ലോകത്തിലെ ഏറ്റവും സമ്പന്നയുവത്വം നോര്‍വേയില്‍

ലോകത്തിലെ ഏറ്റവും സമ്പന്നയുവത്വം നോര്‍വേയില്‍

നോര്‍വേയിലെ യുവാക്കള്‍ 13 ശതമാനം ചെലവാക്കാവുന്ന വരുമാനം കൈപ്പറ്റുന്നവര്‍

ആഗോള സാമ്പത്തിക രംഗത്തെ നിലവിലെ സാഹചര്യമനുസരിച്ച് തങ്ങളുടെ രക്ഷിതാക്കളേക്കാള്‍ ദാരിദ്ര്യത്തില്‍ ജീവിക്കുന്ന ആദ്യ തലമുറയാകുന്നതിന്റെ പാതയിലാണ് പാശ്ചാത്യലോകത്തെ യുവതലമുറ. എന്നാല്‍ നോര്‍വെയില്‍ മാത്രം ഇത് മറിച്ച് സംഭവിക്കുന്നു. ചെറുപ്പക്കാരുടെ സാമ്പത്തികനില മുന്‍തലമുറയെ അപേക്ഷിച്ച് ഏറെ മെച്ചപ്പെട്ടു നില്‍ക്കുകയാണിവിടെ. യുഎസ്, ബ്രിട്ടണ്‍ തുടങ്ങിയ സമ്പന്നരാജ്യങ്ങളില്‍ താമസിക്കുന്ന, 1980 കളുടെ ഒടുക്കം മുതല്‍ 2000 കളുടെ തുടക്കം വരെ ജനിച്ചവരെ ഇന്ന് മുമ്പത്തെപ്പോലെ പഠന വായ്പകളും കുതിച്ചുയരുന്ന ഭവനവിലയുമല്ല ആശങ്കപ്പെടുത്തുന്നത്, അതിനേക്കാളൊക്കെ മോശം അവസ്ഥയിലൂടെയാണ് അവര്‍ ഇന്നു കടന്നു പോകുന്നത്. മാതാപിതാക്കളേക്കാള്‍ ദരിദ്രരായവരുടെ ആദ്യതലമുറയെന്ന സാഹചര്യത്തിലാണ് ഈ രാജ്യങ്ങളിലെ നവയുവാക്കളെ ആഗോളസാഹചര്യം എത്തിച്ചിരിക്കുന്നതെന്ന് വിവിധ പഠനങ്ങള്‍ ഇതിനോടകം സൂചിപ്പിച്ചു കഴിഞ്ഞു.

എന്നാല്‍, നോര്‍വേയുടെ കാര്യമെടുക്കുമ്പോള്‍ ഇത്തരമൊരു മുന്‍വിധി അസ്ഥാനത്താകുന്നു. ഇവിടെ കാര്യങ്ങള്‍ തീര്‍ത്തും വ്യത്യസ്തമായാണ് സംഭവിക്കുന്നതെന്നാണ് സത്യം. സ്‌കാന്‍ഡിനേവിയന്‍ ചരിത്ര ഭൂമികയായ, മരം കോച്ചുന്ന തണുപ്പുള്ള ഈ മഞ്ഞിന്‍ മുനമ്പ് ഇന്ന് യൂറോപ്പിലെ ഏറ്റവും ധനികരായ യുവജനങ്ങളുടെ രാജ്യമായാണ് അറിയപ്പെടുന്നത്. 30 വയസെത്തിയ നോര്‍വേക്കാരന്റെ ശരാശരി വാര്‍ഷിക കുടുംബ വരുമാനം 460,000 ക്രോണര്‍ (ഏകദേശം 56,200 ഡോളര്‍) ആണ്. ജെനറേഷന്‍ എക്‌സുകാര്‍ക്ക് (1966 നും 1980 നും ഇടയില്‍ ജനിച്ചവര്‍) ഇതേ പ്രായം ഉണ്ടായിരുന്നപ്പോഴത്തേതില്‍ നിന്ന് 13%-ത്തിന്റെ വര്‍ധനയാണിത്. ലോകത്തിലെത്തന്നെ ഏറ്റവും വലിയ സമ്പത്തിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് ലക്‌സംബര്‍ഗിലെ ഇന്‍കം ഡേറ്റാബേസില്‍ നിന്നു പുറത്തുവന്നിരിക്കുന്നത്. ബ്രിട്ടീഷ് വിദ്ഗധസംഘമായ റെസല്യൂഷന്‍ പൗണ്ടേഷന്‍ പുതിയ തലമുറയുടെ വരുമാനം സംബന്ധിച്ച ഈ റിപ്പോര്‍ട്ട് വിശകലനം ചെയ്തു.

