ജെറോം സൈഗോട്ട് രാജിവെച്ചു

ജെറോം സൈഗോട്ട് രാജിവെച്ചു

2017 ജൂണിനുശേഷം നിസാന്‍ വിടുന്ന മൂന്നാമത്തെ സീനിയര്‍ എക്‌സിക്യൂട്ടീവ്

ന്യൂഡെല്‍ഹി : നിസാന്‍ ഗ്രൂപ്പ് ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ജെറോം സൈഗോട്ട് തത്സ്ഥാനം രാജിവെച്ചു. നിസാന്‍ ഗ്രൂപ്പിന് പുറത്ത് കരിയര്‍ തുടരാന്‍ ജെറോം സൈഗോട്ട് തീരുമാനിച്ചതായി നിസാന്‍ ഇന്ത്യ സ്ഥിരീകരിച്ചു. 2010 ലാണ് ജെറോം സൈഗോട്ട് ജാപ്പനീസ് കമ്പനിയില്‍ ചേര്‍ന്നത്. തുടര്‍ന്ന്, റഷ്യയില്‍ നിസാനുകീഴിലെ ഡാറ്റ്‌സണ്‍ ബ്രാന്‍ഡ് വിജയം കൈവരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. നിസാന്‍ ഇന്ത്യയുടെ വൈസ് പ്രസിഡന്റായി 2015 ലാണ് ഇന്ത്യയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ നിസാന്‍ & ഡാറ്റ്‌സണ്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്ററായി ഉദ്യോഗക്കയറ്റം ലഭിച്ചു.

കഴിഞ്ഞ വര്‍ഷം ജൂണിനുശേഷം ഇന്ത്യയില്‍ നിസാന്‍ വിടുന്ന മൂന്നാമത്തെ സീനിയര്‍ എക്‌സ്‌ക്യൂട്ടീവാണ് ജെറോം സൈഗോട്ട്. സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്റ്റര്‍ സതീന്ദര്‍ സിംഗ് ബജ്‌വ നേരത്തെ നിസാന്‍ വിട്ടിരുന്നു. പിന്നീട് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ വാണിജ്യ വാഹന വിഭാഗം വൈസ് പ്രസിഡന്റായി അദ്ദേഹം ചുമതലയേറ്റു. മാര്‍ക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്റ് സഞ്ജയ് ഗുപ്തയാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ രാജിവെച്ച ഉദ്യോഗസ്ഥന്‍. ഈ രാജികള്‍ കൂടാതെ, ഉപദേശക പദവിയിലേക്ക് മാറ്റിയ മുന്‍ മാനേജിംഗ് ഡയറക്റ്റര്‍ അരുണ്‍ മല്‍ഹോത്ര ഈ വര്‍ഷം മാര്‍ച്ചില്‍ കമ്പനി വിട്ടിരുന്നു.

ഇന്ത്യയില്‍ അഞ്ച് ശതമാനം വിപണി വിഹിതം നേടാന്‍ കിണഞ്ഞുശ്രമിക്കുന്നതിനിടെയാണ് മാനേജിംഗ് ഡയറക്റ്ററുടെ രാജി

വില്‍പ്പന, വിപണന മേഖലകളില്‍ മികച്ച വൈദഗ്ധ്യമുള്ള ജെറോം സൈഗോട്ട് ഇന്ത്യയില്‍ ഡാറ്റ്‌സണ്‍ ബ്രാന്‍ഡ് കൊണ്ടുവരുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. നേരത്തെ പിഎസ്എ ഗ്രൂപ്പിനായി ഫ്രാന്‍സിലും റഷ്യയിലുമായി പന്ത്രണ്ട് വര്‍ഷത്തോളം ജോലി ചെയ്തിരുന്നു. ഇന്ത്യയില്‍ അഞ്ച് ശതമാനം വിപണി വിഹിതം നേടാന്‍ നിസാന്‍ കിണഞ്ഞുശ്രമിക്കുന്നതിനിടെയാണ് മാനേജിംഗ് ഡയറക്റ്റര്‍ രാജിവെച്ചിരിക്കുന്നത്. ഇലക്ട്രിക് കാറായ നിസാന്‍ ലീഫ് ഇന്ത്യയില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്.

Comments

comments

Categories: Auto