എച്ച്ആര്‍ കമ്പനികളെ സ്വന്തമാക്കി സമാറയും പങ്കാളികളും

എച്ച്ആര്‍ കമ്പനികളെ സ്വന്തമാക്കി സമാറയും പങ്കാളികളും

മുംബൈ: സ്വകാര്യ ഇക്വിറ്റി സംരംഭങ്ങളായ സമാറ കാപിറ്റലും പങ്കാളികളായ ഗോള്‍ഡ്മാന്‍ സാച്ചസും ജാഗര്‍ പാര്‍ട്‌ണേഴ്‌സും ചേര്‍ന്ന് സ്റ്റാഫിംഗ്, ഹ്യൂമന്‍ റിസോഴ്‌സസ് (എച്ച്ആര്‍) സംരംഭങ്ങളായ ഇന്നോവ്‌സോഴ്‌സിനേയും വി5 ഗ്ലോബല്‍ സര്‍വീസസിനേയും ഏറ്റെടുത്തു. 350 കോടി രൂപയാണ് ഇടപാട് മൂല്യം. സംയുക്ത നിക്ഷേപ പ്ലാറ്റ്‌ഫോമായ ഫസ്റ്റ് മെറിഡിയന്‍ വഴിയാണ് ഈ രണ്ട് കമ്പനികളുടെ ഓഹരികള്‍ ഏറ്റെടുത്തിരിക്കുന്നത്്. എച്ച്ആര്‍ മേഖലയില്‍ ഉടന്‍ തന്നെ മറ്റൊരു ഏറ്റെടുക്കല്‍ കൂടി ഉണ്ടാകുമെന്നും കമ്പനികള്‍ സൂചിപ്പിച്ചു.

എച്ച്ആര്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് വിപുലീകൃത ബിസിനസ് സേവന പ്ലാറ്റ്‌ഫോം സൃഷ്ടിക്കാനുള്ള പരിപാടികളുമായി സമാറ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ‘ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ തൊഴില്‍ ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എച്ച്ആര്‍ മേഖലയിലെ സാങ്കേതിക രംഗത്ത് മധ്യനിര മുതല്‍ അവസാന ഘട്ടം വരെയുള്ള ധാരാളം കമ്പനികളുണ്ട്. ഞങ്ങള്‍ അത്തരം കമ്പനികളേയും നോക്കുന്നുണ്ട്,’ സമാറാ കാപിറ്റലിന്റെ മാനേജിംഗ് ഡയറക്റ്റര്‍ മനീഷ് മേഹ്ത വ്യക്തമാക്കി.

നിക്ഷേപ പ്ലാറ്റ്‌ഫോമായ ഫസ്റ്റ് മെറിഡിയന്‍ വഴിയാണ് രണ്ട് കമ്പനികളുടെ ഓഹരികള്‍ ഏറ്റെടുത്തിരിക്കുന്നത്.

ദേശീയ തലത്തില്‍ സ്റ്റാഫിംഗ് ഇന്‍ഡസ്ട്രിയില്‍ സാന്നിധ്യമറിയിച്ചിരിക്കുന്ന കമ്പനിയാണ് ഫസ്റ്റ് മെറിഡിയന്‍. എച്ച്ആര്‍ ടെക്‌നോളജി, ജീവനക്കാരെ നല്‍കല്‍, മറ്റ് സേവനങ്ങള്‍ക്കുവേണ്ടിയുള്ള റിക്രൂട്ട്‌മെന്റ്, മാനേജ്‌മെന്റ്-സര്‍വീസ് രംഗങ്ങള്‍ തുടങ്ങിയ മേഖലകളിലും ഈ സംയുക്ത കമ്പനി നിക്ഷേപം നടത്തുന്നുണ്ട്. 2016 സാമ്പത്തിക വര്‍ഷത്തില്‍ 870.2 കോടി രൂപയുടെ വിറ്റുവരവാണ് സ്റ്റാഫിംഗ് സംരംഭമായ ഇന്നോവ്‌സോഴ്‌സ് രേഖപ്പെടുത്തിയിരിക്കുന്നത്. മുംബൈ ആസ്ഥാനമായുള്ള ഈ കമ്പനിക്ക് റീട്ടെയ്ല്‍, ഇ-കൊമേഴ്‌സ്, നിര്‍മാണം, ലോജിസ്റ്റിക്‌സ് എന്നീ മേഖലകളിലായി 30 ഓളം നഗരങ്ങളില്‍ ക്ലയ്ന്റുകളുണ്ട്. കൂടാതെ 55,000 ഓളം പങ്കാളികളും കമ്പനിക്കുണ്ട്.

ന്യൂഡെല്‍ഹി ആസ്ഥാനമായുള്ള കമ്പനിയായ വി5 ഗ്ലോബല്‍ സ്ഥാപിക്കപ്പെട്ടത് 2005 ലാണ്. ബിസിനസ് പ്രോസസ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ വി5 ഗ്ലോബല്‍ വ്യവസായ വില്‍പ്പന, വിപണന മേഖലയില്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

Comments

comments

Categories: Business & Economy

Related Articles