രുചിസോയ ഏറ്റെടുക്കലില്‍ പിന്നോട്ടില്ലെന്ന് പതഞ്ജലി

രുചിസോയ ഏറ്റെടുക്കലില്‍ പിന്നോട്ടില്ലെന്ന് പതഞ്ജലി

റെസലൂഷന്‍ പ്രൊഫഷണലില്‍ നിന്നുള്ള വിശദീകരണത്തിന് ശേഷം തുടര്‍ നടപടി

ന്യൂഡെല്‍ഹി: കടബാധ്യത മൂലം പ്രതിസന്ധി നേരിടുന്ന രുചിസോയ കമ്പനി ഏറ്റെടുക്കാനുള്ള ശ്രമത്തില്‍ നിന്നും തങ്ങള്‍ പിന്നോട്ടില്ലെന്ന് പതഞ്ജലി ആയുര്‍വേദ് മാനേജിംഗ് ഡയറക്റ്റര്‍ ആചാര്യ ബാല്‍കൃഷ്ണ വ്യക്തമാക്കി. ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി വില്‍മര്‍ ലിമിറ്റഡാണ് രുചിസോയ ഏറ്റെടുക്കുന്നതിനുള്ള മല്‍സരത്തില്‍ മുന്നിലുള്ളത്. ഫോര്‍ച്യൂണ്‍ ബ്രാന്‍ഡിനു കീഴില്‍ പാചക എണ്ണ വില്‍പ്പന നടത്തുന്ന കമ്പനിയാണ് അദാനി വില്‍മര്‍ ലിമിറ്റഡ്.

രുചി സോയ ഏറ്റെടുക്കുന്നതിനായി ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് താല്‍പ്പര്യ പത്രം സമര്‍പ്പിച്ചിട്ടുള്ളത് അദാനിയാണ്. ഏകദേശം 6,000 കോടി രൂപ രുചി സോയ സ്വന്തമാക്കാന്‍ നല്‍കുന്നതിന് അദാനി ഗ്രൂപ്പ് തയാറാണ്. അതേസമയം, 5,700 കോടി രൂപയുടെ താല്‍പ്പര്യ പത്രം ആണ് പതഞ്ജലി സമര്‍പ്പിച്ചിട്ടുള്ളത്. കൂടുതല്‍ തുക വാഗ്ദാനം ചെയ്തുകൊണ്ട് അദാനി ഗ്രൂപ്പ് മുന്നിലെത്തിയതോടെ ലേല നടപടികളില്‍ പങ്കെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ യോഗ്യതയില്‍ സംശയം ഉന്നയിച്ചുകൊണ്ട് രുചിസോയ റെസലൂഷന്‍ പ്രൊഫഷണലില്‍ (ആര്‍പി) നിന്നും പതഞ്ജലി ആയുര്‍വേദ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആചാര്യ ബാല്‍കൃഷ്ണ അറിയിച്ചു.

അദാനി വില്‍മറിനെ ഏറ്റവും ഉയര്‍ന്ന ബിഡ്ഡര്‍ ആയി പ്രഖ്യാപിക്കുന്നതിന് ആര്‍പി സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്താണെന്നും പതഞ്ജലി ചേദിച്ചിട്ടുണ്ട്. നിയമ സംരംഭമായ സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസിനെ ആര്‍പി നിയമ ഉപദേഷ്ടാവായി നിയമിച്ച നടപടിയെയും പതഞ്ജലി ചോദ്യം ചെയ്തു. അദാനി ഗ്രൂപ്പിന് നിയമ ഉപദേശം നല്‍കിയിട്ടുള്ള നിയമ സംരംഭമാണിത്. ആര്‍പിയില്‍ നിന്നും തങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിക്കായി കാത്തിരിക്കുകയാണെന്ന് ബാല്‍കൃഷ്ണ പറഞ്ഞു. ഇതിനെതിരെ അദാനി വില്‍മര്‍ കോടതിയെ സമീപിച്ചാലും രുചിസോയ ഏറ്റെടുക്കുന്നതിനുള്ള ശ്രമത്തില്‍ നിന്നും പിന്മാറില്ലെന്നാണ് പതഞ്ജലിയുടെ തീരുമാനം. അതിനായി വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു.

പതഞ്ജലിയുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ആര്‍പി 8-10 ദിവസത്തെ സമയം ചോദിച്ചതായി കഴിഞ്ഞയാഴ്ച ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ആര്‍പിയും ബാങ്കുകളുടെ സമിതിയും അംഗീകരിച്ചിട്ടുള്ള സ്വിസ് ചാലഞ്ച് സംവിധാനത്തിനുകീഴില്‍ അദാനി വില്‍മര്‍ വാഗ്ദാനം ചെയ്തതിനേക്കാള്‍ മെച്ചപ്പെട്ട തുക വാഗ്ദാനം ചെയ്തുകൊണ്ട് പുതിയ താല്‍പ്പര്യ പത്രം സമര്‍പ്പിക്കാനും പതഞ്ജലിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇതിനു തയാറാകാതെ ആര്‍പി നടപടികളില്‍ വിശദീകരണം കാത്തിരിക്കുകയാണ്.

Comments

comments

Categories: Business & Economy