റോണോ ഗോളടിക്കുമ്പോള്‍ ജീപ്പിന് കോളടിക്കും

റോണോ ഗോളടിക്കുമ്പോള്‍ ജീപ്പിന് കോളടിക്കും

യുവന്റസിന്റെ കറുപ്പും വെളുപ്പും വരകളുള്ള ജേഴ്‌സിയില്‍ തെളിഞ്ഞുകാണുന്നത് ജീപ്പ് ലോഗോയാണ്

മാഡ്രിഡ് : റയല്‍ മാഡ്രിഡ് വിട്ട് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറുമ്പോള്‍ ജീപ്പിന് പെരുത്ത സന്തോഷം. റോണോയുടെ കൂടുമാറ്റത്തില്‍ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്യുന്നത് ജീപ്പ് എന്ന അമേരിക്കന്‍ ബ്രാന്‍ഡിന്റെ ഉടമസ്ഥരായ ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സ് ആയിരിക്കും. ഇറ്റാലിയന്‍ ക്ലബിന്റെ കറുപ്പും വെളുപ്പും വരകളുള്ള ജേഴ്‌സിയില്‍ തെളിഞ്ഞുകാണുന്നത് ജീപ്പ് ലോഗോയാണ് എന്നതാണ് സന്തോഷത്തിന് കാരണം.

805 കോടി രൂപ നല്‍കിയാണ് സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡില്‍നിന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ഇറ്റാലിയന്‍ ക്ലബ് സ്വന്തം കൂടാരത്തില്‍ എത്തിച്ചത്. നാല് വര്‍ഷത്തേക്കാണ് കരാര്‍. ജീപ്പ് ലോഗോ പതിച്ച യുവന്റസ് ജേഴ്‌സി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ധരിക്കുമ്പോഴുള്ള ‘പരസ്യഗുണം’ ഫിയറ്റ് ക്രൈസ്‌ലര്‍ പണമാക്കിമാറ്റും. സ്‌പോണ്‍സര്‍ഷിപ്പിനായി ഓരോ വര്‍ഷവും 20 മില്യണ്‍ യുഎസ് ഡോളറാണ് ഫിയറ്റ് ക്രൈസ്‌ലര്‍ ഇറ്റാലിയന്‍ ക്ലബിന് നല്‍കുന്നത്.

റാംഗ്ലര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പുറത്തിറക്കുന്ന ജീപ്പ് ബ്രാന്‍ഡിന് ഫിയറ്റ് ക്രൈസ്‌ലറിനുകീഴിലെ വാഹന ബ്രാന്‍ഡുകള്‍ക്കിടയില്‍ സവിശേഷ സ്ഥാനമുണ്ട്. ആഗോളതലത്തില്‍ ഈ വര്‍ഷം 19 ലക്ഷം വാഹനങ്ങള്‍ വില്‍ക്കാന്‍ കഴിയുമെന്നാണ് ജീപ്പ് പ്രതീക്ഷിക്കുന്നത്. യുവന്റസിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളടിക്കുമ്പോള്‍ 2022 ഓടെ 33 ലക്ഷം വാഹനങ്ങള്‍ വില്‍ക്കണമെന്നാണ് തങ്ങളുടെ ‘ഗോള്‍’ എന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സെര്‍ജിയോ മാര്‍ക്കിയോണേ പറഞ്ഞു.

യുവന്റസ് ക്ലബിന്റെയും ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സിന്റെയും ആസ്ഥാനം ഇറ്റലിയിലെ ടൂറിനാണ്. ക്ലബും ഫിയറ്റ് ക്രൈസ്‌ലറും ഇറ്റലിയിലെ പ്രശസ്തമായ ആഗ്‌നെല്ലി കുടുംബത്തിന്റെ നിയന്ത്രണത്തിലുമാണ്. കഴിഞ്ഞ 90 വര്‍ഷത്തിലധികമായി യുവന്റസ് ക്ലബ്ലിന്റെ ഉടമസ്ഥത ആഗ്‌നെല്ലി കുടുംബത്തിനാണ്. എക്‌സോര്‍ എന്ന ഹോള്‍ഡിംഗ് കമ്പനി മുഖേനയാണ് ഫെറാറിയെയും ഫിയറ്റ് ക്രൈസ്‌ലറിനെയും ആഗ്‌നെല്ലി ഫാമിലി നിയന്ത്രിക്കുന്നത്.

യുവന്റസിന്റെ 64 ശതമാനം ഓഹരിയാണ് എക്‌സോര്‍ കയ്യാളുന്നത്. ജീപ്പ് കൂടാതെ, യുവന്റസിന്റെ മറ്റ് സ്‌പോണ്‍സര്‍മാരായ അഡിഡാസ്, അലയന്‍സ്, സാംസംഗ് എന്നിവരും റൊണാള്‍ഡോയുടെ ക്ലബ്മാറ്റം നേട്ടമാക്കി മാറ്റും. തുടര്‍ച്ചയായി ഏഴ് തവണ സീരി എ ചാമ്പ്യന്‍ഷിപ്പ് ജയിച്ച ടീമാണ് യുവന്റസ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി കരാറിലെത്തുമെന്ന സൂചന പുറത്തുവന്നതോടെ ക്ലബിന്റെ ഓഹരി വില 35 ശതമാനമാണ് ഉയര്‍ന്നത്.

യുവന്റസിനായി ക്രിസ്റ്റ്യാനോ ഗോളടിക്കുമ്പോള്‍ 2022 ഓടെ 33 ലക്ഷം വാഹനങ്ങള്‍ വില്‍ക്കണമെന്നാണ് തങ്ങളുടെ ‘ഗോള്‍’ എന്ന് സെര്‍ജിയോ മാര്‍ക്കിയോണേ

ട്വിറ്ററില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ 74.5 മില്യണ്‍ പേര്‍ പിന്തുടരുമ്പോള്‍ യുവന്റസിനെ ഫോളോ ചെയ്യുന്നത് 6 മില്യണ്‍ ട്വിറ്റര്‍ ഉപയോക്താക്കളും ജീപ്പിനെ ഫോളോ ചെയ്യുന്നത് ഒരു മില്യണില്‍ താഴെ ആളുകളുമാണ്. ഇന്‍സ്റ്റഗ്രാമില്‍ റോണോയുടെ ഫോളോവേഴ്‌സ് 134 മില്യണ്‍ വരും. യുവന്റസിനാകട്ടെ 10 മില്യണ്‍ മാത്രം.

Comments

comments

Categories: Auto