സെക്കന്‍ഡറി ബോണ്ട് വിപണി രൂപീകരിക്കാന്‍ സെബി പദ്ധതിയിടുന്നു

സെക്കന്‍ഡറി ബോണ്ട് വിപണി രൂപീകരിക്കാന്‍ സെബി പദ്ധതിയിടുന്നു

മുംബൈ: കടപത്രങ്ങള്‍ക്കായി ഒരു സെക്കന്‍ഡറി വിപണി അവതരിപ്പിക്കുന്നത് സംബന്ധിച്ച് അഭിപ്രായങ്ങള്‍ സ്വരൂപിക്കാന്‍ ഉടന്‍ തന്നെ കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ തയാറാക്കുമെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി). ഡെറ്റ് വിപണിയില്‍ പണമൊഴുക്ക് ഒരു പ്രശ്‌നമായി തുടരുന്ന സാഹചര്യത്തിലാണ് ശക്തമായ ഒരു സെക്കന്‍ഡറി വിപണി വികസിപ്പിക്കാനുള്ള നീക്കം സെബി നടത്തുന്നത്.

വലിയ വളര്‍ച്ചാ ശേഷിയാണ് ഡെറ്റ് വിപണിക്കുള്ളത്. ഇത് സാധ്യമാക്കുന്നതിന് ഒരു സെക്കന്‍ഡറി മാര്‍ക്കറ്റ് ആവശ്യമാണെന്നും ഇതിനായുള്ള കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ ഉടന്‍ തയാറാക്കുമെന്നും സെബി ചെയര്‍മാന്‍ അജയ് ത്യാഗി പറഞ്ഞു. ഇതുസംബന്ധിച്ച അന്തിമ മാനദണ്ഡങ്ങള്‍ കൂടിയാലോചിച്ചശേഷം ചിട്ടപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. കോര്‍പ്പറേറ്റ് ബോണ്ട് വിപണിയുമായി ബന്ധപ്പെട്ട് അസോചം സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

287 ബില്യണ്‍ ഡോളറാണ് ആഭ്യന്തര കോര്‍പ്പറേറ്റ് ബോണ്ട് വിപണിയുടെ മൂല്യം. ഇത് ഏകദേശം രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി)ത്തിന്റെ 14 ശതമാനം മാത്രമാണ്. എന്നാല്‍, ഓഹരി വിപണിയുടെ മൊത്തം മൂല്യം ജിഡിപിയുടെ 80 ശതമാനത്തോളമാണ്. കിട്ടാക്കടം സംബന്ധിച്ച പ്രശ്‌നങ്ങള്‍ കാരണം ബാങ്കിംഗ് സംവിധാനം പ്രതിസന്ധി നേരിടുന്ന സഹാചര്യത്തില്‍ ബോണ്ട് വിപണി കൂടുതല്‍ ശക്തമാക്കേണ്ടതുണ്ടെന്നാണ് സെബി പറയുന്നത്.

Comments

comments

Categories: Slider, Top Stories