സാമ്പത്തിക ശാക്തീകരണം തിന്മകള്‍ക്കെതിരെ പോരാടാന്‍ സ്ത്രീകള്‍ക്ക് കരുത്ത് നല്‍കും: മോദി

സാമ്പത്തിക ശാക്തീകരണം തിന്മകള്‍ക്കെതിരെ പോരാടാന്‍ സ്ത്രീകള്‍ക്ക് കരുത്ത് നല്‍കും: മോദി

ന്യൂഡെല്‍ഹി: സ്ത്രീകള്‍ സാമ്പത്തികമായി ശക്തിപ്പെട്ടാല്‍ സാമൂഹത്തിലെ തിന്മകള്‍ക്കെതിരെ പോരാടാന്‍ അവരെ കരുത്തുറ്റവരാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമണങ്ങള്‍ അടക്കം നിരവധി സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ സ്ത്രീകള്‍ക്ക് സാമ്പത്തിക ശാക്തീകരണം ഉറപ്പാക്കിയാല്‍ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തുടനീളമുള്ള ഒരു കോടിയിലധികം വരുന്ന സ്ത്രീകളുടെ സ്വയം സഹായക സംഘങ്ങളുമായി നരേന്ദ്രമോദി മൊബൈല്‍ ആപ്പിലൂടെ സംവദിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തികമായി സ്ത്രീകള്‍ സ്വതന്ത്രയായാല്‍ മാത്രമേ സ്ത്രീ ശാക്തീകരണമുണ്ടാവുകയുള്ളൂ. സ്ത്രീകള്‍ സംരംഭകരാണ്. നല്ലൊരു സംരംഭത്തിന് നേതൃത്വംനല്‍കാനോ ആരംഭിക്കാനോ സ്ത്രീകളെ പഠിപ്പിക്കേണ്ടതോ പരിശീലിപ്പിക്കേണ്ടതോ ഇല്ല. അവര്‍ക്ക് അവസരങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗ്രാമീണ മേഖലയിലെ സ്ത്രീ ശാക്തീകരണത്തിന് അദ്ദേഹം ഊന്നല്‍ നല്‍കി. രാജ്യത്തെ സ്ത്രീകള്‍ക്ക് കഴിവും തൊവില്‍ നൈപുണ്യവും ആവോളമുണ്ട്. അവരുടെ കഴിവ് തൊഴില്‍ മേഖലയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയണം. സ്ത്രീകളെ കഴിവുകള്‍ തിരിച്ചറിഞ്ഞ് സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയില്‍ അവസരങ്ങള്‍ നല്‍കിയാല്‍ രാജ്യത്തിനും മികച്ച വളര്‍ച്ചയുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്രാമീണ മേഖലയിലെ സ്ത്രീ സ്വയം സഹായ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 2014 ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം രാജ്യത്ത് ഇതുവരെ 20 ലക്ഷത്തോളം സ്വയം സഹായക സംഘങ്ങളെ പ്രാധാന്യമനുസരിച്ച് രൂപപ്പെടുത്തിയെടുക്കാന്‍ സാധിച്ചു. മാത്രവുമല്ല ഇതുവഴി 2.25 കോടി കുംടുംബങ്ങള്‍ക്ക് ജിവിക്കാനുള്ള വരുമാനവും ഇതില്‍ നിന്നും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങള്‍ ഗ്രാമീണ മേഖലയില്‍ സാമ്പത്തിക പുരോഗതിയുടെ അടിത്തറ പാകുന്നവയാണ്. സമൂഹത്തിനെ ഒന്നാകെ മാറ്റിയെടുക്കാനുള്ള ശക്തി സ്ത്രീകള്‍ക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments

comments

Categories: FK News, Slider, Top Stories, Women