മറ്റ് സമ്പന്നയൂറോപ്യന്‍ രാജ്യങ്ങളിലെ യുവാക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്കന്‍ യുവത്വത്തിന്റെ വരുമാനം 5% ഇടിഞ്ഞിരിക്കുന്നതായി കാണാനാകുന്നു. ജര്‍മ്മനിയില്‍ ഇത് 9% കുറവായിരുന്നു. 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം അനുഭവിച്ച തക്കന്‍ യൂറോപ്പിലെ യുവാക്കളുടെ വരുമാനമാകട്ടെ 30 ശതമാനത്തോളമാണ് താഴ്ന്നത്. 15നും 29നുമിടയ്ക്കു പ്രായമുള്ള നോര്‍വേ യുവാക്കളില്‍ തൊഴിലില്ലായ്മ നിരക്ക്, വളരെ കുറവാണ്. ഒ.ഇ.സി.ഡി രാജ്യങ്ങളിലെ ശരാശരിയായ 13.9 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 9.4 ശതമാനം മാത്രമാണ് നോര്‍വേയിലെ തൊഴിലില്ലായ്മ നിരക്ക്.

നോര്‍വേ ഇന്ന് യൂറോപ്പിലെ ഏറ്റവും ധനികരായ യുവജനങ്ങളുടെ രാജ്യമായാണ് അറിയപ്പെടുന്നത്. 30 വയസെത്തിയ നോര്‍വേക്കാരന്റെ ശരാശരി വാര്‍ഷിക കുടുംബ വരുമാനം 460,000 ക്രോണര്‍ ആണ്. ജെനറേഷന്‍ എക്‌സുകാര്‍ക്ക് ഇതേ പ്രായം ഉണ്ടായിരുന്നപ്പോഴത്തേതില്‍ നിന്ന് 13%-ത്തിന്റെ വര്‍ധനയാണിത്

നോര്‍വീജിയന്‍ തലസ്ഥാനമായ ഓസ്ലോയില്‍ അപൂര്‍വമായ തെളിഞ്ഞ ദിനങ്ങളില്‍, രാജ്യത്തെ ഭാഗ്യവാന്മാരായ യുവജനങ്ങളെ കണ്ടെത്താനാകും. പണത്തിന്റെ ആര്‍ഭാടം ശരിക്കും അനുഭവിക്കുമെന്ന് ഇവരുമായി സംസാരിച്ചാല്‍ മനസിലാകും. എന്റെ പണം എങ്ങനെ ചെലവഴിക്കണമെന്ന് ശരിക്കും പറഞ്ഞാല്‍ ഞാന്‍ ചിന്തിക്കുന്നേയില്ലെന്നാണ് 25-കാരനായ അലക്‌സാണ്ടര്‍ ആഴ്ണ്‍സ് പറയുന്നത്. മാസത്തിലൊരിക്കല്‍ സിനിമയ്‌ക്കോ നാടകത്തിനോ പോകാറുണ്ട്. പുറത്ത് സുഹൃത്തുക്കളുമായി അലഞ്ഞുതിരിഞ്ഞ് തിന്നുകയും കുടിക്കുകയും ചെയ്യുന്നു. വിനോദയാത്രകള്‍ക്കു പോകുന്നു… ഈ ബിരുദധാരിയുടെ അലസജീവിതാസ്വാദനം ഇങ്ങനെയൊക്കെയാണ്.

