ആമസോണ്‍ പ്രൈം ഡേ: എക്‌സ്‌ക്ലുസീവ് ഉല്‍പ്പന്നങ്ങളുമായി 18 സ്റ്റാര്‍ട്ടപ്പുകള്‍

ആമസോണ്‍ പ്രൈം ഡേ: എക്‌സ്‌ക്ലുസീവ് ഉല്‍പ്പന്നങ്ങളുമായി 18 സ്റ്റാര്‍ട്ടപ്പുകള്‍

ന്യൂഡെല്‍ഹി: വമ്പന്‍ വിലക്കിഴിവുമായി ജൂലൈ 16 ന് ആമസോണ്‍ പ്രൈം ഡെ ആരംഭിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് നിരവധി ഓഫറുകളാണ് ആമസോണില്‍ കമ്പനികള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. എക്‌സ്‌ക്ലൂസീവ് ഉല്‍പ്പന്നങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നത്. ആമസോണ്‍ ലോഞ്ച് പാഡ് തെരഞ്ഞെടുത്ത 18 സ്റ്റാര്‍ട്ടപ്പുകളുടെ 25 നൂതന ഉല്‍പ്പന്നങ്ങളും ആമസോണ്‍ പ്രൈം ഡേയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. വിവിധ മേഖലകളിലുള്ള ഉല്‍പ്പന്നങ്ങള്‍ പ്രൈം ഡേയില്‍ ലഭ്യമാണ്. ആരോഗ്യ, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ തുടങ്ങി ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങളും കുട്ടികളുടെ കളിപ്പാട്ടങ്ങളും വരെ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കും.

പുതിയ സംരംഭകരുടെ 25 ഒാളം ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍ പ്രൈം ഡേയില്‍ വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുന്നത് ആവേശകരമായ കാര്യമാണെന്ന് ആമസോണ്‍ ലോഞ്ച് പാഡ് മേധാവി അമന്‍ ദീപ് ലോഹന്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിപണിയില്‍ മുന്‍നിരയിലുള്ള തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ആമസോണിലൂടെ പ്രദര്‍ശിപ്പിക്കാനും വില്‍ക്കാനും സഹായിക്കുന്നതിനൊപ്പം ദശലക്ഷകണക്കിന് വരുന്ന ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കുവാനുള്ള സൗകര്യവും ഒരുക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇലക്ടോണിക് ഉപകരണങ്ങള്‍

ഇലക്ട്രോണിക് ഉള്‍പ്പന്നങ്ങളില്‍ താത്പര്യമുള്ളവര്‍ക്ക് ആമസോണ്‍ പ്രൈം ഡേ വില്‍പ്പനയില്‍ നിരവധി ഓഫറുകളാണ് സ്റ്റാര്‍ട്ടപ്പുകള്‍ നല്‍കുന്നത്. ഹെഡ് ഫോണുകളും ഇയര്‍ഫോണുകളും വന്‍ വിലക്കുറവില്‍ ലഭിക്കുന്നതിനൊപ്പം നൂതനമായി സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിച്ചെടുത്ത വയര്‍ലെസ് ഇയര്‍ഫോണുകളും ഹെഡ്‌ഫോണുകളും വിപണിയിലെത്തിക്കും. ലീഫ് വെയറബിള്‍, എല്‍കെയര്‍, ടാഗ്, വണ്‍മോര്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകള്‍ അവരുടെ ഇലക്ടോണിക് ഉല്‍പ്പന്നങ്ങള്‍ പ്രൈം ഡെയില്‍ ആമസോണ്‍ വിപണിയിലെത്തിക്കും. ബ്ലൂടൂത്ത് കണക്ട്‌വിറ്റി, ദീര്‍ഘനേരം ചാര്‍ജ് നില്‍ക്കുന്ന ബാറ്ററി, റിമോട്ട്, മ്യൂസിക് കണ്‍ട്രോള്‍, മൈക്ക് തുടങ്ങിയ സവിശേഷതകളുള്ള ഇയര്‍ഫോണുകളും, ഹെഡ്‌ഫോണുകളുമാണ് സ്റ്റാര്‍ട്ടപ്പുകള്‍ വിപണിയിലെത്തിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.

വാഹനങ്ങളുടെ ഘടകഭാഗങ്ങള്‍

കാറുകളുടെയും മറ്റ് വാഹനങ്ങളുടെയും ഘടകഭാഗങ്ങളും ആമസോണ്‍ പ്രൈം ഡേയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ വിപണിയിലെത്തിക്കുന്നുണ്ട്. കാര്‍ ആക്‌സസറീസ് എന്ന പേരില്‍ ഇറക്കുന്ന ഉല്‍പ്പന്നങ്ങള്‍ കാറുകളില്‍ ഘടിപ്പിക്കാവുന്ന ഉപകരണങ്ങളും മറ്റുമാണ് ഓഫര്‍ ചെയ്യുന്നത്. ഓട്ടോവിസ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി 4ജിയോടു കൂടിയ വൈഫൈ ഹോട്ട് സ്‌പോട്ടാണ് ഉപഭോക്താക്കള്‍ക്കായി വിപണിയിലെത്തിക്കുന്നത്. ഓട്ടോവിസ് ഹോട്ട് സ്‌പോട്ട് എന്ന പേരില്‍ ഇറങ്ങുന്ന ഹോട്ട് സ്‌പോട്ട് കാറിനുള്ളില്‍ വേഗതായര്‍ന്ന ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നു. ജിപിഎസ് സംവിധാനങ്ങള്‍, ഇന്ധനം ലാഭിക്കാനുള്ളതും സുരക്ഷിതമായി വാഹനമോടിക്കാനുള്ളതുമായ സംവിധാനങ്ങള്‍ എന്നിവയും ആമസോണ്‍ പ്രൈം ഡേയില്‍ വാഹനപ്രിയര്‍ക്ക് വാങ്ങിക്കാം.

