയിലെ ചില ന്യൂജെന്‍ ഹോട്ടലുകളുടെ പേരാണ് ഇതെല്ലാം. ഇതുപോലെ പേര് കൊണ്ട് വ്യത്യസ്തമായ ഇനിയും ഒട്ടേറെ ഹോട്ടലുകള്‍. . മലയാളികള്‍ക്ക് ഇപ്പോള്‍ പ്രിയം നൊസ്റ്റാള്‍ജിയ നിറഞ്ഞു നില്‍ക്കുന്ന പേരുകളോടാണ്.പേരില്‍ മാത്രമല്ല വ്യത്യസ്തത രുചിയിലുമുണ്ട്. അതിനാല്‍ ഒരു പേരില്‍ ഒക്കെ എന്തിരിക്കുന്നു എന്ന ചോദ്യം കൊച്ചിയിലെ ഭക്ഷണ പ്രിയരോട് വേണ്ട!

ഇന്ത്യന്‍ രുചികളെ കടല്‍കടത്തിയ പാചകമാന്ത്രികന്‍, സെലിബ്രിറ്റി ഷെഫ് സഞ്ജീവ് കപൂര്‍ അടുത്തിടെ തന്റെ കൊച്ചിയില്‍ എത്തിയപ്പോള്‍ പറഞ്ഞത് കൊച്ചിയുടെ ഭക്ഷണപ്രേമം തന്നെ അമ്പരപ്പിക്കുന്നു എന്നാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് രുചി വൈവിധ്യങ്ങള്‍ തേടിയുള്ള കൊച്ചിക്കാരുടെ യാത്രകളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നു. മെട്രോ നഗരത്തിന്റെ തിക്കിലും തിരക്കിലും തങ്ങള്‍ക്ക് സന്തോഷം കണ്ടെത്താന്‍ കഴിയുന്ന ഏറ്റവും മികച്ച ഇടങ്ങളാണ് കൊച്ചിക്കാര്‍ വ്യത്യസ്തമായ രുചികള്‍ ഒരുക്കുന്ന റെസ്റ്റോറന്റുകളെ കാണുന്നു. ഇടക്കലത്ത് പിസയും ബര്‍ഗറും ഫ്രൈഡ് ചിക്കനും ഒക്കെയായിരുന്നു യുവാക്കളുടെ ഇഷ്ടവിഭവങ്ങളായിരുന്നത് എങ്കില്‍ ഇപ്പോള്‍ നാടന്‍ രുചികള്‍ തേടിയാണ് അവരുടെ യാത്ര.

ഈ അവസരത്തെ ശരിയായ രീതിയില്‍ വിനിയോഗിക്കാന്‍ ഭക്ഷ്യരംഗത്തെ സംരംഭകരും ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ഒരു വേഷത്തിനുള്ളില്‍ നൂറുകണക്കിന് ഫുഡ് സ്റ്റാര്‍ട്ടപ്പുകളാണ് കൊച്ചിയില്‍ ആരംഭിച്ചിരിക്കുന്നത്. ഇതില്‍ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.ഭക്ഷ്യരംഗത്ത് ഒരു സ്ഥാപനം ആരംഭിക്കുന്നതിനായി കഷ്ടപ്പെട്ട് നേടിയ വൈറ്റ് കോളര്‍ ജോലി വേണ്ടെന്നു വയ്ക്കാനും ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് മടിയില്ല. പറഞ്ഞു വരുന്നത് ഇപ്പോള്‍ കൊച്ചിയെ നയിക്കുന്നത് ഭക്ഷ്യ ശൃംഖലകള്‍ തന്നെയാണ് എന്നാണ്. വ്യത്യസ്തമായ പേരും രുചികളുമാണ് അവയെ വ്യത്യസ്തമാക്കുന്നത്.