നാടക രചയിതാവാകാന്‍ ആഗ്രഹിക്കുന്ന അലക്‌സാണ്ടര്‍ക്ക് ഈ മേഖലയില്‍ എന്തെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല. സൂപ്പര്‍മാര്‍ക്കറ്റില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ഷിഫ്റ്റുകള്‍ ജോലിചെയ്താണ് ജീവിതച്ചെലവിനുള്ള പണമുണ്ടാക്കുന്നത്. നഗരപ്രാന്തത്തില്‍ ഒരു വുഡ് ഹൗസിനു പുറമെ ഒരു നഗരത്തില്‍ സുഹൃത്തതിനോടൊത്ത് ഒരു അപ്പാര്‍ട്ട്‌മെന്റ് പങ്കുവെക്കുകയും ചെയ്യുന്നു. നഗരഹൃദയത്തിലേക്ക് 20 മിനുറ്റ് ബസ് യാത്രയേ ഇവിടെ നിന്നു വേണ്ടിവരുന്നുള്ളൂ. തന്റെ സൗഭാഗ്യങ്ങളെക്കുറിച്ച് നന്നായി അറിയാമെന്നും ഇഷ്ടാനുസാരമുളള ജീവിതം പിന്തുടരുന്നതിന് കൂടുതല്‍ ത്യാഗമൊന്നും ആവശ്യമില്ലെന്നും അലക്‌സാണ്ടര്‍ പറയുന്നു.

മണിക്കൂറിന് 164 നോര്‍വീജിയന്‍ ക്രോണറാണ് (ഏകദേശം 20 ഡോളര്‍) അലക്‌സാണ്ടറുടെ വേതനം. വാരാന്ത്യത്തിലും രാത്രിഷിഫ്റ്റിലും ജോലി ചെയ്യുമ്പോള്‍ ഇതില്‍ വര്‍ധനയുണ്ടാകുന്നു. രാജ്യത്തെ താരതമ്യേന ഉയര്‍ന്ന നികുതി കിഴിച്ച് മാസത്തില്‍ ഏകദേശം 14,000 ക്രോണര്‍ (1700 ഡോളര്‍) കൈയില്‍ കിട്ടുന്നു. വാടക, യാത്ര, ഇതര ചെലവുകള്‍ കഴിഞ്ഞും ഇതില്‍ പകുതി തുക അവശേഷിക്കുന്നു. നോര്‍വേ സമ്പന്നരാജ്യമാണെങ്കിലും പൗരന്മാര്‍ സ്വന്തം സമ്പത്തിനെക്കുറിച്ച് സംസാരിക്കാന്‍ തല്‍പരരല്ലെന്നാണ് ഒയ്‌സ്റ്റീന്‍ എന്ന ബിസിനസ് ഉപദേശകന്‍ (31) പറയുന്നത്. എന്നാല്‍, 27-ാം വയസ്സില്‍ തന്നെ രണ്ടു കിടപ്പുമുറികളുള്ള ഒരു വാട്ടര്‍ ഫ്രണ്ട് അപ്പാര്‍ട്ട്‌മെന്റ് വാങ്ങാനായെന്ന് അദ്ദേഹം സമ്മതിച്ചു. പതിവായി അമേരിക്കയിലേക്കും ഏഷ്യയിലേക്കും വിനോദയാത്ര പോകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയൊക്കെ ആര്‍ഭാടജീവിതം നയിച്ചിട്ടും നോര്‍വേയുവതയില്‍ ഭൂരിഭാഗവും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് താഴെ തന്നെയാണ്. 1980- 2013 കാലഘട്ടത്തില്‍ ഏറ്റവും ഉയര്‍ന്ന ശരാശരി വരുമാനമുള്ള സമ്പദ് വ്യവസ്ഥയായിരുന്ന രാജ്യം, ഇപ്പോള്‍ സമ്പന്നതയുടെയും ക്ഷേമത്തിന്റെയും നിരവധി ആഗോള റാങ്കിങ്ങുകളില്‍ മുമ്പന്തിയില്‍ വിരാജിക്കുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തെ മികച്ചരീതിയില്‍ രാജ്യത്തിനു മറികടക്കാനായി. കഴിഞ്ഞ വര്‍ഷം ലോകത്തെ 110 രാജ്യങ്ങളെ വിശകലനം ചെയ്യുന്ന 2017 ലെഗാറ്റം പ്രോസ്‌പെരിറ്റി പട്ടികയില്‍ ഒന്നാമതെത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി നോര്‍വേയിലെ എണ്ണ- വാതക വിഭാഗം ആണ് രാജ്യത്തിന്റെ സാമ്പത്തിക കുതിച്ചുചാട്ടത്തില്‍ മുഖ്യപങ്കു വഹിച്ചത്. അടുത്ത കാലത്ത് ഇന്ധനവിലയില്‍ വലിയ ഇടിവുണ്ടായെങ്കിലും നോര്‍വേയുടെ ഊര്‍ജ മേഖലയെ അതു ബാധിച്ചില്ല.

