200 ബില്യണ്‍ ഡോളറിന്റെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുകൂടി യുഎസ് തീരുവ പ്രഖ്യാപിച്ചു

200 ബില്യണ്‍ ഡോളറിന്റെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുകൂടി യുഎസ് തീരുവ പ്രഖ്യാപിച്ചു

ഉല്‍പ്പന്നങ്ങളുടെ പട്ടിക തയാറാക്കുന്നതിന് ഓഗസ്റ്റ് അവസാനം യുഎസ് വാണിജ്യ വകുപ്പ് യോഗം ചേരും

വാഷിംഗ്ടണ്‍: യുഎസ്-ചൈന വ്യാപാര യുദ്ധം കൂടുതല്‍ ശക്തിപ്രാപിക്കുന്നു. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 200 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ക്കുകൂടി തീരുവ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതായി യുഎസ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ മുതല്‍ ഈ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ പത്ത് ശതമാനം തീരുവ ഏര്‍പ്പെടുത്താനാണ് യുഎസിന്റെ നീക്കം.

34 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്തികൊണ്ടുള്ള യുഎസ് നടപടിക്കെതിരെ ചൈന പ്രതിരോധ നടപടി സ്വീകരിച്ചതിനുപുറകെയാണ് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്താന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയാറെടുക്കുന്നത്. ഈ തീരുമാനവുമായി ട്രംപ് മുന്നോട്ടുപോകുകയാണെങ്കില്‍ മത്സ്യം മുതല്‍ രാസപദാര്‍ത്ഥങ്ങള്‍ വരെയുള്ള ആയിരകണക്കിന് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ തീരുവ ബാധകമാകും. കഴിഞ്ഞയാഴ്ചയാണ് ചൈനയ്‌ക്കെതിരെയുള്ള വ്യാപാര യുദ്ധത്തിന് ഔദ്യോഗിക തുടക്കം കുറിക്കുന്നതായി യുഎസ് പ്രഖ്യാപിച്ചത്. സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര യുദ്ധമാണിതെന്നായിരുന്നു ചൈനയുടെ ആരോപണം.

50 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്തുന്നതിനെ ന്യായീകരിക്കുന്നതിനായി യുഎസ് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്ന് യുഎസ് വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈതൈസര്‍ പറഞ്ഞു. ബൗദ്ധിക സ്വത്തവകാശ ലംഘനം ഉള്‍പ്പെടെയുള്ള ചൈനയുടെ അന്യായ നടപടികള്‍ കാരണം യുഎസ് സമ്പദ്‌വ്യവസ്ഥയിലുണ്ടാകുന്ന നഷ്ടം നികത്തുന്നതിനായാണ് യുഎസ് ഇത്തരം നടപടികളിലേക്ക് കടക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്‍, ഇത്തരം ആരോപണങ്ങളെ ചൈന നിഷേധിച്ചിട്ടുണ്ട്.
തീരുവ ഏര്‍പ്പെടുത്തുന്ന ഉല്‍പ്പന്നങ്ങളുടെ പട്ടിക തയാറാക്കുന്നതിന് ഓഗസ്റ്റ് അവസാനം യുഎസ് വാണിജ്യ വകുപ്പ് യോഗം ചേരും. ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് രണ്ട് മാസമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മൊത്തം ഉല്‍പ്പന്നങ്ങളില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ പങ്ക് 40 ശതമാനമായി ചുരുക്കാനാണ് യുഎസ് ലക്ഷ്യമിടുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി നല്ല സൗഹൃദത്തിലാണെന്ന് ട്രംപ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ആഗോള വ്യാപാരത്തെ തന്നെ ദുര്‍ബലപ്പെടുത്തുന്ന തരത്തില്‍ വ്യാപാര യുദ്ധം ശക്തിപ്രാപിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്.

Comments

comments

Categories: More