ന്യൂട്രീഹെല്‍ത്തിന്റെ ഒാഹരികള്‍ ഫാബ് ഇന്ത്യ വാങ്ങും

ന്യൂട്രീഹെല്‍ത്തിന്റെ ഒാഹരികള്‍ ഫാബ് ഇന്ത്യ വാങ്ങും

ന്യൂഡെല്‍ഹി: എത്ത്‌നിക് വെയര്‍ റീട്ടെയ്‌ലറായ ഫാബ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ജൈവ, ഭക്ഷ്യ സപ്ലിമെന്റ്‌സ് സംരംഭമായ ഓര്‍ഗാനിക് ഇന്ത്യ, ന്യൂട്രീഹെല്‍ത്തിന്റെ ഓഹരികള്‍ വാങ്ങും. വ്യക്തിഗത നൂട്രീഷന്‍ മാനേജ്‌മെന്റ് സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന നൂട്രീഷനിസ്റ്റ് ശിഖാ ശര്‍മയുടെ ഉടമസ്ഥതയിലുള്ളതാണ് ന്യൂട്രീഹെല്‍ത്ത്. ഡെല്‍ഹി ആസ്ഥാനമായുള്ള ന്യൂട്രീഹെല്‍ത്തിന്റെ 20 മുതല്‍ 40 ശതമാനം വരെയുള്ള ഓഹരികളാണ് ഓര്‍ഗാനിക് ഇന്ത്യ വാങ്ങുക. കരാറിനുള്ള ധാരണാപത്രതില്‍ ഇരു കമ്പനികളും ഒപ്പിട്ടായി കമ്പനിയോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

ന്യൂട്രീഹെല്‍ത്തിന് സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വണ്‍ഹെല്‍ത്ത് വെഞ്ച്വേഴ്‌സില്‍ നിന്ന് 2016 ല്‍ 12 കോടി രൂപയുടെ നിക്ഷേപങ്ങളാണ് ലഭിച്ചിട്ടുള്ളത്. ആധുനിക വൈദ്യശാസ്ത്രവും ആയുര്‍വേദ തത്വങ്ങളും സമന്വയിപ്പിച്ചുകൊണ്ട് വ്യക്തിഗത ഭക്ഷണ പദ്ധതികളായ ന്യൂട്രീജെനറ്റിക്‌സ് എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഈ നിക്ഷേപം.

ഓഷോയുടെ മുന്‍ ശിഷ്യനായ യോവ് ലെവും ഭാര്യ ഭവാനിയും ചേര്‍ന്നാണ് 1997 ല്‍ ഓര്‍ഗാനിക് ഇന്ത്യ സ്ഥാപിച്ചത്. 2016-17 ല്‍ കമ്പനിയുടെ വരുമാനം 350 കോടി രൂപയായിരുന്നു. ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങളുടെ ആവശ്യകതയിലുണ്ടാവുന്ന വര്‍ധന മുന്‍ നിര്‍ത്തി 2020 സാമ്പത്തിക വര്‍ഷത്തില്‍ 500 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്.

Comments

comments

Categories: Business & Economy