ടാറ്റ മോട്ടോഴ്‌സ് ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തും

ടാറ്റ മോട്ടോഴ്‌സ് ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തും

പന്ത്രണ്ട് പുതിയ മോഡലുകള്‍ പുറത്തിറക്കും

ന്യൂഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ പാസഞ്ചര്‍ വാഹന ബിസിനസ്സില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തും. പന്ത്രണ്ട് പുതിയ കാറുകള്‍ വിപണിയിലെത്തിക്കുമെന്നും ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഇവയില്‍ ആദ്യ കാറായ എച്ച്5എക്‌സ് എസ്‌യുവി അടുത്ത വര്‍ഷം അവതരിപ്പിക്കും.

പുതിയ വാഹനങ്ങള്‍ പുറത്തിറക്കുന്നതിനായിരിക്കും പുതിയ നിക്ഷേപത്തിലെ സിംഹഭാഗവും ഉപയോഗിക്കുന്നത്. പുണെയ്ക്കു സമീപം ചാകണ്‍ പ്ലാന്റില്‍ പുതിയ മാനുഫാക്ച്ചറിംഗ് ലൈന്‍ സ്ഥാപിക്കും. ടാറ്റയുടെ പുതിയ ഒമേഗ പ്ലാറ്റ്‌ഫോമില്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന് പ്ലാന്റ് വിപുലീകരിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ പ്ലാറ്റ്‌ഫോമില്‍ ഏറ്റവും കുറഞ്ഞത് പന്ത്രണ്ട് പുതിയ മോഡലുകള്‍ പുറത്തിറക്കും. ഇവയില്‍ ഇലക്ട്രിക് വാഹനങ്ങളും ആന്തരിക ദഹന എന്‍ജിന്‍ (ഐസിഇ) വാഹനങ്ങളും ഉള്‍പ്പെടും.

ടാറ്റ മോട്ടോഴ്‌സിന്റെ ചാകണ്‍ പ്ലാന്റില്‍ ആദ്യ പുതിയ മാനുഫാക്ച്ചറിംഗ് ലൈന്‍ സ്ഥാപിച്ചുകഴിഞ്ഞു. ക്യു5 വാഹനങ്ങള്‍ക്ക് അടിത്തറയൊരുക്കുന്നതിന് ഒമേഗ പ്ലാറ്റ്‌ഫോം ഇവിടെ നിര്‍മ്മിക്കും. ലാന്‍ഡ് റോവര്‍ ഡിസ്‌കവറി പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന എച്ച്5എക്‌സ് എസ്‌യുവി ടാറ്റ മോട്ടോഴ്‌സിന്റെ ക്യു5 വാഹനങ്ങളില്‍ ഉള്‍പ്പെടും. അടുത്ത വര്‍ഷമാദ്യം 5 സീറ്റ് ലേഔട്ടില്‍ എച്ച്5എക്‌സ് എസ്‌യുവി പുറത്തിറക്കും. 7 സീറ്റര്‍ എച്ച്5എക്‌സ് പിന്നാലെ വരും. ആല്‍ഫ അഥവാ എക്‌സ്4 ആര്‍ക്കിടെക്ച്ചറാണ് ടാറ്റ മോട്ടോഴ്‌സിന്റെ മറ്റൊരു പുതിയ പ്ലാറ്റ്‌ഫോം. ഈ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കുന്ന 45എക്‌സ് ഹാച്ച്ബാക്ക് 2019 ഉത്സവ സീസണ്‍ ആരംഭിക്കുന്നതിനുമുമ്പ് വിപണിയിലെത്തിക്കും. ഈ വര്‍ഷത്തെ ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ 45എക്‌സ്, എച്ച്5എക്‌സ് വാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

പുതിയ വാഹനങ്ങള്‍ പുറത്തിറക്കുന്നതിന് പുതിയ നിക്ഷേപത്തിലെ സിംഹഭാഗവും ഉപയോഗിക്കും

ടാറ്റ മോട്ടോഴ്‌സിന്റെ ടേണ്‍എറൗണ്ട് 2.0 പദ്ധതിയുടെ ഭാഗമായാണ് പുതിയ നിക്ഷേപവും പുതിയ മോഡലുകളും വരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ 15-20 ശതമാനം വളര്‍ച്ച നേടിയ പാസഞ്ചര്‍ വാഹന സെഗ്‌മെന്റിലാണ് ടാറ്റ മോട്ടോഴ്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പാസഞ്ചര്‍ വാഹന വിപണിയിലെ എല്ലാ സെഗ്‌മെന്റുകളിലും സാന്നിധ്യം ശക്തമാക്കുകയാണ് ലക്ഷ്യം. നിലവിലെ ആറ് ശതമാനത്തില്‍നിന്ന് വരുംവര്‍ഷങ്ങളില്‍ പത്ത് ശതമാനം വിപണി വിഹിതം നേടാനാണ് ടാറ്റ മോട്ടോഴ്‌സ് ശ്രമിക്കുന്നത്.

Comments

comments

Categories: Auto