ജെറ്റ് ഇന്ധനത്തിനും പ്രകൃതിവാതകത്തിനും ജിഎസ്ടി ഏര്‍പ്പെടുത്തുന്നു

ജെറ്റ് ഇന്ധനത്തിനും പ്രകൃതിവാതകത്തിനും ജിഎസ്ടി ഏര്‍പ്പെടുത്തുന്നു

ന്യൂഡെല്‍ഹി: ജെറ്റ് ഇന്ധനവും പ്രകൃതിവാതകവും ചരക്ക് സേവന നികുതിയില്‍ (ജിഎസ്ടി) ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. നിലവിലുള്ള കരത്തിനും നികുതിക്കും പകരമായിരിക്കും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അടുത്തയാഴ്ച മുതല്‍ ജിഎസ്ടി ഏര്‍പ്പെടുത്തുന്നത് പ്രാബല്യത്തില്‍ വരും. നിലവില്‍ കേന്ദ്ര എക്‌സൈസ് തീരുവയും, വാറ്റുമാണ് ഇവയ്ക്ക് ഏര്‍പ്പെടുത്തുന്നത്.

ജൂലൈ 21 ന് ചേരുന്ന നികുതി പാനല്‍ വിമാന ഇന്ധനത്തിന് 28 ശതമാനം നികുതി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. വിമാന ഇന്ധനത്തിന് ജിഎസ്ടി പ്രാബല്യത്തില്‍ വന്നാല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തുന്നതിന്റെ ആദ്യ പടിയായിരിക്കും ഇത്.

ഏഷ്യയില്‍ വിമാന ഇന്ധനത്തിന് ഏറ്റവും കൂടുതല്‍ വില ഈടാക്കുന്നത് ഇന്ത്യയാണ്. രാജ്യത്തെ സംസ്ഥാനങ്ങള്‍ ഇന്ധനത്തിന് 30 ശതമാനം വില്‍പ്പന നികുതിയും 14 ശതമാനം എക്‌സൈസ് തീരുവയും ചുമത്തുന്നുണ്ട്. ഇത് വിമാനക്കമ്പനികളുടെ ലാഭത്തിന് മോശമായി ബാധിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും കൂടുതല്‍ തിരക്കേറിയ വിമാനത്താവളമായ ഡെല്‍ഹിയില്‍ 39 ശതമാനമാണ് ഇന്ധന നികുതി. അതേസമയം, സിംഗപ്പൂരില്‍ ഏഴ് ശതമാനമാണ് മൂല്യ വര്‍ധിത നികുതി.

സര്‍ക്കാരിന്റെ വരുമാനം കുറയ്ക്കുന്നതിന് ഏതെങ്കിലും തരത്തില്‍ ഇത് ബാധിക്കുമോയെന്നത് സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന ധനകാര്യ മന്ത്രിമാര്‍ ചര്‍ച്ച ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. വിമാന ഇന്ധനത്തിന് ജിഎസ്ടി ഏര്‍പ്പെടുത്തുന്നത് വിമാനക്കമ്പനികള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കിയെടുക്കാന്‍ കഴിയുമോയെന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്യും.

അതേസമയം, പ്രകൃതി വാതകത്തിന് ജിഎസ്ടി ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും നിരക്ക് എത്രയാണെന്ന് സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കല്‍ക്കരിക്ക് ഈടാക്കുന്നതുപോലെ പ്രകൃതി വാതകത്തിനും അഞ്ച് ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയാല്‍ വാഹന ഇന്ധനമായ സിഎന്‍ജിയുടെയും പൈപ്പിലൂടെ ലഭിക്കുന്ന പാചകവാതകത്തിന്റെയും വിലയില്‍ കുറവു വരുത്താന്‍ സംസ്ഥാന സര്‍ക്കാരുകളെ സഹായിക്കുമെന്നാണ് കരുതുന്നത്.

 

Comments

comments