ഇന്ത്യക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തില്‍…

ഇന്ത്യക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തില്‍…

ഇന്ത്യക്കാര്‍ വികസിത രാഷ്ട്രങ്ങളേയും മറ്റു വളര്‍ന്നു വരുന്ന രാജ്യങ്ങളേയും അപേക്ഷിച്ച് ഉയര്‍ന്ന തലത്തിലുള്ള സമ്മര്‍ദ്ദം അനുഭവിക്കുന്നതായി ഈ വര്‍ഷത്തെ സിഗ്ന 360 ഡിഗ്രി വെല്‍ബീയിങ് സര്‍വേ ചൂണ്ടിക്കാട്ടുന്നു. അമേരിക്ക, യുകെ, ജെര്‍മനി, ഫ്രാന്‍സ്, ചൈന, ബ്രസീല്‍, ഇന്തോനേഷ്യ എന്നിവിടങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ സമ്മര്‍ദ്ദം അനുഭവിക്കപ്പെടുന്നതിന്റെ തോത് കൂടുതലാണെന്നാണ് സിഗ്ന ടിടികെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പുറത്തിറക്കിയ സര്‍വേ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യന്‍ ജനതയുടെ 89 ശതമാനവും സമ്മര്‍ദ്ദം അനുഭവിക്കുന്നതായാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതേ സമയം ഇതിന്റെ ആഗോള ശരാശരി 86 ശതമാനം മാത്രമാണ്. ഇതിനു പുറമെ, എട്ടില്‍ ഒരാള്‍ക്കു വീതം സമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്നതില്‍ വലിയ പ്രശ്‌നങ്ങളും നേരിടേണ്ടി വരുന്നു. ഈ നൂറ്റാണ്ടില്‍ ജനിച്ചവരാണ് മറ്റു പ്രായങ്ങളിലുള്ളവരെ അപേക്ഷിച്ചു കൂടുതല്‍ ബുദ്ധിമുട്ടുന്നത്.

സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട തങ്ങളുടെ പ്രശ്‌നത്തെക്കുറിച്ച് ഒരു വൈദ്യശാസ്ത്ര പ്രൊഫഷണലുമായി സംസാരിക്കുവാന്‍ താല്‍പ്പര്യമില്ലെന്നാണ് സര്‍വേയില്‍ പ്രതികരിച്ചവരില്‍ 75 ശതമാനവും അഭിപ്രായപ്പെട്ടത്. ചെലവു തന്നെയാണ് ഇക്കാര്യത്തില്‍ പ്രൊഫഷണലുകളുടെ സഹായം തേടുന്നതിനുള്ള ഏറ്റവും വലിയ തടസ്സമായി ചൂണ്ടിക്കാണിക്കപ്പെട്ടത്.

അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആരോഗ്യ സേവന കമ്പനിയായ സിഗ്ന കോര്‍പ്പറേഷനും ഇന്ത്യയിലെ ടിടികെ ഗ്രൂപ്പും ചേര്‍ന്നുളള സംയുക്ത സംരംഭമായ സിഗ്ന ടിടികെ ഹെല്‍ത്ത് ഇന്‍ഷുറന്‍സാണ് സിഗ്ന 350 ഡിഗ്രി വെല്‍ബീയിങ് സര്‍വേ സംഘടിപ്പിച്ചത്. ഈ സര്‍വേയുടെ നാലാം വര്‍ഷമായ 2018 ല്‍ കൂടുതല്‍ ദീര്‍ഘ വീക്ഷണത്തോടു കൂടിയ സമീപനമാണ് കൈക്കൊണ്ടിട്ടുള്ളത്. തങ്ങളുടെ ആരോഗ്യം, മികച്ച സാഹചര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടു ജനങ്ങള്‍ക്കുള്ള കാഴ്ചപ്പാടുകള്‍, ആശങ്കകള്‍ എന്നിവയാണ് ഇവിടെ പരിഗണിക്കുന്നത്.

ഭൗതിക ജീവിതം, കുടുംബം, സാമൂഹ്യ ജീവിതം, സാമ്പത്തിക കാര്യങ്ങള്‍, ജോലി തുടങ്ങിയ സുപ്രധാന ഘടകങ്ങള്‍ ഇവിടെ കണക്കിലെടുത്തിട്ടുണ്ട്. ആഗോള തലത്തിലെ 23 വിപണികളിലായി 14,500 പേരോടു സംസാരിച്ച ശേഷമാണ് ഈ സര്‍വേ തയ്യാറാക്കിയിട്ടുള്ളത്.

ആഗോള വെല്‍ബീയിങ് സൂചികയില്‍ ഇന്ത്യ തുടര്‍ച്ചയായ നാലാം വര്‍ഷവും ഉയര്‍ന്ന സ്ഥാനമാണു നിലനിര്‍ത്തിയിരിക്കുന്നത്. ഭൗതീക, സാമൂഹ്യ, കുടുംബ മേഖലകളിലെ മികച്ച സാഹചര്യങ്ങളുടെ കാര്യത്തില്‍ ചെറിയ തോതിലുള്ള ഇടിവേ രാജ്യം കാഴ്ചവെച്ചിട്ടുള്ളു. ഇതേ സമയം ജോലിയുമായും സാമ്പത്തിക കാര്യങ്ങളുമായും ബന്ധപ്പെട്ട മികച്ച നിലയെക്കുറിച്ച് സര്‍വേയില്‍ പങ്കെടുത്തവര്‍ ശുഭാപ്തി വിശ്വാസമാണു പ്രകടിപ്പിച്ചത്.

