പത്ത് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാര്‍ഗദര്‍ശിയായി ഗൂഗിള്‍

പത്ത് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാര്‍ഗദര്‍ശിയായി ഗൂഗിള്‍

ന്യൂഡെല്‍ഹി: ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ), മെഷീന്‍ ലേണിംഗ്(എംഎല്‍) എന്നിവ സംബന്ധിച്ച് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാര്‍ഗദര്‍ശിയായി പ്രവര്‍ത്തിക്കാന്‍ ലോഞ്ച്പാഡ് ആക്‌സലറേറ്റര്‍ പദ്ധതി ആവിഷ്‌കരിച്ചു. സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ ലോഞ്ച്പാഡ് ആക്‌സിലറേറ്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ 10 സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഗൂഗിള്‍ മാര്‍ഗദര്‍ശിയായി പ്രവര്‍ത്തിക്കുക.

ആരോഗ്യ, കാര്‍ഷിക മേഖലകളിലെയും സാമ്പത്തിക, സാങ്കേതിക മേഖലകളിലെയും പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും എഐ, എംഎല്‍ എന്നിവ ഉപോഗിച്ച് പരിഹാരം കാണാനായി സ്റ്റാര്‍ട്ടപ്പുകളെ സജ്ജീകരിക്കുക എന്ന ദൗത്യമാണ് ലോഞ്ച്പാഡ് ആക്‌സിലറേറ്ററിനുള്ളത്. പത്തോളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മെന്റര്‍ഷിപ്പ് നല്‍കാനാണ് ഗൂഗിള്‍ ഉദ്ദേശിക്കുന്നത്. ലോഞ്ച്പാഡ് ആക്‌സിലറേറ്റര്‍ അവതരിപ്പിക്കുന്നതിനു മുന്നോടിയായി ബെംഗലൂരിവില്‍ ഗൂഗിള്‍ ഒരു പ്രാരംഭ പ്രവര്‍ത്തന പദ്ധതി നടത്തിയിരുന്നു. ‘സോള്‍വ് ഫോര്‍ ഇന്ത്യ’ എന്ന പദ്ധതി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനും, അവതരിപ്പിക്കാനും അവസരമൊരുക്കി. ഈ പദ്ധതിയുടെ വിജയത്തിനു ശേഷമാണ് ഗൂഗിള്‍ ലോഞ്ച്പാഡ് ആക്‌സിലറേറ്റര്‍ അവതരിപ്പിക്കുന്നത്.

ഇന്ത്യ കൂടാതെ ടെല്‍ അവീവ്, സാവോ പോളോ, ആഫ്രിക്ക എന്നിവടങ്ങളിലും മറ്റ് രാജ്യങ്ങളിലും ഗൂഗിള്‍ സ്റ്റാര്‍ട്ടപ്പുകളുടെ ആക്‌സിലറേറ്ററായി പ്രവര്‍ത്തിക്കുന്നുണ്ട്. ലോകമെമ്പാടുമായി സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍മിക്കുന്നതിനായി 20 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാണ് കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ലക്ഷ്യം.

ആഗോള പദ്ധതിയുടെ കീഴില്‍ ഗൂഗിള്‍ 650 ഓളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാര്‍ഗദര്‍ശിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഗൂഗിള്‍ ഇന്ത്യ, ലോഞ്ച്പാഡ് ആക്‌സിലറേറ്റര്‍ പ്രോഗ്രാം മാനേജര്‍ പോള്‍ രവീന്ദ്രനാഥ് ജി പറഞ്ഞു. വീട് വാടകയ്ക്ക് നല്‍കുന്ന സംരംഭമായ നെസ്റ്റ് എവേ, ഹൈപ്പര്‍ ലോക്കല്‍ ഡിസ്‌കവറി ആപ്പ് മാജിക്പിന്‍, കാര്‍ വാടകയ്ക്ക് നല്‍കുന്ന ജസ്റ്റ്‌റൈഡ് തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകള്‍ ഇതില്‍ ഉള്‍പ്പെടും.

ആദ്യമായി മെഷീന്‍ ലേണിംഗ് ഏറ്റെടുത്ത രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയായിരുന്നു. ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കും ഡെവലപ്പര്‍മാര്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെയും മെഷീന്‍ ലേണിംഗിനെയും സംബന്ധിച്ച് പഠിക്കാനും നൂതന സാങ്കേതികവിദ്യ തങ്ങളുടെ ഉല്‍പ്പന്ന നിര്‍മാണത്തിനും വിതരണത്തിനും ഉപയോഗപ്പെടുത്താനുമുള്ള അവസരമാണ് ഗൂഗിള്‍ ലോഞ്ച്പാഡിലൂടെ ഒരുക്കുന്നതെന്ന് ഗ്ലോബല്‍ ലോഞ്ച്പാഡ് സ്ഥാപകന്‍ റോയി ഗ്ലാസ് ബര്‍ഗ് പറയുന്നു.

ലോഞ്ച്പാഡ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമിന്റെ ഭാഗമായി സാന്‍ഫ്രാന്‍സിസ്‌കോയിലെ ലോഞ്ചാപാഡ് സ്‌പേസില്‍ നടക്കുന്ന മൂന്ന് മാസത്തെ ആക്‌സിലറേറ്റര്‍ പ്രോഗ്രാമില്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് രണ്ടാഴ്ച പരിശീലനം നല്‍കും. രാജന്‍ ആനന്ദന്‍( ഗൂഗിള്‍ ഇന്ത്യ എംഡി), പീറ്റര്‍ നോര്‍വിഗ്(റിസര്‍ച്ച് ഡയറക്ടര്‍, ഗൂഗിള്‍), ഡാന്‍ അറീലി( പ്രൊഫസര്‍, ബിഹേവിയറല്‍ ഇക്കണോമിക്‌സ്, ഡ്യൂക്ക് യൂണിവേഴ്‌സിറ്റി) തുടങ്ങിയ സാങ്കേതികവിദഗ്ധരുടെ കീഴിലാണ് പരിശീലനം നടത്തുന്നത്. പ്രാരംഭ പ്രവര്‍ത്തനകാലത്ത് കമ്പനികള്‍ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാനും എ സിരീസ് ഫണ്ടിംഗ് റൗണ്ടില്‍ മികച്ച ഫണ്ട് നേടാനുമുള്ള നിര്‍ദേശങ്ങളാണ് പരിശീലനത്തിന്റെ ഭാഗമായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്നതെന്ന് ഗ്ലാസ്‌ബെര്‍ഗ് ചൂണ്ടിക്കാട്ടി.

വ്യവസായ വിദഗ്ധര്‍, സാങ്കേതികവിദ്യയില്‍ നൈപുണ്യമുള്ളവര്‍ എന്നിവര്‍ ആക്‌സിലറേറ്റര്‍ പ്രോഗ്രാമിന്റെ ഭാഗമായി പ്രവര്‍ത്തിക്കും. എഐ, എംഎല്‍ എന്നിവയ്ക്കു പുറമെ നേതൃത്വ പാടവം, ഉപഭോക്തൃ ആനുഭവം, ഇന്റര്‍ഫെയ്‌സ്, മാര്‍ക്കറ്റിംഗ് എന്നിവയിലും സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.

 

 

 

 

 

 

 

Comments

comments

Tags: Google