വേണം നല്ല കിടുക്കാച്ചി പേര്

ഹോട്ടലിന്റെ പേരില്‍ എന്ത് കാര്യം , രുചിയില്‍ അല്ലെ കാര്യം എന്ന് ചോദിക്കുന്നവര്‍ക്ക് മുന്നില്‍ പേരിലുമുണ്ട് കാര്യം എന്ന് തെളിയിക്കുന്നു ഹോട്ടല്‍ ഉടമകളും ആഹാരപ്രിയരും.മലയാളികള്‍ക്ക് ഇപ്പോള്‍ പ്രിയം നല്ല നൊസ്റ്റാള്‍ജിയ തുളുമ്പുന്ന പേരുകളോടാണ്. പേരിഷ്ടപ്പെട്ടാല്‍ മാത്രമേ ഭക്ഷണം കഴിക്കാനായി ഹോട്ടല്‍ തെരഞ്ഞെടുക്കൂ എന്ന് ചുരുക്കം. ആദ്യം നല്ലൊരു പേര്, പിന്നെ മനസ്സിന് ചേരുന്ന അന്തരീക്ഷം അതിന്റെയൊപ്പം വ്യത്യസ്തവും രുചികരമായതുമായ ഭക്ഷണവും കൂടി ചേരുമ്പോള്‍ പിന്നെ ഹോട്ടല്‍ എപ്പോള്‍ വിജയിച്ചു എന്ന് ചോദിച്ചാല്‍ മതി.

”ഭക്ഷണം കഴിക്കുക എന്നത് ആഘോഷമാക്കിമാറ്റിയവരാണ് ഇന്നത്തെ പുതിയ തലമുറമാനസികമായി സംതൃപ്തി നല്‍കാത്ത സ്ഥലങ്ങള്‍ എത്ര നല്ല ഭക്ഷണം ലഭിക്കുന്നവയായാലും അവര്‍ തെരെഞ്ഞെടുക്കില്ല. മാത്രമല്ല സോഷ്യല്‍ മീഡിയ, ഓണ്‍ലൈന്‍ ഫുഡ്‌സെറ്റുകള്‍ തുടങ്ങിയവയിലെ റേറ്റിങ് കൂടി നോക്കിയാണ് അവര്‍ ഹോട്ടലുകള്‍ തെരഞ്ഞെടുക്കുന്നത്. ഓണ്‍ലൈനില്‍ ശ്രദ്ധിക്കപ്പെടണം എങ്കിലും ഇത്തരത്തില്‍ വ്യത്യസ്തമായ പേരുകള്‍ ആവശ്യമാണ്” ഹോട്ടല്‍ പേരുകളുടെ പരിണാമത്തെക്കുറിച്ച് ലഞ്ച് ബോക്‌സ് റെസ്റ്റോറന്റ് സാരഥി സന്ദീപ് പറയുന്നു.

ആദ്യകാലങ്ങളില്‍ വ്യക്തികളെ അധിഷ്ഠിതമാക്കിയാണ് ഹോട്ടലുകള്‍ അറിയപ്പെട്ടിരുന്നത്. രാമേട്ടന്റെ കട, പത്താന്റെ ഹോട്ടല്‍, ജോയിയുടെ ഹോട്ടല്‍ എന്നിങ്ങനെ.പിന്നെ കാലം കുറച്ചു മുന്നോട്ട് പോയപ്പോള്‍ ഹോട്ടല്‍ ജയശ്രീ, കൃഷ്ണ ഹോട്ടല്‍ തുടങ്ങിയ രീതിയിലായി പരിഷ്‌കാരം.വീണ്ടും കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ദൈവങ്ങളുടെ പേര് ഹോട്ടലുകളുടെ നെയിം ബോര്‍ഡില്‍ സ്ഥാനം പിടിച്ചു. ഹോട്ടല്‍ മുരുക,ഹോട്ടല്‍ ശ്രീവിനായക എന്നിങ്ങനെ..എന്നാല്‍ ഇപ്പോള്‍ പഴമയിലേക്കും നൊസ്‌റാള്‍ജിയയിലേക്കും ഒക്കെയുള്ള മടക്കമാണ് ഹോട്ടല്‍ നെയിം ബോര്‍ഡില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. രുചിയുടെ മര്‍മയായ ‘എരിവും പുളിയും’ പഴയ ചായക്കടകളുടെ ഓര്‍മ നല്‍കുന്ന ‘ആദാമിന്റെ ചായക്കട’ പലഹാരക്കൂട്ടുകളെ ഓര്‍മിപ്പിക്കുന്ന ‘പലാരം’ എന്നിങ്ങനെ പോകുന്നു .