രാജ്യത്തെ തൊഴിലവസരങ്ങള്‍ കുറയുന്നുവെന്നാണ് അടുത്തിടെ പ്രസിദ്ധീകരിച്ച ഒഇസിഡി റിപ്പോര്‍ട്ടില്‍ പറയുന്നത്. 15 മുതല്‍ 29 വയസ്സുവരെയുള്ള തൊഴിലവസരങ്ങളുടെ എണ്ണം യുവജനങ്ങള്‍ക്ക് അപര്യാപ്തമായിരിക്കുന്നുവെന്നാണ് കണ്ടെത്തല്‍. 2007 നും 2016 നും ഇടയില്‍ ഇത് 18% വര്‍ധിച്ചിരിക്കുന്നു

നോര്‍വേ എത്രമാത്രം ധനംസമ്പാദിക്കുന്നുവെന്നതു മാത്രമല്ല, അതിന്റെ കൃത്യമായ വിതരണം കൂടിയാണ് ഇതിനു കാരണമെന്ന് ബിഐ നോര്‍വീജിയന്‍ ബിസിനസ് സ്‌കൂളിലെ ധനതത്വപ്രൊഫസറായ ഹില്‍ഡെ ബിജൊണ്‍ലാന്‍ഡ് നിരീക്ഷിക്കുന്നു. എണ്ണസമ്പത്തിലൂടെ ഉണ്ടാക്കുന്ന പണം കരുതലായി മാറ്റിവെക്കുന്നതിനു പുറമെ ഒരു ഭാഗം സമൂഹത്തില്‍ തിരിച്ചെത്തുന്നതിന് രാജ്യം ശ്രദ്ധിക്കുന്നു. ഇത് കുറച്ചു പേരില്‍ മാത്രം പണം കേന്ദ്രീകരിക്കുന്ന അവസ്ഥ ഒഴിവാക്കുന്നു, കാര്യക്ഷമമായ വിതരണത്തിലൂടെ ഭൂരിപക്ഷത്തിലേക്ക് ഈ സമ്പത്ത് എത്തുന്നു. ലോകത്തിലെ ഏറ്റവും വലിയ പരമാധികാര സമ്പന്നനിധിയിലേക്കാണ് നോര്‍വേ നിക്ഷേപം നടത്തുന്നത്. ലളിതമായി പറഞ്ഞാല്‍, 9000 ല്‍ അധികം കമ്പനികളില്‍ നിക്ഷേപിച്ചുകൊണ്ട് ഒരു ഭീമന്‍ പൊതുനിധി രാജ്യം സൃഷ്ടിച്ചിരിക്കുകയാണ്. ഇപ്പോള്‍ ഇതിന്റെ ഏകദേശമൂല്യം 1 ട്രില്യണ്‍ ഡോളറാണ്.

