ടിസിഎസിന്റെ വരുമാനം 4.1% വര്‍ധിച്ചു

ടിസിഎസിന്റെ വരുമാനം 4.1% വര്‍ധിച്ചു

അറ്റാദായത്തില്‍ മാര്‍ച്ച് പാദത്തെ അപേക്ഷിച്ച് 1.1 ശതമാനം വര്‍ധന

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലെ (ഏപ്രില്‍-ജൂണ്‍) പ്രകടന ഫലം ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) പുറത്തുവിട്ടു. ജനുവരി-മാര്‍ച്ച് പാദത്തെ അപേക്ഷിച്ച് ജൂണ്‍ പാദത്തില്‍ കറന്‍സി സ്ഥിര മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ടിസിഎസിന്റെ വരുമാനം 4.1 ശതമാനം ഉയര്‍ച്ചയാണ് പ്രകടമാക്കിയിട്ടുള്ളത്. 5.05 ബില്യണ്‍ ഡോളറിന്റെ വരുമാനമാണ് ഇക്കാലയളവില്‍ കമ്പനി നേടിയത്. വാര്‍ഷികാടിസ്ഥാനത്തില്‍ കമ്പനിയുടെ വരുമാനം 9.3 ശതമാനം വര്‍ധിച്ചു.

നാല് വര്‍ഷത്തിനിടയിലെ ഏറ്റവും വേഗത്തിലുള്ള വളര്‍ച്ചയാണ് മുന്‍പാദവുമായുള്ള താരതമ്യത്തില്‍ ടിസിഎസ് രേഖപ്പെടുത്താനായിട്ടുള്ളതെന്നും ടിസിഎസ് റിപ്പോര്‍ട്ട് ചെയ്തു. 2014-2015 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലാണ് കറന്‍സി സ്ഥിര മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനിയുടെ വരുമാനത്തില്‍ ഇതിനു മുകളിലുള്ള 4.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയത്.

കറന്‍സി മൂല്യത്തിലുണ്ടായ ചാഞ്ചാട്ടങ്ങള്‍ ജൂണ്‍ പാദത്തിലെ കമ്പനിയുടെ വളര്‍ച്ചയില്‍ ചെറിയ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. അറ്റാദായത്തില്‍ മാര്‍ച്ച് പാദത്തെ അപേക്ഷിച്ച് 1.1 ശതമാനം വര്‍ധനയാണ് കഴിഞ്ഞ പാദത്തില്‍ നേടിയിട്ടുള്ളത്. മാര്‍ച്ച് പാദത്തിലെ 1.07 ബില്യണ്‍ ഡോളറില്‍ നിന്നും അറ്റാദായം 1.08 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. അതേസമയം, കമ്പനിയുടെ പ്രവര്‍ത്തന ലാഭം 40 ബേസിസ് പോയ്ന്റ് കുറഞ്ഞ് 25 ശതമാനമായി.

ജൂണ്‍ പാദത്തിലെ വരുമാനത്തില്‍ 51 ശതമാനം സംഭാവന ചെയ്യുന്നത് ടിസിഎസിന്റെ യുഎസ് ബിസിനസാണ്. 2.57 ബില്യണ്‍ ഡോളറിന്റെ വരുമാനമാണ് യുഎസ് ബിസിനസില്‍ നിന്നും ഇക്കാലയളവില്‍ ടിസിഎസ് നേടിയത്. വരുമാനത്തില്‍ 31 ശതമാനം പങ്കുവഹിച്ചിട്ടുള്ളത് ധനകാര്യ സേവനങ്ങളാണ്. ഡിജിറ്റല്‍ വിഭാഗത്തില്‍ നിന്നുള്ള വരുമാനത്തിന്റെ പങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലെ 25 ശതമാനത്തില്‍ നിന്നും നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 45 ശതമാനമായി ഉയര്‍ന്നു. നൈപുണ്യ വികസനത്തിലും സാങ്കേതികവിദ്യയിലും ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടുള്ള കമ്പനിയുടെ ബിസിനസ് സ്ട്രാറ്റജി ഫലം കണ്ടുതുടങ്ങിയതിന്റെ സൂചനയാണിത്.

ക്രെഡിറ്റ് സ്യൂസിയുടെയും മറ്റ് ഏജന്‍സികളുടെയും പ്രവചനങ്ങളെ മറികടക്കുന്ന പ്രകടനമാണ് കഴിഞ്ഞ പാദത്തില്‍ ടിസിഎസിന് രേഖപ്പെടുത്താനായത്. രണ്ട് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ടിസിഎസ് വ്യവസായ സംഘടനയായ നാസ്‌കോമിന്റെ വളര്‍ച്ചാ നിഗമനങ്ങളെ മറികടക്കുന്നത്. വാര്‍ഷികാടിസ്ഥാനത്തില്‍ കമ്പനിയുടെ വരുമാനത്തില്‍ 7-9 ശതമാനം വര്‍ധനയാണ് നാസ്‌കോം പ്രതീക്ഷിച്ചിരുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 19.09 ബില്യണ്‍ ഡോളറിന്റെ വരുമാനമാണ് ടിസിഎസ് നേടിയത്. 8.6 ശതമാനം വര്‍ധനയാണ് 2017-18ല്‍ കമ്പനിയുടെ വരുമാനത്തിലുണ്ടായത്. നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ വരുമാനത്തില്‍ ഇരട്ടയക്ക വര്‍ധന നേടാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Business & Economy