കൊച്ചിയുടെ സ്വന്തം ‘പപ്പടവട’

ബാങ്കിലെ മികച്ച ജോലി വേണ്ടെന്നു വച്ച് സംരംഭകയായ മിനു പൗളിന്‍ ആരംഭിച്ച റെസ്റ്റോറന്റ് ആണ് പപ്പടവട. മലയാളികള്‍ക്ക് ഏറെ ഗൃഹാതുരത്വം സമ്മാനിക്കുന്ന ഒരു നാലുമണി പലഹാരം എന്ന നിലക്ക് പപ്പടവടയെ ജനങ്ങള്‍ വളരെ പെട്ടന്ന് ഏറ്റെടുന്നു. പപ്പടവട അഥവാ ഒരു നാടന്‍ ചായക്കട എന്ന പേരില്‍ എംജി റോഡില്‍ ഒരു ഒറ്റ മുറി കടയില്‍ ആരംഭിച്ച സ്ഥാപനം ഇന്ന് കലൂരിലെ വിശാലമായ ഒരു ഹോട്ടല്‍ ആയി മാറിയിരിക്കുന്നു. പുളിശ്ശേരി, പച്ചമുളക്, കട്ടത്തൈര് തുടങ്ങിയ കോമ്പിനേഷനുകളോടെ എത്തുന്ന അമ്മച്ചീസ് പഴങ്കഞ്ഞി എന്ന് അറിയപ്പെടുന്ന നല്ല നാടന്‍ കുത്തരികൊണ്ടുണ്ടാക്കിയ പഴങ്കഞ്ഞിയാണ് പപ്പടവടയിലെ താരം. മിതമായ വിലക്ക് ഗുണനിവാരമുള്ള ആഹാരം എന്നതാണ് പപ്പടവടയില്‍ മിനു പൗളിന്‍ പിന്തുടരുന്ന രീതി. മീന്‍ വണ്ടി എന്ന പേരില്‍ നാടന്‍ മീന്‍ വിഭവങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള ഒരു കൗണ്ടറും പപ്പടവടയുടെ ഭാഗമാണ്. കാര്യം കൊച്ചിക്കാരുടെ സ്വന്തമാണ് പപ്പടവട എങ്കിലും കേട്ടറിഞ്ഞു കൊച്ചിക്ക് പുറത്ത് നിന്നും പപ്പടവടയില്‍ എത്തുന്നവര്‍ നിരവധിയാണ്.ദിനവും ആയിരത്തോളം പേര്‍ക്കാണ് പപ്പടവട ഭക്ഷണം ഒരുക്കുന്നത്.

‘ഞെട്ടില്ലാ വട്ടയില’, സംഭവം ജോറാണ് !

ഞെട്ടില്ലാ വട്ടയില എന്ന് കേള്‍ക്കുമ്പോള്‍ കടംകഥയാണ് എന്ന് കരുതി പപ്പടം എന്ന് ഉത്തരം വിളിച്ചു പറയണ്ട. കൊച്ചി മഹാരാജാസ് ഗ്രൗണ്ടിന് സമീപത്തായുള്ള ഒരു ന്യൂജെന്‍ ഹോട്ടലാണ് താരം. നൊസ്റ്റാള്‍ജിയക്ക് ഒട്ടും കുറവ് വരണ്ട എന്ന് കരുതി തന്നെ ഇട്ടപേരാണ് ഇതെന്ന് സംരംഭകര്‍ പറയുന്നു. പേരില്‍ മാത്രമല്ല ഇവിടെ വച്ചുണ്ടാക്കുന്ന വിഭവങ്ങളിലും ഉണ്ട് പ്രത്യേകതകള്‍. വെജിറ്റേറിയന്‍ നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഒരേപോലെ വിറ്റുപോകുന്ന ഞെട്ടില്ലാ വട്ടയിലയിലെ താരം പഴം പൊരിയും ബീഫുമാണ്. ഒരു അഡാര്‍ കോമ്പിനേഷനാണ് ഇതെന്ന് ഭക്ഷണപ്രേമികള്‍ വിധിയെഴുതുന്നു. ഉച്ചനേരത്താണ് ഞെട്ടിലവട്ടയിലയില്‍ തിരക്ക് കൂടുതല്‍. പേരിന്റെ കൗതുകം കണ്ടും വന്നെത്തുന്നവര്‍ നിരവധിയാണ്. എല്ലാവിധ നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ക്കും ആവശ്യക്കാരുണ്ട്. രുചിയുടെ കാര്യത്തില്‍ നോ കോമ്പ്രമൈസ് അതാണ് ഞെട്ടില്ലാ വട്ടയിലയുടെ വിജയം.