പൊതുനിധി കൂടാതെ കാലാകാലങ്ങളില്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന കനത്ത നികുതിയും ഖജനാവിന് മുതല്‍ക്കൂട്ടാണ്. അതേസമയം, ചുരുങ്ങിയ വേതന ഘടനയാണ് രാജ്യത്തുള്ളത്. തൊഴിലാളി സംഘടനകളുമായി ചര്‍ച്ചചെയ്തു നിശ്ചയിക്കുന്ന മിനിമം വേതനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. കുറഞ്ഞ ശമ്പളം ലഭിക്കുന്ന പുതിയ തൊഴിലാളികള്‍ക്കും താഴ്ന്ന തസ്തിക ജീവനക്കാര്‍ക്കും ഓരോ വര്‍ഷവും അവരുടെ തൊഴില്‍പരിചയം അടിസ്ഥാനപ്പെടുത്തിയുള്ള വളര്‍ച്ചാ നിരക്ക് അനുവദിക്കുന്നു. ഇവിടെ കുറഞ്ഞ വരുമാനക്കാരും കൂടിയ വരുമാനക്കാരും തമ്മിലുള്ള വിടവ് ഇതരരാജ്യങ്ങളിലെ അത്രയും വലുതല്ലെന്ന് ഹില്‍ഡെ പറയുന്നു. അമേരിക്ക, ബ്രിട്ടണ്‍, ജര്‍മനി തുടങ്ങിയ ശക്തമായ സമ്പദ് വ്യവസ്ഥകളിലെ യുവാക്കളുടെ വരുമാനത്തിലെ അസമത്വം വര്‍ധിക്കുന്നതില്‍ അസന്തുലിതാവസ്ഥ ഒരു പ്രധാന ഘടകമാണെന്ന് റെസല്യൂഷന്‍ ഫൗണ്ടേഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിപുലമായ വേതനനിരക്കുകള്‍ ഉള്ള ഈ രാജ്യങ്ങളില്‍, വരുമാനവളര്‍ച്ച കുറയുന്നതും മെച്ചപ്പെട്ട തൊഴില്‍മാറ്റത്തിന് അവസരമില്ലാതാകുന്നതും ചെറുപ്പക്കാര്‍ക്ക് വലിയ തിരിച്ചടിയാകുന്നു. എന്നാല്‍ ഒരു സമത്വപരമായ സമീപനം നോര്‍വേയില്‍ തലമുറകള്‍ക്കിടയിലെ സമ്പത്ത് വിതരണത്തിലെ അപാകതകള്‍ ഇല്ലാതാക്കുകയും പൗരന്മാര്‍ക്ക് സംതൃപ്തജീവിതവും സാമൂഹിക അസ്വസ്ഥതകള്‍ക്ക് വിരാമമിടുകയുമാണ് ചെയ്തതെന്ന് ഹില്‍ഡെ ചൂണ്ടിക്കാട്ടുന്നു.

ഇതോടൊപ്പം ഉയര്‍ന്ന ക്ഷേമപെന്‍ഷനുകളും ഉയര്‍ന്ന ആരോഗ്യ പരിരക്ഷയും തൊഴിലില്ലായ്മ ആനുകൂല്യങ്ങളും കൂടിയാകുമ്പോള്‍ നോര്‍വീജിയന്‍ യുവതയ്ക്ക് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഉദാരമായ സ്ഥിതിയാണ് പ്രദാനം ചെയ്യുന്നത്. പുതിയ തൊഴിലുകള്‍ അന്വേഷിക്കുന്ന സമയത്ത് രണ്ടു വര്‍ഷം മുമ്പു തൊട്ടുണ്ടായിരുന്ന ശമ്പളത്തിന്റെ 60% വരെ അവകാശപ്പെടാന്‍ അനുവദിക്കുന്നു. എല്ലാ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലും ഉള്ളതുപോലെ, താഴ്ന്ന ശിശുപരിപാലന ചെലവും പ്രസവാവധി സമ്പ്രദായവും ഉണ്ട്. തൊഴില്‍ശക്തിയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കാറുണ്ട്. വിദ്യാലയങ്ങളിലും സര്‍ക്കാര്‍ സര്‍വകലാശാലകളിലും സൗജന്യ വിദ്യാഭ്യാസവും വിദ്യാഭ്യാസവായ്പകളുടെ അനായാസ ലഭ്യതയും ഉറപ്പാക്കുന്നതിനു പുറമെ, വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന തൊഴിലവസരങ്ങള്‍ ഒരുക്കാനും ശ്രദ്ധിക്കുന്നു.

