നിയമക്കുരുക്കുകള്‍ അഴിക്കണമെന്ന് പ്രധാമന്ത്രിയോട് ദക്ഷിണ കൊറിയ

നിയമക്കുരുക്കുകള്‍ അഴിക്കണമെന്ന് പ്രധാമന്ത്രിയോട് ദക്ഷിണ കൊറിയ

മഹാരാഷ്ട്രയിലെ റായ്ഗഢില്‍ സംയുക്തമായി സ്ഥാപിച്ചിരിക്കുന്ന പയനിയര്‍ ഗ്യാസ് പവര്‍ ലിമിറ്റഡിന്റെ ദുരവസ്ഥയാണ് കൊറിയയെ അസംതൃപ്തരാക്കിയിരിക്കുന്നത്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ വൈദ്യുത മേഖലയില്‍ നടത്തിയ വന്‍ നിക്ഷേപം നിയമക്കുരുക്കുകളില്‍ പെട്ട് നഷ്ടത്തിലായതില്‍ പരാതി അറിയിച്ച് ദക്ഷിണ കൊറിയ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് വിദേശ നിക്ഷേപ മേഖലയിലെ നിയമക്കുരുക്കുകള്‍ അവസാനിപ്പിച്ചാലേ ഇന്ത്യന്‍ വിപണിയില്‍ കൊറിയന്‍ കമ്പനിക്കുള്ള വിശ്വാസം പുനസ്ഥാപിക്കാനാവൂയെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കി. പ്രസിഡന്റ് മൂണ്‍ ജെ-ഇന്നിന്റെ ഇന്ത്യാ സന്ദര്‍ശനം തുടരുന്നതിനിടെയാണ് ദക്ഷിണ കൊറിയ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. മോദി-മൂണ്‍ ജെ-ഇന്‍ സാമ്പത്തിക ഉച്ചകോടിയിലെ മുഖ്യ വിഷയങ്ങളിലൊന്ന് നേരിട്ടുള്ള വിദേശ നിക്ഷേപമാണ്. ഈ സാഹചര്യത്തില്‍ കൊറിയയുടെ പ്രതികരണം ഏറെ ശ്രദ്ധയോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്.

ഏറെ സാധ്യതകളുള്ള ഇന്ത്യയുടെ വൈദ്യുത മേഖലയില്‍ നടത്തിയ ആദ്യ നിക്ഷേപത്തില്‍ തന്നെ കല്ല് കടിച്ചതില്‍ കൊറിയ അങ്ങേയറ്റം അസംതൃപ്തരാണ്. മഹാരാഷ്ട്രയിലെ റായ്ഗഢില്‍ സംയുക്ത സംരംഭമായി സ്ഥാപിച്ചിരിക്കുന്ന പയനിയര്‍ ഗ്യാസ് പവര്‍ ലിമിറ്റഡിന്റെ ദുരവസ്ഥയാണ് കൊറിയയെ ദേഷ്യം പിടിപ്പിച്ചിരിക്കുന്നത്. കമ്പനി തുടര്‍ച്ചയായി നിയമക്കുരുക്കളില്‍ പെട്ടതോടെ പ്രവര്‍ത്തനം തടസപ്പെട്ട് വന്‍ നഷ്ടത്തിലേക്ക് പോയിരുന്നു. നിഷ്‌ക്രിയ ആസ്തിയായി പരിണമിച്ചിരിക്കുന്ന വ്യവസായത്തെ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിലേക്കെത്തിച്ച് പാപ്പരത്ത നടപടിക്ക് വിധേയമാക്കാനൊരുങ്ങുകയാണ് വായ്പാ ദാതാക്കളായ ബാങ്കുകള്‍. ഇന്ത്യയിലെ നിയമക്കുരുക്കുകളും തിടുക്കപ്പെട്ട് നടത്തിയ നയ മാറ്റങ്ങളുമാണ് പദ്ധതിയെ തകര്‍ത്തതെന്ന് കൊറിയ ആരോപിക്കുന്നു. നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് ലാഭമുണ്ടാക്കാന്‍ കഴിവുണ്ടായിരുന്ന സ്ഥാപനത്തെ ഇരുമ്പു വിലക്ക് തൂക്കി വില്‍ക്കുന്നത് നിരാശാ ജനകമാണെന്നും കൊറിയന്‍ അധികൃതര്‍ പറയുന്നു.

പയനിയര്‍ ഗ്യാസ് പവര്‍ ലിമിറ്റഡില്‍ 40 ശതമാനം ഓഹരികളാണ് ദക്ഷിണ കൊറിയന്‍ കമ്പനിയായ കൊറിയന്‍ വെസ്റ്റേണ്‍ പവര്‍ കമ്പനി ലിമിറ്റഡിന് ഉള്ളത്. 60 ശതമാനം ഓഹരികള്‍ ഇന്ത്യയിലെ പയനിയര്‍ ഗ്രൂപ്പിന് സ്വന്തമാണ്. ഗ്യാസ് അടിസ്ഥാനമാക്കി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയുടെ സ്ഥാപിത ശേഷി 388 മെഗാവാട്ടാണ്.

ഡെല്‍ഹിയിലെ കൊറിയന്‍ അംബാസഡറായ ഷിന്‍ ബോംഗ് കില്‍, പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചിരുന്നു. ‘അങ്ങയുടെ ദയാവായ്‌പോടെയുള്ള ഇടപെടല്‍ കൊറിയന്‍ നിക്ഷേപകരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഉതകും. പയനിയര്‍ പദ്ധതിയില്‍ പങ്കാളികളായ കൊറിയന്‍ വെസ്റ്റേണ്‍ പവര്‍ ലിമിറ്റഡിന് ബിസിനസ് അനുകൂല സാഹചര്യം ഒരുക്കുകയും ചെയ്യും,” അംബാസഡര്‍ കത്തില്‍ എഴുതി. എന്നാല്‍ കത്തിന് പ്രതികരണമൊന്നും ലഭിച്ചില്ലെന്ന പരാതിയാണ് കൊറിയക്കുള്ളത്. ഇന്ത്യയില്‍ തുടര്‍ന്ന് നിക്ഷേപം നടത്തുന്നതിന് വിമുഖതയുണ്ടെന്ന് കൊറിയന്‍ വെസ്റ്റേണ്‍ പവര്‍ ലിമിറ്റഡും പ്രതികരിക്കുന്നു.

സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ (സിഇഎ) ഭാഗത്തു നിന്ന് വാദ്ഗാന ലംഘനമാണ് ഉണ്ടായതെന്ന് കൊറിയ കുറ്റപ്പെടുത്തുന്നു. തടസമില്ലാതെ ഗ്യാസ് നല്‍കാമെന്ന വാഗ്ദാനം സിഇഎ നല്‍കിയിരുന്നു. പദ്ധതിയില്‍ നിന്ന് 50 ശതമാനം വൈദ്യുതി വാങ്ങാമെന്ന് മഹാരാഷ്ട്ര സര്‍ക്കാരും ഉറപ്പ് നല്‍കിയിരുന്നു. ദക്ഷിണ കൊറിയല്‍ സ്റ്റീല്‍ കമ്പനിയായ പോസ്‌കോയുടെ മഹാരാഷ്ട്ര പ്ലാന്റിന് 130 മെഗാവാട്ട് വൈദ്യുതി നല്‍കാനുള്ള കരാറില്‍ ഒപ്പിട്ടെങ്കിലും സര്‍ക്കാരിന്റെ നയങ്ങള്‍ മൂലം ഇതും നഷ്ടത്തിലായി. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെടുന്നതെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി.

Comments

comments

Categories: More