കയറ്റുമതിക്കുള്ള മരുന്നുല്‍പ്പാദനം മൂന്നിരട്ടി വര്‍ധിച്ചെന്ന് യുഎസ്പി

കയറ്റുമതിക്കുള്ള മരുന്നുല്‍പ്പാദനം മൂന്നിരട്ടി വര്‍ധിച്ചെന്ന് യുഎസ്പി

അമേരിക്കയില്‍ ഉപയോഗിക്കുന്ന 45 ശതമാനം അവശ്യ മരുന്നുകളും യുകെയില്‍ വിതരണം ചെയ്യുന്ന 25 ശതമാനം മരുന്നുകളും ഇന്ത്യയില്‍ നിര്‍മിക്കുന്നവ

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഫാര്‍മ രംഗത്ത് മൂന്ന് പതിറ്റാണ്ട് മുന്‍പ് ആരംഭിച്ച കയറ്റുമതിക്കുള്ള മരുന്ന് ഉല്‍പ്പാദനം മൂന്നിരട്ടി വര്‍ധിച്ചതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫാര്‍മകോപിയ (യുഎസ്പി). ലോകമെങ്ങും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മരുന്നുകളുടെ നിലവാരം അടയാളപ്പെടുന്നുന്ന സ്വതന്ത്ര ഏജന്‍സിയാണ് യുഎസ്പി. ആഗോള തലത്തില്‍ ഉപയോഗിക്കപ്പെടുന്ന 50 മുതല്‍ 60 ശതമാനം വരെ വാക്‌സിനുകളും അമേരിക്കയില്‍ ഉപയോഗിക്കുന്ന 45 ശതമാനം അവശ്യ മരുന്നുകളും യുകെയില്‍ വിതരണം ചെയ്യുന്ന 25 ശതമാനം മരുന്നുകളും ഇന്ത്യയില്‍ നിര്‍മിക്കുന്നവയാണെന്നും യുഎസ്പി സീനിയര്‍ വൈസ് പ്രസിഡന്റ് സലാഹ് ഡി കിവ്‌ലിംഗ് വ്യക്തമാക്കി.

‘രാസവസ്തു, രാസവള മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ മരുന്നുല്‍പ്പാദക വിപണിയാണ് ഇന്ത്യ. ഏതാണ്ട് 20,000 മരുന്ന് ഉല്‍പ്പാദകര്‍ ഇവിടെയുണ്ട്. ഭൂരിഭാഗം മരുന്നുകളും പ്രാദേശിക ഉപയോഗത്തിനുവേണ്ടി ഉല്‍പ്പാദിപ്പിക്കുന്നതാണെങ്കിലും 1985 മുതലുള്ള കയറ്റുമതി വിഹിതം മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്,’ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സലാഹ് ഇക്കാര്യം വ്യക്തമാക്കിയത്.

ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ മരുന്നുല്‍പ്പാദക വിപണിയാണ് ഇന്ത്യ. ഏതാണ്ട് 20,000 മരുന്ന് ഉല്‍പ്പാദകര്‍ ഇവിടെയുണ്ട്.

അതിവേഗം വികസിക്കുന്ന ഇന്ത്യയിലെ മരുന്ന് വ്യവസായത്തിന് ഉന്നത വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെയും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് തൊഴില്‍ ശക്തി ലഭ്യമാക്കുന്നതിന് നാഷണല്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് മിഷന്‍ എന്ന പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയതെന്നും അദ്ദേഹം നിരീക്ഷിച്ചു. വിപണിയില്‍ ശക്തമായ കിടമല്‍സരം നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യയിലെ പുതിയ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൊഫഷണലുകള്‍ക്ക് ഗുണമേന്മ ഉറപ്പുവരുത്തുന്ന മികച്ച സാങ്കേതിക വിദ്യകളെ കുറിച്ചും അന്താരാഷ്ട്ര നിയമങ്ങളിലും നല്ല അറിവ് ആവശ്യമാണ്. ഗുണന്മ ഉറപ്പു വരുത്തുകയെന്നതാണ് ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഉല്‍പ്പന്നങ്ങളുടെ മുന്നിലെ പ്രധാന വെല്ലുവിളി. അന്താരാഷ്ട്ര നിലവാരമുള്ള മരുന്നുകള്‍ നിര്‍മിക്കുന്നതിനുള്ള ഇന്ത്യയുടെ കഴിവ് ഇതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും സലാഹ് വ്യക്തമാക്കി.

ഉല്‍പ്പാന രംഗത്ത് 5,000 ഓളം ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ പിന്തുടരുന്ന മാനദണ്ഡങ്ങള്‍ തയ്യാറാക്കിയ യുഎസ്പി, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സംഘടനയാണ്. 2005 ലാണ് യുഎസ്പി ഇന്ത്യയില്‍ ഓഫീസ് ആരംഭിക്കുന്നത്. ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന യുഎസ്പി എജ്യുക്കേഷന്‍ എന്ന സ്ഥാപനം വിഷയത്തില്‍ സമഗ്രമായ പഠനം നടത്തുന്നുണ്ട്. ഇന്ത്യന്‍ ഫാര്‍മകോപിയ കമ്മീഷനുമായി സഹകരിച്ചാണ് യുഎസ്പി രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ ആദ്യത്തെ പരിശീലന കേന്ദ്രം സ്ഥാപിക്കാന്‍ ഒരു മില്യണ്‍ ഡോളര്‍ ചെലവാക്കാനാണ് സ്ഥാപനത്തിന്റെ പദ്ധതി. ഹൈദരാബാദിലെ ജിപിആര്‍ കോളെജ് ഓഫ് ഫാര്‍മസിയില്‍ ഉന്നത നിലവാരമുള്ള ലബോറട്ടറിയും ക്ലാസ് മുറികളും നിര്‍മിക്കും. രാജ്യത്തെ മറ്റ് നഗരങ്ങളിലും സമാനമായ സംരംഭങ്ങള്‍ ആരംഭിക്കുമെന്നും യുഎസ്പി വ്യക്തമാക്കി.

Comments

comments

Categories: Business & Economy