എണ്ണസമ്പത്തിലൂടെ ഉണ്ടാക്കുന്ന പണം കരുതലായി മാറ്റിവെക്കുന്നതിനു പുറമെ ഒരു ഭാഗം സമൂഹത്തില്‍ തിരിച്ചെത്തുന്നതിന് നോര്‍വേ ശ്രദ്ധിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പരമാധികാര സമ്പന്നനിധിയിലേക്കാണ് വരുമാനം നിക്ഷേപിക്കുന്നത്. 9000- ല്‍ അധികം കമ്പനികളില്‍ നിക്ഷേപിച്ചുകൊണ്ട് ഒരു ഭീമന്‍ പൊതുനിധി രാജ്യം സൃഷ്ടിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ ഇതിന്റെ ഏകദേശമൂല്യം 1 ട്രില്യണ്‍ ഡോളറാണ്

വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്ന സമയത്ത് പാര്‍ട് ടൈം ജോലി ചെയ്യാന്‍ അവസരമുണ്ട്. മറ്റ് പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച്, നോര്‍വേയില്‍ ഈ തരത്തിലുള്ള താല്‍ക്കാലിക ജോലിക്കാര്‍ക്ക് കൂടുതല്‍ വരുമാനമുണ്ടാക്കാനുള്ള സാധ്യതയും തുറന്നു കിടക്കുന്നു. ഇവിടെ ജോലി കണ്ടെത്തുന്നത് പ്രയാസകരമല്ല, എല്ലായ്‌പ്പോഴും നല്ല ശമ്പളമാണ്. നിങ്ങളുടെ വിനോദപരിപാടികളും പഠനങ്ങളും ഉള്‍ക്കൊള്ളാന്‍ ഇത് ഏറെ സഹായകരമാണെന്ന് ചിലിയില്‍ നിന്നുള്ള 27-കാരി ഗബ്രിയേല സാന്‍സാന സാക്ഷ്യപ്പെടുത്തുന്നു. നികുതി കൂടുതലാണെങ്കിലും അതു ശ്രദ്ധിക്കാറില്ല. കാരണം, രാജ്യം നിരവധി ക്ഷേമപദ്ധതികള്‍ പകരം തരുന്നുണ്ടെന്നും സാന്‍സാന പറയുന്നു.

തിളക്കമുള്ള സാഹചര്യമാണ് നോര്‍വേയുടേതെങ്കിലും, അതിന്റെ തുടര്‍ച്ച നിലനിര്‍ത്തുന്നതില്‍ അധികൃതര്‍ക്ക് ആശങ്കകള്‍ ഉണ്ട്. രാജ്യത്തെ തൊഴിലവസരങ്ങള്‍ കുറയുന്നുവെന്നാണ് അടുത്തിടെ പ്രസിദ്ധീകരിച്ച ഒഇസിഡി റിപ്പോര്‍ട്ടില്‍ പറയുന്നത്. 15 മുതല്‍ 29 വയസ്സുവരെയുള്ള തൊഴിലവസരങ്ങളുടെ എണ്ണം യുവജനങ്ങള്‍ക്ക് അപര്യാപ്തമായിരിക്കുന്നുവെന്നാണ് കണ്ടെത്തല്‍. 2007 നും 2016 നും ഇടയില്‍ ഇത് 18% വര്‍ധിച്ചിരിക്കുന്നു. നോര്‍വേയിലേക്കുള്ള കുടിയേറ്റവും കൂടിയിട്ടുണ്ട്. കുടിയേറ്റക്കാരുടെ തലമുറക്കാരാണ് തൊഴില്‍രഹിതരില്‍ 10 ശതമാനം സംഭാവന ചെയ്യുന്നത്. ഉന്നതവിദ്യാഭ്യാസം സിദ്ധിച്ച രാജ്യാന്തര വിദ്യാര്‍ത്ഥിസമൂഹത്തിന്റയും കുടിയേറ്റത്തൊഴിലാളികളുടെയും എണ്ണത്തിലെ വര്‍ധന തൊഴില്‍ വിപണിയില്‍ നല്ല രീതിയില്‍ പ്രയോജനപ്പെടുത്താനാകും. എന്നാല്‍ വംശീയ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായി വിവേചനം തൊഴില്‍ വിപണിയില്‍ നിലനില്‍ക്കുന്നത് ഇതിനു തടസമാകുന്നു.

