മേക്ക് ഇന്‍ ഇന്ത്യയും റോബോട്ടിക്‌സും

മേക്ക് ഇന്‍ ഇന്ത്യയും റോബോട്ടിക്‌സും

ലോകത്തെ ഏറ്റവും വലിയ മൊബീല്‍ ഫാക്റ്ററി സാംസംഗ് ഇന്ത്യയില്‍ തുറന്നു. വലിയ മാറ്റമുണ്ടാക്കും ഇത്, തീര്‍ച്ച. എന്നാല്‍ മേക്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികള്‍ കൂടുതല്‍ ഫലവത്താകണമെങ്കില്‍ ഇതിനോടെല്ലാമൊപ്പം റോബോട്ടിക്‌സിന്റെ സാധ്യതകള്‍ കൂടി സമന്വയിപ്പിക്കണം

ചരിത്രം തിരുത്തിയെഴുതിയ ജനവിധിയിലൂടെ 2014 മേയ് മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷം അദ്ദേഹം മുന്നോട്ടുവെച്ച പ്രധാന പദ്ധതികളിലൊന്നായിരുന്നു മേക്ക് ഇന്‍ ഇന്ത്യ. ഉല്‍പ്പാദന രംഗത്ത് ഭാരതത്തെ ആഗോള ഹബ്ബാക്കി മാറ്റുകയെന്നതായിരുന്നു ഉദ്ദേശ്യം. ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തന്നെ വന്‍കിട ആഗോള കമ്പനികളെ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ സജ്ജീകരിക്കാന്‍ ഭരതത്തിലേക്ക് എത്തിക്കുന്നതു കൂടി ലക്ഷ്യമിട്ടുള്ള ദീര്‍ഘവീക്ഷണം നിറഞ്ഞ പദ്ധതിയായിരുന്നു അത്. നിരവധി വിദേശ കമ്പനികള്‍ ഇന്ത്യയില്‍ ഉല്‍പ്പാദനകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തു വന്നു. രാജ്യത്തെ ഇടത്തരം സംരംഭങ്ങള്‍ക്കും നേട്ടമുണ്ടായി.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ പ്രധാന നേട്ടമായിരുന്നു കഴിഞ്ഞ ദിവസം നോയ്ഡയില്‍ നടന്ന സാംസംഗ് ഫാക്റ്ററിയുടെ ഉദ്ഘാടനം. ലോകത്തെ ഏറ്റവും വലിയ മൊബീല്‍ ഫാക്റ്ററിയെന്ന വിശേഷണത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും ചേര്‍ന്ന് സാംസംഗിന്റെ മെഗാ ഫാക്റ്ററി ഉദ്ഘാടനം ചെയ്തത്. ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് മൊബീലുകള്‍ കയറ്റുമതി ചെയ്യുകയെന്ന വലിയ ലക്ഷ്യത്തോടെ മേക്ക് ഫോര്‍ ദി വേള്‍ഡ് എന്ന തലത്തിലേക്ക് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ ഉയര്‍ത്തിയാണ് സാംസംഗ് ഫാക്റ്ററി വിഭാവനം ചെയ്തിരിക്കുന്നത്.

120 ദശലക്ഷം ഫോണുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള കേന്ദ്രം ആഗോള ഇലക്ട്രോണിക്‌സ് ഭീമനായ സാംസംഗ് ഭാരതത്തിലെ നോയ്ഡയില്‍ തുടങ്ങിയെന്നത് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ വലിയ വിജയങ്ങളിലൊന്ന് തന്നെ. എന്നാല്‍ മോദിയുടെ ഈ സ്വപ്‌ന പദ്ധതി അടുത്ത തലത്തിലെത്തിക്കാന്‍ കാലത്തിനപ്പുറമുള്ള ചില മുന്നേറ്റങ്ങള്‍ കൂടി നടത്തേണ്ടതുണ്ട്. സകലതും റോബോട്ടിക്‌സ് അധിഷ്ഠിതമായി മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെയും ഇതുമായി ഇഴചേര്‍ക്കണം. ആഗോള ഉല്‍പ്പാദകരെ അവരുടെ ഓട്ടോമേറ്റഡ് വിതരണ ശൃംഖലകള്‍ സ്ഥാപിക്കാന്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനാകണം ഇനി സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത്.

പുതിയ കാലത്ത് വിവിധ മേഖലകളില്‍ ഉല്‍പ്പാദനശേഷി വലിയ തോതില്‍ കൈവരിക്കാന്‍ റോബോട്ടിക്‌സും ഓട്ടോമേഷനുമെല്ലാം അനിവാര്യമാണ്. റോബോട്ടിക്‌സ് അധിഷ്ഠിത ഉല്‍പ്പാദനകേന്ദ്രങ്ങള്‍ സമഗ്രമായി സജ്ജീകരിക്കാനുള്ള ആവാസ വ്യവസ്ഥ ഇന്ത്യയിലൊരുക്കുകായണ് വേണ്ടത്. ഓട്ടോമൊബീല്‍ പോലുള്ള രംഗങ്ങളില്‍ ഇത് വലിയ മാറ്റം കൊണ്ടുവരും. ഉല്‍പ്പാദന, വിതരണ ഘട്ടങ്ങളില്‍ ഇന്‍ഡസ്ട്രിയല്‍ റോബോട്ടുകളെ വരെ ഉള്‍പ്പെടുത്തിയുള്ള വലിയ മാറ്റങ്ങളാണ് ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നടക്കുന്നത്. ജപ്പാനും ഇതില്‍ ഏറെ മുന്നേറിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ നിന്നുകൊണ്ടാകണം മേക്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികള്‍ ഇനി പുനര്‍നിര്‍വചിക്കപ്പെടേണ്ടത്.

Comments

comments

Categories: Editorial, Slider