പത്രവില്‍പ്പനയില്‍ തുടങ്ങി സംരംഭകത്വത്തിലേക്കുള്ള യാത്ര

പത്രവില്‍പ്പനയില്‍ തുടങ്ങി സംരംഭകത്വത്തിലേക്കുള്ള യാത്ര

തെരുവില്‍ രാഖി വിറ്റും കുട്ടികള്‍ക്ക് ട്യൂഷന്‍ നല്‍കിയും എന്‍ജിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയ യുവാക്കള്‍. സ്ഥിരം ജോലി ഉപേക്ഷിച്ച് സ്റ്റാര്‍ട്ടിപ്പിന് തുടക്കമിട്ട ഈ യുവ സംരംഭകള്‍ വെറും മൂന്നു വര്‍ഷത്തിനുള്ളില്‍ രണ്ടു സ്റ്റാര്‍ട്ടപ്പുകളാണ് പടുത്തുയര്‍ത്തിയത്

സംരംഭക രംഗത്തേക്കുള്ള ഒട്ടുമിക്കരുടേയും വളര്‍ച്ചയ്ക്കു പിന്നില്‍ കഠിന പ്രയത്‌നത്തിന്റെ കഥകളുണ്ടാകും. പ്രശസ്തിയിലേക്കു വഴിമാറും മുമ്പ് അവര്‍ അനുഭവിച്ച യാതനകളുടേയും കഷ്ടപ്പാടിന്റെയും അനുഭവ സാക്ഷ്യങ്ങള്‍. എന്നാല്‍ ഇരുപത്തിയഞ്ചു വയസിനുള്ളില്‍ ഈ കഷ്ടപ്പാടുകള്‍ തരണം ചെയ്ത് സംരംഭക വിജയം കൈവരിച്ചിരിക്കുകയാണ് ഇന്‍ഡോര്‍ സ്വദേശികളായ അക്ഷയ് ചൗഹാന്‍, കപില്‍ കര്‍ദ എന്നീ യുവാക്കള്‍.

വെറും മൂന്നു വര്‍ഷങ്ങളുടെ ഇടവേളകളില്‍ രണ്ടു സംരംഭങ്ങള്‍ക്കാണ് ഈ യുവാക്കള്‍ തുടക്കമിട്ടത്. ഇന്‍ഡോറില്‍ ഐടി, ഇ- കൊമേഴ്‌സ് രംഗത്ത് വിജയകരമായി പ്രവര്‍ത്തിക്കുന്ന രണ്ടു സ്റ്റാര്‍ട്ടപ്പുകളാണ് എന്‍ജിനീയര്‍ മാസ്റ്റര്‍, മഹാകാല്‍ സ്റ്റോര്‍സ് എന്നിവ. കണ്ണടച്ചു തുറന്നപ്പോഴുള്ള വിജയമല്ല ഈ യുവസംരംഭകരുടേത്, ഇടത്തരം കുടുംബത്തില്‍ നിന്നും സ്റ്റാര്‍ട്ടപ്പ് സ്ഥാപകരായി വളര്‍ന്നതിനു പിന്നില്‍ സ്‌കൂള്‍ തലം മുതലുള്ള കഷ്ടപ്പാടിന്റെ കഥകളാണ് ഇവര്‍ക്കു പറയാനുള്ളത്.

ട്യൂഷന്‍ ഫീസ് അടയ്ക്കാന്‍ പത്രവില്‍പ്പന

സൗഹൃദത്തിലൂടെ വളര്‍ന്ന സംരംഭകയാത്രയാണ് അക്ഷയ് ചൗഹാന്റെയും കപില്‍ കര്‍ദയുടേയും വിജയത്തിന്റെ ഹൈലൈറ്റ്. ചെറുപ്പകാലത്ത് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായിരുന്നതിനാല്‍ വീടുകള്‍ തോറും പത്രം വിറ്റ് ട്യൂഷന്‍ ഫീസ് നല്‍കിയിരുന്നു ഇരുവരും. അവരുടെ ആദ്യ സമ്പാദ്യവും ഇതുതന്നെ. 11, 12 ക്ലാസുകളില്‍ പഠിക്കുമ്പോഴായിരുന്നു ഇത്. പിന്നീട് ഇരുവരും എന്‍ജിനീയറിംഗ് കോളെജിലേക്ക് ചേക്കേറി. സ്‌കൂള്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ നല്‍കിയും ഉല്‍സവ സീസണില്‍ തെരുവുകളില്‍ രാഖി വിറ്റും മറ്റുമാണ് അവര്‍ തങ്ങളുടെ പഠനച്ചെലവ് സംഘടിപ്പിച്ചിരുന്നത്. ”എന്‍ജിനീയറിംഗ് പഠനത്തോടൊപ്പം തന്നെ സോഫ്റ്റ്‌വെയര്‍, വെബ് ഡെവലപ്പ്‌മെന്റ് എന്നിവയെ കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതിനായി ഞങ്ങള്‍ ഒരു ഐടി സ്റ്റാര്‍ട്ടപ്പില്‍ ഇന്റേണ്‍ഷിപ്പിനായി ചേര്‍ന്നിരുന്നു. കോളെജ് അധികൃതരുടെ അനുവാദത്തോടെ തന്നെ നാലു വര്‍ഷത്തോളം എല്ലാ ദിവസവും പകുതി ദിവസങ്ങളില്‍ മാത്രമാണ് കോളെജില്‍ പഠിക്കാന്‍ എത്തിയിരുന്നത്,”കപില്‍ പറയുന്നു.