നോര്‍വേയുടെ ചില വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും അവരില്‍ നിന്ന് ഏറെ കാര്യങ്ങള്‍ മറ്റു രാഷ്ട്രങ്ങള്‍ക്ക് പഠിക്കാനുണ്ട്. ഒഇസിഡിയുടെ സെബാസ്റ്റ്യന്‍ കൊനിഗ്ഗ്‌സ് ചൂണ്ടിക്കാട്ടുന്നതു പോലെ തൊഴില്‍ ജീവിതത്തിന്റെ പ്രാരംഭഘട്ടത്തില്‍ യുവാക്കളെ പിന്തുണക്കുന്ന ഫലപ്രദമാര്‍ഗമായി നോര്‍വേയിലെ വിദ്യാഭ്യാസം, തൊഴില്‍, സാമൂഹ്യസേവനം എന്നിവയുമായുള്ള വളരെ അടുത്ത ബന്ധം ചൂണ്ടിക്കാണിക്കുന്നു. ഇത് മറ്റ് പല രാജ്യങ്ങള്‍ക്കു മാതൃകയാക്കാവുന്നതാണ്. നോര്‍വീജിയന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി പഠനശേഷം തൊഴില്‍ വിപണിയില്‍ പ്രവേശിക്കാതിരിക്കുകയോ ഉപരിപഠനത്തിനു പോകാതിരിക്കുകയോ ചെയ്യുന്ന പക്ഷം, ഭാവി ചര്‍ച്ച ചെയ്യാന്‍ വ്യക്തിഗത ഫോളോഅപ്പ് ഫോണ്‍ കോള്‍ ലഭിക്കുന്നു.

നോര്‍വേ മുന്‍ഗണന കൊടുക്കുന്നത് യുവാക്കളില്‍ നിേേക്ഷപിക്കുന്നതിനാണ്. നോര്‍വേയുടെ ജനസംഖ്യ വെറും 5.1 മില്യണ്‍ മാത്രമാണ്. വലിയ രാജ്യങ്ങള്‍ക്ക് മാറ്റങ്ങളോട് ഇത് മാതൃകയാക്കാന്‍ എളുപ്പമാണ്. രാജ്യത്തിന്റെ വലുപ്പമല്ല, നിക്ഷേപിക്കാന്‍ നിങ്ങള്‍ എത്രത്തോളം വിഭവങ്ങള്‍ തയ്യാറാണ് എന്നതാണു പ്രശ്‌നം. എണ്ണ സമ്പത്തിന്റെ വിതരണത്തിലെ തുല്യത പൂര്‍ണമായി എടുത്തു മാറ്റിയാലും ഭാവിയില്‍ നോര്‍വേ സമ്പദ്‌വ്യവസ്ഥയെ പുനര്‍രൂപീകരിക്കാന്‍ നിര്‍ബന്ധിതരായാലും യുവാക്കള്‍ക്ക് മേലുള്ള സ്റ്റേറ്റിന്റെ കരുതല്‍ സമീപനവും സംരക്ഷണവും തുടരുക തന്നെ ചെയ്യും. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നോര്‍വേ വളരെ ഉയര്‍ന്ന നിലവാരത്തില്‍ തന്നെയാണ് ഇന്നും.

Comments

comments

Categories: FK Special, Slider