വിനോദസഞ്ചാരികള്‍ക്ക് യുഎഇയില്‍ വാറ്റ് റീഫണ്ട്

വിനോദസഞ്ചാരികള്‍ക്ക് യുഎഇയില്‍ വാറ്റ് റീഫണ്ട്

ഒക്‌റ്റോബര്‍ മുതല്‍ നികുതി തിരിച്ച് നല്‍കുന്ന സംവിധാനം നിലവില്‍ വരുമെന്ന് സര്‍ക്കാര്‍

ദുബായ്: യുഎഇയിലെത്തുന്ന വിനോദയാത്രികര്‍ക്ക് സന്തോഷം പകരുന്ന തീരുമാനവുമായി സര്‍ക്കാര്‍. ടൂറിസ്റ്റുകള്‍ക്കായി മൂല്യവര്‍ധിത നികുതി (വാറ്റ്) റീഫണ്ട് സംവിധാനം ഏര്‍പ്പെടുത്തുന്ന നിര്‍ദേശത്തിന് യുഎഇ കാബിനറ്റ് അനുമതി നല്‍കി. ഒക്‌റ്റോബര്‍ മുതല്‍ ഈ സംവിധാനം പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ ടാക്‌സ് റീഫണ്ട് സംവിധാനം യുഎഇയിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായകമാകുമെന്ന് സര്‍ക്കാര്‍ കരുതുന്നു.

നാലാം പാദത്തിലെ തുടക്കം മുതല്‍ ഈ സംവിധാനം നിലവില്‍ വരും. നികുതി തിരിച്ചുപിടിക്കല്‍ സേവനങ്ങളില്‍ വൈദഗ്ധ്യം തെളിയിച്ച ഒരു അന്താരാഷ്ട്ര കമ്പനിയുമായി സഹകരിച്ചായിരിക്കും ഇത് നടപ്പാക്കുക-യുഎഇ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

യുഎഇയിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ഷം തോറും വ്യാപക വര്‍ധനയാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് പുതുതായി ഏര്‍പ്പെടുത്തിയ വാറ്റ് ടൂറിസ്റ്റുകളുടെ ഒഴുക്കിനെ ബാധിക്കുമോയെന്ന ആശങ്ക ഉയര്‍ന്നത്. യുഎഇയിലെത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുന്നത് അന്താരാഷ്ട്ര ഷോപ്പിംഗ് ഡെസ്റ്റിനേഷനെന്ന നിലയിലുള്ള ദുബായ് നഗരത്തിന്റെ പ്രതിച്ഛായയ്ക്കും മങ്ങലേല്‍പ്പിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്താണ് യുഎഇ സര്‍ക്കാരിന്റെ പുതിയ തീരുമാനം.

2017ലെ കണക്കനുസരിച്ച് ജിഡിപിയിലേക്കുള്ള ടൂറിസം രംഗത്തിന്റെ സംഭാവന 11.3 ശതമാനമാണ്. ഏകദേശം 154.1 ബില്ല്യണ്‍ എഇഡി വരും ഇത്. 2020 ആകുമ്പോഴേക്കും പ്രതിവര്‍ഷം 20 ദശലക്ഷം ടൂറിസ്റ്റുകള്‍ ദുബായിലെത്തുന്ന തരത്തില്‍ വിനോദസഞ്ചാര രംഗം വികസിപ്പിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി

യുഎഇയുടെ എയര്‍പോര്‍ട്ടുകളിലൂടെ 2017ല്‍ യാത്ര ചെയ്തത് 123 ദശലക്ഷം പേരാണ്. മാത്രമല്ല ടൂറിസം മേഖല രാജ്യത്തിന്റെ ജിഡിപി(മൊത്തം ആഭ്യന്തര ഉല്‍പ്പാദനം)യിലേക്ക് വലിയ തോതില്‍ സംഭാവന ചെയ്യുന്നുമുണ്ട്. 2017ലെ കണക്കനുസരിച്ച് ജിഡിപിയിലേക്കുള്ള ടൂറിസം രംഗത്തിന്റെ സംഭാവന 11.3 ശതമാനമാണ്. ഏകദേശം 154.1 ബില്ല്യണ്‍ എഇഡി വരും ഇത്.

2020 ആകുമ്പോഴേക്കും പ്രതിവര്‍ഷം 20 ദശലക്ഷം ടൂറിസ്റ്റുകള്‍ ദുബായിലെത്തുന്ന തരത്തില്‍ വിനോദസഞ്ചാര രംഗം വികസിപ്പിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. സുസ്ഥിരമായ ടൂറിസം വികസന പദ്ധതിയാണ് ആലോചിക്കുന്നത്, അപ്പോള്‍ പദ്ധതികളും അതനുസരിച്ചുള്ളതാകണമെന്ന് ഭരണനേതൃത്വം കരുതുന്നു.

1992ലെ സമ്മര്‍ ഒളിംപിക്‌സിന് ശേഷം ബാഴ്‌സിലോണയിലേക്കുള്ള സന്ദര്‍ശകരുടെ ഒഴുക്ക് കുറഞ്ഞത് പോലെ ദുബായ് എക്‌സ്‌പോ 2020ക്ക് ശേഷം ദുബായിലേക്കുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക് കുറയുമോ എന്ന ആശങ്ക ചിലര്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു സാധ്യതയില്ലാതാക്കുക കൂടിയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 20 മില്ല്യണ്‍ ടൂറിസ്റ്റുകള്‍ പ്രതിവര്‍ഷം എത്തുമെന്നത് ദുബായുടെ തനത് സവിശേഷതകള്‍ മാത്രം കണക്കിലെടുത്തായിരിക്കണം എന്ന് ടൂറിസം അധികൃതര്‍ ചിന്തിക്കുന്നു, സുസ്ഥിരമായ വളര്‍ച്ചയാണ് ഇതിലൂടെ പദ്ധതിയിടുന്നതും. അതുകൊണ്ടുതന്നെ ടൂറിസ്റ്റുകളെ പിണക്കുന്ന ഒന്നും വേണ്ടെന്ന ഉറച്ച നിലപാടിലാണ് യുഎഇ.

Comments

comments

Categories: Arabia