‘എരിവും പുളിയും’ കിറുകൃത്യം

പാചകത്തില്‍ എരിവിനും പുളിക്കും ഉള്ള സ്ഥാനം ഉപ്പ് പോലെത്തന്നെ വളരെ പ്രധാനപ്പെട്ടതാണ്. എരിവോ പുളിയോ കുറഞ്ഞാലോ കൂടിയാലോ വിഭവം പാളിപ്പോകും. പിന്നെ രുചിയെ പറ്റി ചിന്തിക്കുകയേ വേണ്ട. ഇക്കാര്യം കൃത്യമായി അറിയാവുന്നത് കൊണ്ടാണ് കൊച്ചി സരിത തീയറ്റര്‍ ജംക്ഷന് അടുത്തുള്ള, രുചികരമായ വിഭവങ്ങള്‍ വിളമ്പുന്ന ഈ റെസ്റ്റോറന്റിന് എരിവും പുളിയും എന്ന് പേരിട്ടത്. പനയോലകൊണ്ട് തീര്‍ത്ത ഭിത്തികളോട് കൂടിയ ഒരു ചെറിയ റെസ്റ്റോറന്റ്. എസി നോണ്‍ എസി സൗകര്യങ്ങള്‍ ഉണ്ട്. നല്ല എരിവുള്ള മീന്‍കറിയും പോത്ത് വരട്ടിയതും കൊഞ്ച് തീയലും ഒക്കെ ഇവിടുത്തെ പ്രധാന വിഭവങ്ങളാണ്. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിനാണ് ഇവിടെ ആവശ്യക്കാര്‍ ഏറെയും. റെസ്റ്റോറന്റിന് തങ്ങളുടേത് മാത്രമായ ചില രുചിക്കൂട്ടുകളുമുണ്ട്. സരിത, സവിത, സംഗീത തുടങ്ങിയ മൂന്ന് തീയറ്ററുകളുടെ സാമിപ്യം കൊണ്ട് തന്നെ ഇവിടെ നല്ല തിരക്കാണ്. രുചിപ്പെരുമ കടല്കടക്കും എന്നല്ലേ പറയപ്പെടുന്നത്, നല്ല ഭക്ഷണം കഴിച്ചാല്‍ അത് നാലുപേരോട് പറയുന്നവരാണ് മലയാളികള്‍ ,എരിവും പുളിയും എന്ന ഈ റെസ്റ്റോറന്റ് പ്രശസ്തമായതും അങ്ങനെത്തന്നെയാണ്.

എടുക്കാന്‍ മറക്കാത്ത ‘ലഞ്ച് ബോക്‌സ്’

