ഏഴ് നഗരങ്ങളിലെ പുതിയ വീടുകളില്‍ 41% വര്‍ധന

ഏഴ് നഗരങ്ങളിലെ പുതിയ വീടുകളില്‍ 41% വര്‍ധന

എല്ലാ വിഭാഗങ്ങളിലെയും ഭവന വില്‍പ്പന മൂന്ന് ശതമാനം ഉയര്‍ന്നു; 60,800 വീടുകള്‍ വിറ്റഴിച്ചു

മുംബൈ: താങ്ങാവുന്ന ഭവന മേഖലയില്‍ കഴിഞ്ഞ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങള്‍, ആവശ്യകതയിലും വിതരണത്തിലും അനുകൂല പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചതായി റിപ്പോര്‍ട്ട്. ജൂണിലവസാനിച്ച പാദത്തില്‍ പുതിയ വീടുകളുടെ നിര്‍മാണത്തില്‍ 41 ശതമാനത്തിന്റെ കുതിച്ച് ചാട്ടത്തിനാണ് രാജ്യത്തെ പ്രധാന ഏഴ് നഗരങ്ങള്‍ സാക്ഷ്യം വഹിച്ചത്. 40 ലക്ഷത്തില്‍ താഴെയുള്ള താങ്ങാവുന്ന ഭവന വിഭാഗത്തില്‍ വന്‍തോതിലുള്ള കൈമാറ്റങ്ങള്‍ സാധ്യമായതായി പ്രമുഖ പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ അനാറോക്ക് പുറത്ത് വിട്ട ഡാറ്റ വ്യക്തമാക്കുന്നു.
2017-18 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തെ അപേക്ഷിച്ച് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ജൂണ്‍ മാസത്തിലവസാനിച്ച ആദ്യ പാദത്തില്‍ താങ്ങാവുന്ന ഭവന വിഭാഗത്തിലെ വിതരണത്തില്‍ 100 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എല്ലാ വിഭാഗങ്ങളിലെയും ഭവന വില്‍പ്പന മൂന്ന് ശതമാനം ഉയര്‍ന്നു. 60,800 വീടുകളാണ് ഇക്കാലയളവില്‍ വിറ്റഴിച്ചത്. പോയ വര്‍ഷത്തെ രണ്ടാം പാദവുമായി തട്ടിച്ച് നോക്കുമ്പോള്‍ ഈ വര്‍ഷം സമാന കാലയളവിലെ ഭവന വില്‍പ്പനയില്‍ 32 ശതമാനത്തിന്റെ വര്‍ധനവാണ് ബെംഗളൂരു നഗരത്തില്‍ കാണാന്‍ സാധിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

വില്‍പ്പന താരതമ്യേന മന്ദഗതിയില്‍ ആണെങ്കിലും റെറ, ജിഎസ്ടി പോലുള്ള നയപരിഷ്‌കാരങ്ങളുടെ ഗുണകരമായ പ്രതിഫലനം സാധ്യമായി തുടങ്ങിയിട്ടുണ്ടെന്ന് അനാറോക്ക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റിന്റെ ചെയര്‍മാന്‍ അനുജ് പുരി അഭിപ്രായപ്പെട്ടു. ‘പുതിയതായി പണിത വീടുകളുടെ വിതരണത്തിലും ഭവന വില്‍പ്പനയുടെ എണ്ണത്തിലും ഉണ്ടാകുന്ന കാര്യമായ വര്‍ധനവിലൂടെ നടപ്പ് വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് താങ്ങാവുന്ന ഭവന വിഭാഗം ശക്തമായ ചലനങ്ങള്‍ സൃഷ്ടിക്കുന്നത് തുടരുന്നുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വില്‍പ്പന താരതമ്യേന മന്ദഗതിയില്‍ ആണെങ്കിലും റെറ, ജിഎസ്ടി പോലുള്ള നയപരിഷ്‌കാരങ്ങളുടെ ഗുണകരമായ പ്രതിഫലനം സാധ്യമായി തുടങ്ങിയിട്ടുണ്ടെന്ന് അനാറോക്ക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റിന്റെ ചെയര്‍മാന്‍ അനുജ് പുരി

ജൂണ്‍ പാദത്തില്‍ ഡെല്‍ഹി-എന്‍സിആര്‍, മുംബൈ മെട്രോപോളിറ്റന്‍ റീജണ്‍ (എംഎംആര്‍) , ചെന്നൈ, ബെംഗളൂരു, പുനെ, കൊല്‍ക്കത്ത, ഹൈദരാബാദ്, എന്നീ പ്രധാന ഏഴ് നഗരങ്ങളിലായി ഏതാണ്ട് 50,100 ഭവനങ്ങളാണ് വിറ്റഴിച്ചത്. എംഎംആര്‍, എന്‍സിആര്‍, ബെംഗളൂരു, പൂനെ എന്നീ നഗരങ്ങളിലെ പുതിയ ഭവനങ്ങള്‍ 75 ശതമാനത്തോളം വരും. ഇതേ നഗരങ്ങളിലെ വില്‍ക്കപ്പെടാത്ത ഭവനങ്ങളുടെ എണ്ണം ജൂണ്‍ മാസത്തിലവസാനിച്ച പാദത്തില്‍ 10 ശതമാനത്തോളം കുറഞ്ഞ് ഏഴ് ലക്ഷത്തിലെത്തി.

വിറ്റഴിക്കപ്പെടാതെ കിടക്കുന്ന ഭവനങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനുള്ള സാധ്യതകളാണ് ഡെവലപ്പര്‍മാര്‍ ഇപ്പോള്‍ തിരയുന്നത്. അതിനായി ആകര്‍ഷകമായ വ്യവസ്ഥകളും, സൗജന്യങ്ങളും വിലക്കിഴിവും വാഗ്ദാനം ചെയ്തുകൊണ്ട് ഉപഭോക്കാക്കളെ ആകര്‍ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഡെവലപ്പര്‍മാര്‍. ആവശ്യകതയിലും വിതരണത്തിലുമുള്ള വ്യത്യാസം ഒഴിവാക്കുന്നതിന് കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനായി ഡെവലപ്പര്‍മാര്‍ പുതിയതായി വിതരണത്തിനൊരുങ്ങുന്ന ഭവനങ്ങള്‍ക്കും ന്യായമായ വിലയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

2022 ഓടെ എല്ലാവര്‍ക്കും വീട് എന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് നേട്ടങ്ങള്‍ക്ക് പ്രചോദനമായിരിക്കുന്നത്. താങ്ങാവുന്ന ഭവന നിര്‍മാണ രംഗത്ത് കഴിഞ്ഞ ഏതാനും പാദങ്ങളിലായി സര്‍ക്കാര്‍ തുടര്‍ച്ചയായി പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങള്‍ ഈ മുന്നേറ്റത്തിന് ആക്കം കൂട്ടുന്നുണ്ട്.

Comments

comments

Categories: Business & Economy