ആരോഗ്യ രംഗത്തെ ഉല്‍പ്പന്നങ്ങള്‍

ആരോഗ്യ മേഖലയില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ നൂതനമായ ആശയങ്ങളാണ് വികസിപ്പിച്ചിരിക്കുന്നത്. ഏത് തരത്തിലുള്ള ഉപഭോക്താവിനും വാങ്ങിക്കാന്‍ കഴിയുന്ന വിലയാണ് ഉല്‍പ്പന്നങ്ങള്‍ക്ക് ഈടാക്കുന്നത്. ഭൂരിഭാഗം സ്റ്റാര്‍ട്ടപ്പ് കമ്പനികളും ആരോഗ്യ മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നതിനാല്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ ഈ മേഖലയില്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്നുണ്ട്.

ഈസിനെക്ക് പുറത്തിറക്കുന്ന ഉല്‍പ്പന്നമായ തലയിണ കഴുത്ത് വേദന കുറയ്ക്കുകയും പുറംവേദന ഇല്ലാതാക്കുകയും ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. പര്‍വതാരോഹകര്‍ക്ക് ഉണ്ടാകുന്ന പുറം വേദനയ്ക്ക് പരിഹാരമായാണ് ഫെഗോ കമ്പനി ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. മല കയറുന്നവര്‍ക്കായി എയര്‍ സസ്‌പെന്‍ഷന്‍ സീറ്റുകളാണ് ഫെഗോ വികസിപ്പിച്ചിരിക്കുന്നത്. പൊങ്ങിക്കിടക്കുന്ന അറ പോലുള്ളവയാണ് ഇത്. മോജോ ബാര്‍, ഹാപ്പി റേഷ്യോ എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ ഡയറ്റ് സംബന്ധമായ ഉല്‍പ്പന്നങ്ങളാണ് ആമസോണ്‍ വിപണിയില്‍ എത്തിക്കുന്നത്.

പുരുഷന്മാര്‍ക്കുള്ള സൗന്ദര്യ വര്‍ധക വസ്തുക്കള്‍

പുരുഷന്മാര്‍ക്ക് മാത്രമായി ചില സ്റ്റാര്‍ട്ടപ്പുകള്‍ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നുണ്ട്. സോളിഡസ് ലൈഫ് സയന്‍സസ് പുറത്തിറക്കുന്ന ഉല്‍പ്പന്നങ്ങളും ഷേവ് ചെയ്ത് മുഖം മനോഹരമാക്കാനായി സ്പ്രൂസ് ഷേവ് ക്ലബ് പുറത്തിറക്കുന്ന ഉല്‍പ്പന്നങ്ങളും പുരുഷന്മാര്‍ക്ക് മാത്രമായി തെരഞ്ഞെടുത്തിരിക്കുന്നവയാണ്.

വീട് അലങ്കാര ഉല്‍പ്പന്നങ്ങള്‍

ഓണ്‍ലൈനില്‍ മിക്ക ഉപഭോക്താക്കളും തേടുന്നത് വീടുകള്‍ മോടി പിടിപ്പിക്കാനുള്ള ഉല്‍പ്പന്നങ്ങളായിരിക്കും. ലൈറ്റുകള്‍, കര്‍ട്ടന്‍, ചുമര്‍ അലങ്കാര വസ്തുക്കള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളാണ് ആമസോണ്‍ പ്രൈം ഡേയില്‍ ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്. മാന്‍സ സ്റ്റാര്‍ട്ടപ്പ് കമ്പനി വൈഫൈ സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് എല്‍ഇഡി ബള്‍ബ്, സ്മാര്‍ട്ട് ഷൈന്‍ അവതരിപ്പിച്ചിട്ടുണ്ട്. ലോകത്തിന്റെ എവിടെയിരുന്നും ബള്‍ബ് ഓഫാക്കുകയോ ഓണാക്കുകയോ ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത.

90 ശതമാനം വിലക്കിഴിവാണ് ആമസോണ്‍ ഇത്തവണ പ്രൈംഡേയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 16 ന് ഉച്ചയ്ക്ക് 12 മണി മുതല്‍ 18 ഉച്ചയോടെ അവസാനിക്കുന്ന 36 മണിക്കൂര്‍ ഡിസ്‌കൗണ്ട് സെയില്‍ ആണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൈം ഡേയില്‍ പ്രൈം ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുകയുള്ളൂ.

 

 

 

Comments

comments

Tags: Amazon