കുട്ടിക്കലത്ത് സ്‌കൂളില്‍ പോകുമ്പോള്‍ നാം എടുക്കാന്‍ മറന്നിട്ടില്ലല്ലോ എന്ന് ഉറപ്പ് വരുത്തുന്ന ആദ്യത്തെ സാധനമാണ് ലഞ്ച് ബോക്‌സ്. ആരോഗ്യകരമായ ഭക്ഷണം ആരോഗ്യമുള്ള ശരീരത്തിന് ആവശ്യമാണ് എന്ന് നമ്മളെ ഓര്‍മിപ്പിക്കുന്നു നാം എന്ന് ഓര്‍മയോടെ ബാഗില്‍ വച്ചിരുന്ന ലഞ്ച് ബോക്‌സ്. കൊച്ചി പാലാരിവട്ടത് എത്തുന്ന ഭക്ഷണപ്രിയര്‍ ഇതുപോലെ മറക്കാതെ പോകുന്ന സ്ഥലമാണ് ലഞ്ച് ബോക്‌സ് എന്ന റെസ്റ്റോറന്റ്. നഗരത്തില്‍ തിരക്കില്‍ നിന്നും അല്‍പം ഒഴിഞ്ഞു മാറി, വ്യത്യസ്തമായ അന്തരീക്ഷത്തില്‍, എന്നാല്‍ എല്ലാ അര്‍ത്ഥത്തിലും ഒരു ന്യൂജെന്‍ സ്‌റ്റൈലില്‍ നിര്‍മിച്ചിരിക്കുന്ന ലഞ്ച് ബോക്‌സ് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണപ്രിയരുടെ പ്രിയപ്പെട്ട കേന്ദ്രമാണ്.കാപ്പ ബിരിയാണി, ചിക്കന്‍ 65 എന്നിവയുടെ രുചിതേടിയാണ് കൂടുതല്‍ ആളുകളും എത്തുന്നത്. ഷെഫുമായി പരിചയം പുതുക്കി, വര്‍ത്തമാനം പറഞ് രുചിക്കൂട്ടുകള്‍ ചോദിച്ചറിഞ്ഞു ഭക്ഷണം ആസ്വദിക്കാനുള്ള സൗകര്യവും ലഞ്ച് ബോക്‌സില്‍ ഉണ്ട്. പോക്കറ്റില്‍ ഒതുങ്ങുന്ന ബില്ലും സംതൃപ്തമായ ഭക്ഷണവും ആണ് തങ്ങള്‍ക്ക് റിപ്പീറ്റ് കസ്റ്റമേഴ്‌സിനെ നല്‍കുന്നത് എന്ന് ലങ്കിച് ബോക്‌സ് സാരഥികളായ സന്ദീപ് കല്ലട, സിജീഷ് രവീന്ദ്രന്‍ എന്നിവര്‍ പറയുന്നു

വിശപ്പിന് ഫുള്‍സ്റ്റോപ്പ് ‘ആദമിന്റെ ചായക്കട’

ആദാമിന്റെ ചായക്കട, ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ പണ്ട് കാലത്തെ നാടന്‍ ചായക്കടകള്‍ പോലൊരു ഫീല്‍ ആണ്. എന്നാല്‍ സംഭവം അത്ര നാടനൊന്നുമല്ല. ആലുവയില്‍ ഉള്ള ഈ നോണ്‍വെജിറ്റേറിയന്‍ സ്‌പെഷ്യലൈസ്ഡ് ഹോട്ടലില്‍ ഇല്ലാത്ത രുചി വൈവിധ്യങ്ങള്‍ ഒന്നുമില്ല. കോഴി ചീറിപ്പാഞ്ഞത്, ചിക്കന്‍ കൊക്കാച്ചി, ചിക്കന്‍ പൊട്ടിത്തെറിച്ചത് അങ്ങനെ വിഭവങ്ങളുടെ പേരിലും ഉണ്ട് ഈ വൈവിധ്യം. ഫ്രെയിസം, അന്‍ഷാദ് എന്നീ സുഹൃത്തുക്കളുടെ ആശയത്തിലാണ് ആദമിന്റെ ചായക്കട രൂപം കൊണ്ടത്. ആലുവയില്‍ തുടങ്ങിയ സ്ഥാപനം നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തേക്കും അങ്കമാലിക്കടുത്ത് കരിയാട് എന്നീ സ്ഥലങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. സോഡിയം ലൈറ്റുകളും പനയോലകളും കൊണ്ട് അലങ്കരിച്ച ഇന്റീരിയര്‍ ആണ് ആദമിന്റെ ചായക്കടയുടെ രുചിക്കപ്പുറത്തെ ആകര്‍ഷണം. ദിവസം ആയിരക്കണക്കിന് ഭക്ഷണപ്രേമികളാണ് ആദമിന്റെ ചായക്കട തേടി എത്തുന്നത്.