49 രൂപ മുതല്‍ 179 രൂപ വരെ വിലയുള്ള മഹാകാല്‍ സ്റ്റോര്‍സിലെ ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനായാണ് വിറ്റഴിയുന്നത്. പ്രതിമാസം 30 മുതല്‍ 40 ശതമാനം വരെ വളര്‍ച്ചയുള്ള കമ്പനിയുടെ മാസവരുമാനം രണ്ടു മുതല്‍ നാലു ലക്ഷം രൂപയാണ്

ആദ്യ ഐടി സംരംഭം

കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷം ഒരു വര്‍ഷത്തോളം ഐടി സ്റ്റാര്‍ട്ടപ്പുകളില്‍ ജോലി ചെയ്ത ശേഷമാണ് അക്ഷയും കപിലും സ്വന്തമായി ഒരു സംരംഭം പടുത്തുയര്‍ത്താന്‍ ഇറങ്ങിത്തിരിച്ചത്. 2015ല്‍ എന്‍ജിനീയര്‍ മാസ്റ്റര്‍ എന്ന പേരിലുള്ള ആദ്യ ഐടി സംരംഭത്തിന് തിരശീല ഉയര്‍ന്നു. ആപ്പ്, വെബ്‌സൈറ്റ് മാനേജ്‌മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, ഡാറ്റാബേസ് തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന പ്ലാറ്റ്‌ഫോമാണിത്. ”തുടക്കത്തില്‍ ദിവസവും 22 മണിക്കൂര്‍ ജോലി ചെയ്ത്് ഞങ്ങള്‍ സംരംഭം മുന്നോട്ട് കൊണ്ടുപോയി. സ്ഥിരം ജോലി ഉപേക്ഷിച്ച് സ്വന്തം സംരംഭത്തിലേക്ക് ഇറങ്ങിയപ്പോള്‍ കുടുംബം ആശങ്കപ്പെട്ടിരുന്നെങ്കിലും കമ്പനി തുടങ്ങി ആദ്യ മാസത്തില്‍തന്നെ അതു ലാഭകരമാക്കുന്ന പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കഴിഞ്ഞതാണ് നേട്ടമായത്,” കപില്‍ പറയുന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ ആയിരത്തോളം പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കിയ കമ്പനിയില്‍ നിലവില്‍ 45 ജോലിക്കാരുണ്ട്. വിദേശങ്ങളിലെ ഇരുനൂറില്‍പരം സ്റ്റാര്‍ട്ടപ്പുകളുമായി ഇവര്‍ക്ക് പങ്കാളിത്തമുണ്ട്.

ഇ-കൊമേഴ്‌സ് രംഗത്തേക്ക് ചുവടുവെപ്പ്

ആദ്യ സംരംഭം തുടങ്ങി രണ്ടു വര്‍ഷത്തിനുള്ളില്‍ ഇ-കൊമേഴ്‌സ് രംഗത്തേക്കും ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ഇരുവരും തീരുമാനിച്ചു. ബാങ്കില്‍ നിന്നും വായ്പയെടുത്ത് മൊബീല്‍ കവര്‍, കീ ചെയ്ന്‍, ടീ ഷര്‍ട്ട് എന്നിവ വില്‍ക്കുന്ന മഹാകാല്‍ സ്റ്റോര്‍സിന് അതോടെ തുടക്കമായി. 49 രൂപ മുതല്‍ 179 രൂപ വരെ വിലയുള്ള മഹാകാല്‍ സ്റ്റോര്‍സിലെ ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനായാണ് വിറ്റഴിയുന്നത്. ഗ്രാമീണ പ്രദേശങ്ങളില്‍ നിന്നാണ് കമ്പനിക്ക് കൂടുതലും ഓര്‍ഡറുകള്‍ ലഭിക്കുന്നതെന്നും കപില്‍ ചൂണ്ടിക്കാണിക്കുന്നു. പ്രതിമാസം 30 മുതല്‍ 40 ശതമാനം വരെ വളര്‍ച്ചയുള്ള കമ്പനിയുടെ മാസവരുമാനം രണ്ടു മുതല്‍ നാലു ലക്ഷം രൂപയാണ്. ഓരോ ദിവസവും ആയിരം ഓര്‍ഡറുകള്‍ ലക്ഷ്യമിടുന്ന കമ്പനി ഉടന്‍തന്നെ ഷൂ, വാച്ച്, പെര്‍ഫ്യൂം എന്നിവ കൂടി ഉള്‍പ്പെടുത്തി ബിസിനസ് വിപുലമാക്കാനാണ് പദ്ധതിയിടുന്നത്. പുറമെയുള്ള കമ്പനികളില്‍ നിന്നും നിക്ഷേപം സ്വീകരിക്കാതെ സ്വന്തം നിക്ഷേപത്തില്‍ മാത്രം കമ്പനികള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് ഇരു സംരംഭകരുടേയും ആലോചന.

Comments

comments