ഇലോണ്‍ മസ്‌ക് അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചേക്കും

ഇലോണ്‍ മസ്‌ക് അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചേക്കും

2017 ല്‍ ടെസ്‌ല ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്

ന്യൂഡെല്‍ഹി : അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ലയുടെ ഇന്ത്യന്‍ പ്രവേശനത്തില്‍ ഇപ്പോഴും വ്യക്തതയില്ല. മോഡല്‍ 3 ഇലക്ട്രിക് കാറുമായി 2017 ല്‍ ടെസ്‌ല ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇന്ത്യയില്‍ കാറിന്റെ ബുക്കിംഗ് ആരംഭിക്കുകയും ചെയ്തിരുന്നു. ശേഷം യാതൊന്നും കേട്ടില്ല. നേരിട്ടുള്ള വിദേശ നിക്ഷേപത്തിലെ നിബന്ധനകളാണ് ടെസ്‌ലയുടെ മാര്‍ഗ്ഗ തടസ്സമെന്ന് ഇലോണ്‍ മസ്‌ക് പിന്നീട് കുറ്റപ്പെടുത്തിയിരുന്നു.

എന്നാല്‍ ടെസ്‌ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിന് ഇപ്പോള്‍ സാധ്യതയേറിയിരിക്കുകയാണ്. ടെസ്‌ലയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചൈനയില്‍ മൂന്ന് ദിവസം ചെലവഴിച്ചതിനെക്കുറിച്ച് മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. ഇതിനിടെ ടെസ്‌ലയുടെ ഇന്ത്യന്‍ പ്രവേശനത്തില്‍ വ്യക്തത തേടിയ വ്യക്തിയോടാണ് ഒരുപക്ഷേ താന്‍ അടുത്ത വര്‍ഷം ഇന്ത്യയിലെത്തുമെന്ന് മസ്‌ക് മറുപടി പറഞ്ഞത്. അമിത് പരാഞ്ജ്‌പെ എന്നയാളാണ് ഇലോണ്‍ മസ്‌കില്‍നിന്ന് ഉത്തരം തേടിയത്. ടെസ്‌ലയുടെ രണ്ടാമത്തെ ഫാക്റ്ററി ചൈനയില്‍ സ്ഥാപിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ മസ്‌ക്. പ്രതിവര്‍ഷം അഞ്ച് ലക്ഷം കാറുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ളതായിരിക്കും ചൈനീസ് പ്ലാന്റ്.

2015 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാലിഫോര്‍ണിയ പാലോ ആള്‍ട്ടോയിലെ ടെസ്‌ല ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു

ഇന്ത്യയില്‍ വരാന്‍ ഇഷ്ടമാണെന്ന് ഇലോണ്‍ മസ്‌ക് നേരത്തെ പ്രസ്താവിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്ന ചില കര്‍ശന നിബന്ധനകളാണ് തടസ്സമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ദീപക് അഹൂജ ഇന്ത്യയില്‍നിന്നാണെന്നും ടെസ്‌ല ഇന്ത്യയില്‍ പ്രവേശിക്കണമെന്ന് അദ്ദേഹം വിചാരിക്കുന്നപക്ഷം ഉടനടി ഇന്ത്യയിലെത്തുമെന്നും ഇലോണ്‍ മസ്‌ക് പറയുകയുണ്ടായി. 2015 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാലിഫോര്‍ണിയ പാലോ ആള്‍ട്ടോയിലെ ടെസ്‌ല ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു.

Comments

comments

Categories: Auto