ബിഎംഡബ്ല്യു 3 സീരീസ് ജിടി സ്‌പോര്‍ട് അവതരിപ്പിച്ചു

ബിഎംഡബ്ല്യു 3 സീരീസ് ജിടി സ്‌പോര്‍ട് അവതരിപ്പിച്ചു

ഇന്ത്യ എക്‌സ് ഷോറൂം വില 46.60 ലക്ഷം രൂപ

ന്യൂഡെല്‍ഹി : ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ടുറിസ്‌മോയുടെ ബേസ് വേരിയന്റായ 320ഡി ജിടി സ്‌പോര്‍ട് ഇന്ത്യയില്‍ അവതരിപ്പിച്ചു. 46.60 ലക്ഷം രൂപയാണ് രാജ്യമെങ്ങും എക്‌സ് ഷോറൂം വില. പേര് സൂചിപ്പിക്കുന്നതുപോലെ ഡീസല്‍ എന്‍ജിനാണ് ബിഎംഡബ്ല്യു 320ഡി ജിടി സ്‌പോര്‍ടില്‍ നല്‍കിയിരിക്കുന്നത്. ലക്ഷ്വറി ലൈന്‍ വേരിയന്റിന് കരുത്തേകുന്ന അതേ 2.0 ലിറ്റര്‍ എന്‍ജിന്‍. ലക്ഷ്വറി ലൈന്‍ വേരിയന്റിനേക്കാള്‍ 2.6 ലക്ഷം രൂപയും എം സ്‌പോര്‍ട് എന്ന ടോപ് വേരിയന്റിനേക്കാള്‍ 4.6 ലക്ഷം രൂപയും കുറവാണ് സ്‌പോര്‍ട് വേരിയന്റിന്റെ വില. യഥാക്രമം 49.20 ലക്ഷം രൂപ, 51.20 ലക്ഷം രൂപയാണ് ഈ രണ്ട് വേരിയന്റുകളുടെ ഇന്ത്യ എക്‌സ് ഷോറൂം വില.

ഇന്ത്യയില്‍ നേരത്തെ അവതരിപ്പിച്ച മറ്റ് രണ്ട് വേരിയന്റുകളും പുതിയ ബേസ് വേരിയന്റും കാഴ്ച്ചയില്‍ ഒരേപോലെയാണ്. എന്നാല്‍ സ്‌റ്റൈലിംഗ് പരിഗണിക്കുമ്പോള്‍, എം സ്‌പോര്‍ട് വേരിയന്റിലെ പല സൂചകങ്ങളും കടംകൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് സാറ്റിന്‍ ഫിനിഷ് അലുമിനിയത്തിലാണ് എയര്‍ ഇന്‍ടേക്കുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എം സ്‌പോര്‍ട് ട്രിമ്മില്‍ കാണുന്ന ഒമ്പത് അഴികളുള്ള അതേ ബ്ലാക്ക് ഹൈ-ഗ്ലോസ് കിഡ്‌നി ഗ്രില്‍ ലഭിച്ചിരിക്കുന്നു. മുന്‍ ഡോറിന്റെ ചവിട്ടുപടിയിലെ അലുമിനിയം ഇന്‍സേര്‍ട്ടുകള്‍, മുന്നിലും പിന്നിലും ഹൈ-ഗ്ലോസ് ഡിസൈനുകള്‍, ബ്ലാക്ക് ക്രോമില്‍ തീര്‍ത്ത ടെയ്ല്‍പൈപ്പ്, റെഡ് സ്റ്റിച്ചിംഗ് സഹിതം ലെതര്‍ സ്റ്റിയറിംഗ് വീല്‍ എന്നിവ 320ഡി ജിടി സ്‌പോര്‍ടിന്റെ മാത്രം സ്‌റ്റൈലിംഗ് വിശേഷങ്ങളാണ്.

അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ സ്‌പോര്‍ട് ട്രിമ്മില്‍ നല്‍കിയിട്ടില്ല. 10.5 ഇഞ്ച് അഡാപ്റ്റീവ് ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേയ്ക്കു പകരം സ്റ്റാന്‍ഡേഡ് ഹൈ-റെസലൂഷന്‍ ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. റെഡ് ഹൈലൈറ്റുകള്‍ സഹിതം സെന്‍സാടെക് ബ്ലാക്ക്, സെന്‍സാടെക് വെനെറ്റോ ബേഷ് എന്നിവയാണ് അപ്‌ഹോള്‍സ്റ്ററി ഓപ്ഷനുകള്‍. ആല്‍പൈന്‍ വൈറ്റ്, ബ്ലാക്ക് സഫയര്‍ (മെറ്റാലിക്), ഇംപീരിയല്‍ ബ്ലൂ ബ്രില്യന്റ് ഇഫക്റ്റ് (മെറ്റാലിക്) എന്നിവ എക്‌സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളാണ്. 18 ഇഞ്ച് ട്വിന്‍-ഫൈവ് സ്‌പോക്ക് അലോയ് വീലുകളിലാണ് ബിഎംഡബ്ല്യു 3 സീരീസ് ജിടി സ്‌പോര്‍ട് വരുന്നത്.

ആല്‍പൈന്‍ വൈറ്റ്, ബ്ലാക്ക് സഫയര്‍ (മെറ്റാലിക്), ഇംപീരിയല്‍ ബ്ലൂ ബ്രില്യന്റ് ഇഫക്റ്റ് (മെറ്റാലിക്) എന്നിവയാണ് 320ഡി ജിടി സ്‌പോര്‍ടിന്റെ കളര്‍ ഓപ്ഷനുകള്‍

1995 സിസി, ട്വിന്‍പവര്‍ ടര്‍ബോ, 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ ബിഎംഡബ്ല്യു 320ഡി ജിടി സ്‌പോര്‍ടിന് കരുത്തേകുന്നു. 4,000 ആര്‍പിഎമ്മില്‍ 190 ബിഎച്ച്പി പരമാവധി കരുത്തും 1,750-2,500 ആര്‍പിഎമ്മില്‍ 400 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ എന്‍ജിന് കഴിയും. 8 സ്പീഡ് സ്റ്റെപ്‌ട്രോണിക് സ്‌പോര്‍ട് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പിന്‍ ചക്രങ്ങളിലേക്ക് പവര്‍ കൈമാറും. 0-100 കിലോമീറ്റര്‍/മണിക്കൂര്‍ വേഗം കൈവരിക്കാന്‍ 7.7 സെക്കന്‍ഡ് മതി. കംഫര്‍ട്ട്, ഇക്കോപ്രോ, സ്‌പോര്‍ട്, സ്‌പോര്‍ട് പ്ലസ് എന്നീ നാല് ഡ്രൈവിംഗ് മോഡുകള്‍ സമ്മാനിക്കുന്ന ബിഎംഡബ്ല്യുവിന്റെ ഡ്രൈവിംഗ് എക്‌സ്പീരിയന്‍സ് കണ്‍ട്രോള്‍ സിസ്റ്റം പ്രധാന ഫീച്ചറാണ്.

Comments

comments

Categories: Auto