‘പുട്ടും കട്ടനും’ കലക്കന്‍ കോമ്പിനേഷന്‍

കൊച്ചി തമ്മനത്തുള്ള പുട്ടും കട്ടനും എന്ന ഹോട്ടല്‍ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പുട്ടിന് പ്രാധാന്യം നല്‍കുന്ന ഒരു ഹോട്ടലാണ്. മലയാളിയുടെ നൊസ്റ്റാള്‍ജിയയുടെ ഭാഗമായ കട്ടനും ഒപ്പം കേരളത്തിന്റെ തനത് ഭക്ഷണമായ പുട്ടും കൂടി ചേര്‍ന്നപ്പോള്‍ ആ രുചി വൈവിധ്യം തേടി എത്തിയവര്‍ നിരവധി. ഈ പറഞ്ഞ രണ്ടു വിഭവങ്ങളും വീടുകളിലെ സ്ഥിരം സാന്നിധ്യമാണ് എങ്കിലും ഇവിടെ ദിനം പ്രതി ആള്‍ത്തിരക്ക് കൂടി വരികയാണ്. അതിനുള്ള ഒരു പ്രധാന കാരണം പുട്ടിനൊപ്പം കൊടുക്കുന്ന വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ കറികളാണ്. ചൂട് പുട്ടും ഒപ്പം കട്ടനും കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി ഇങ്ങോട്ടേക്ക് വരാം. കഴുത്തറപ്പന്‍ ബില്ലുണ്ടെന്ന പേടി അശേഷം വേണ്ട!

നാലുമണി പലഹാരങ്ങളുമായി ‘ഹോജമുക്ക്’

ആലിബാബയും 41 വിഭവങ്ങളും എന്ന റെസ്റ്റോറന്റിന്റെ ഭാഗമാണ് നാലുമണി പലഹാരങ്ങള്‍ക്ക് മാത്രമായുള്ള ഹോജമുക്ക്. ഹോജ എന്ന കഥാപാത്രം പ്രതിനിധാനം ചെയ്യുന്ന ഹോജമുക്കില്‍ മലബാര്‍ സ്‌റ്റൈല്‍ നാലുമണി പലഹാരങ്ങള്‍ നിരവധിയാണ്. കൊച്ചിക്കാര്‍ കേട്ടിട്ട് പോലുമില്ലാത്ത പല വിഭവങ്ങളെയും പരിചയപ്പെടുത്തിയത് ഹോജമുക്കാണ്. അരിക്കടുക്ക, എലാഞ്ചി, തുര്‍ക്കി സമൂസ അങ്ങനെ പോകുന്നു ഇവിടുത്തെ വിഭവങ്ങളുടെ നിര.

ഈ പറഞ്ഞ പേരുകള്‍ക്ക് പുറമെ, മാപ്പിളക്കട, മുല്ലപ്പന്തല്‍, ചേട്ടത്തീസ് കിച്ചന്‍ , കറിഷോപ്പ്, ഷാപ്പ് കറി, തട്ട് രുചി, മാഞ്ചോട് , തട്ടീം മുട്ടീം, തുടങ്ങി അനവധി കലക്കന്‍ പേരുകളിലുള്ള റസ്റ്റോറന്റുകള്‍ കൊച്ചിയില്‍ സജീവമാണ്. ഹോട്ടലുകളുടെ പേരിലുള്ള ഈ പരിണാമം കൊച്ചിക്ക് മാത്രമല്ല ബാധകം ബിരിയാണി, സുലൈമാനി ആകാശവാണി ,ഷുക്കൂറിന്റെ കട തുടങ്ങി പല പേരുകളില്‍ കോഴിക്കോടും തിരുവനന്തപുരത്തും ഒക്കെ ന്യൂജെന്‍ ഹോട്ടലുകള്‍ സജീവമാകുകയാണ്

 

Comments

comments