ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ തിരിച്ചുവിളിച്ചു

ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ തിരിച്ചുവിളിച്ചു

ഫ്യൂവല്‍ ഹോസ് റൂട്ടിംഗ് സംബന്ധിച്ച തകരാറ്

ന്യൂഡെല്‍ഹി : ഇന്നോവ ക്രിസ്റ്റ മള്‍ട്ടി പര്‍പ്പസ് വാഹനവും ഫോര്‍ച്യൂണര്‍ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനവും ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം) തിരിച്ചുവിളിച്ചു. ഫ്യൂവല്‍ ഹോസ് റൂട്ടിംഗ് സംബന്ധിച്ച തകരാറാണ് വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതിന് കാരണം. 2016 ജൂലൈ 21 നും 2018 മാര്‍ച്ച് 22 നുമിടയില്‍ നിര്‍മ്മിച്ച ഇന്നോവ ക്രിസ്റ്റയുടെയും ഫോര്‍ച്യൂണറിന്റെയും പെട്രോള്‍ വേരിയന്റുകളാണ് പരിശോധിക്കുന്നത്. ആവശ്യമെങ്കില്‍ കേടുപാട് തീര്‍ത്തുനല്‍കുമെന്ന് ടികെഎം അറിയിച്ചു.

വാഹന ഉടമകളെ ടൊയോട്ട ഡീലര്‍മാര്‍ ബന്ധപ്പെടും. തിരിച്ചുവിളിച്ചവയില്‍ തങ്ങളുടെ വാഹനം ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഉപയോക്താക്കള്‍ക്ക് ഡീലര്‍മാരെ സമീപിച്ച് അന്വേഷിക്കാം. റിപ്പയര്‍ ആവശ്യമായി വരുന്നപക്ഷം സൗജന്യമായി ചെയ്തുനല്‍കുമെന്ന് ടൊയോട്ട അറിയിച്ചു. എത്ര വാഹനങ്ങളാണ് തിരിച്ചുവിളിച്ചിരിക്കുന്നതെന്ന് കമ്പനി വെളിപ്പെടുത്തിയില്ല.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഇതാദ്യമായല്ല തിരിച്ചുവിളിക്കുന്നത്. 2016 ഏപ്രില്‍ മാസത്തിനും 2018 ജനുവരിക്കുമിടയില്‍ നിര്‍മ്മിച്ച ഇന്നോവ ക്രിസ്റ്റ മോഡലുകള്‍ ഈ വര്‍ഷം മെയ് മാസത്തില്‍ തിരിച്ചുവിളിച്ചിരുന്നു. 2016 ഒക്‌റ്റോബറിനും 2017 നവംബറിനുമിടയില്‍ നിര്‍മ്മിച്ച ടൊയോട്ട ഫോര്‍ച്യൂണറും അന്ന് തിരിച്ചുവിളിച്ചു. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളുടെ എസ്‌യുവിയിലെയും എംപിവിയിലെയും വയറിംഗ് സംബന്ധിച്ച തകരാറായിരുന്നു കാരണം.

2016 ജൂലൈ 21 നും 2018 മാര്‍ച്ച് 22 നുമിടയില്‍ നിര്‍മ്മിച്ച ഇന്നോവ ക്രിസ്റ്റയുടെയും ഫോര്‍ച്യൂണറിന്റെയും പെട്രോള്‍ വേരിയന്റുകളാണ് തിരിച്ചുവിളിച്ച് പരിശോധിക്കുന്നത്

ഇന്നോവ ക്രിസ്റ്റയും ടൊയോട്ട ഫോര്‍ച്യൂണറും സെഗ്‌മെന്റ് ലീഡര്‍മാരാണ്. അതാത് സെഗ്‌മെന്റുകളില്‍ വമ്പിച്ച വില്‍പ്പന ആസ്വദിക്കുന്നു. 13.52 ലക്ഷം മുതല്‍ 22.15 ലക്ഷം രൂപ (ഡീസല്‍ ഓട്ടോമാറ്റിക് എന്ന ടോപ് വേരിയന്റ്) വരെയാണ് ഇന്നോവ ക്രിസ്റ്റയുടെ ഡെല്‍ഹി എക്‌സ് ഷോറൂം വില. ടൊയോട്ട ഫോര്‍ച്യൂണറിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില 26.69 ലക്ഷം മുതല്‍ 32.48 ലക്ഷം രൂപ വരെ.

Comments

comments

Categories: Auto