ജോലിയും സാമ്പത്തികവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാര്‍ക്ക് ഉയര്‍ന്ന സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നതായി സിഗ്ന 360 ഡിഗ്രി വെല്‍ബീയിങ്‌സര്‍വേ

സുഹൃത്തുക്കളുമായി ആവശ്യമായ സമയം ചെലവഴിക്കുന്നില്ലെന്നും ഹോബികള്‍ക്കായി ആവശ്യമായ സമയം ചെലവഴിക്കുന്നില്ലെന്നുമാണ് ഇന്ത്യയില്‍ നിന്നു സര്‍വേയില്‍ പങ്കെടുത്തവരില്‍ 50 ശതമാനവും അഭിപ്രായപ്പെട്ടത്. മാതാപിതാക്കളേയും കുട്ടികളേയും സാമ്പത്തികമായി പിന്തുണക്കാനുള്ള ശേഷിയെക്കുറിച്ചുള്ള ആശങ്കകളാണ് കുടുംബത്തിന്റെ ക്ഷേമത്തെ കാര്യമായി ബാധിച്ചിരിക്കുന്നത്.

ജോലി, സാമ്പത്തിക കാര്യങ്ങള്‍ എന്നിവയാണ് ജനങ്ങള്‍ക്കു സമ്മര്‍ദ്ദം ഉണ്ടാക്കുന്ന ഏറ്റവും പ്രധാന ഘടകങ്ങള്‍. എന്നാല്‍ ജോലി സ്ഥലത്തെ മികച്ച അവസ്ഥയുടെ കാര്യത്തില്‍ സര്‍വേയില്‍ പങ്കെടുത്തവരില്‍ കൂടുതല്‍ പേരും അനുകൂല രീതിയിലാണ് പ്രതികരിച്ചത്. തങ്ങള്‍ക്ക് ജോലി സ്ഥലത്തെ ക്ഷേമ പദ്ധതികള്‍ വഴി പിന്തുണ ലഭിക്കുന്നു എന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം പരിപാടികള്‍ വളരെ പ്രധാനപ്പെട്ടതാണെന്നാണ് 87 ശതമാനം പേരും അഭിപ്രായപ്പെട്ടത്. ഇവ സമ്മര്‍ദ്ദം ചുരുക്കുന്ന കാര്യത്തില്‍ ഗണ്യമായ പിന്തുണയാണു നല്‍കുന്നതെന്നും അവര്‍ പറയുന്നു.

ജീവനക്കാരുടെ ആരോഗ്യത്തിലും ക്ഷേമത്തിലും ജോലി സ്ഥലം നിര്‍ണായക പങ്കാണു വഹിക്കുന്നതെന്ന് സിഗ്ന ടിടികെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ പ്രസൂന്‍ സിക്ദര്‍ പറഞ്ഞു. ജോലി സ്ഥലത്തെ സമ്മര്‍ദ്ദം കൈകാര്യം ചെയ്യുകയെന്നത് കോര്‍പറേഷനുകളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അവര്‍ക്കായുള്ള ക്ഷേമ പരിപാടികള്‍ ജീവനക്കാര്‍ക്കായുള്ള ആനുകൂല്യ പദ്ധതികളില്‍ ഉള്‍പ്പെടുത്തണം.

അനുയോജ്യമായ തൊഴില്‍ സമയം, മാനസിക ക്ഷേമം ഉള്‍പ്പെട്ട സമ്മര്‍ദ്ദ ആസൂത്രണ പദ്ധതികള്‍ എന്നിവ തൊഴില്‍ ദാതാക്കള്‍ പരിഗണിക്കേണ്ടതാണ്. ഇത് ജീവനക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും സഹായകമാകുമന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതു മേഖലയെ അപേക്ഷിച്ച് സ്വകാര്യ മേഖലയിലെ ആരോഗ്യ സേവനങ്ങളാണ് ചെലവ് ഒഴികെ എല്ലാ കാര്യങ്ങളിലും മികച്ചതെന്ന അഭിപ്രായമാണ് ഇന്ത്യയിലുള്ളവര്‍ പ്രകടിപ്പിക്കുന്നത്

ഇന്ത്യയില്‍ നിന്നു പ്രതികരിച്ചവരില്‍ രണ്ടിലൊരാള്‍ വീതം പ്രായമാകുന്ന വേളയില്‍ തങ്ങളുടെ സമ്പാദ്യത്തില്‍ നിന്നു ആരോഗ്യ സേവന ചെലവുകള്‍ നേരിടാന്‍ തയ്യാറെടുക്കുന്നു എന്നാണ് സര്‍വേകണ്ടെത്തിയിരിക്കുന്നത്. പത്തില്‍ നാലു പേര്‍ വീതം സ്വന്തമായി ആരോഗ്യ ഇന്‍ഷുറന്‍സ് വാങ്ങിയിട്ടുമുണ്ട്. പ്രായമാകുന്ന അവസ്ഥയിലേക്കായി തയ്യാറെടുത്തിട്ടുണ്ടെന്ന് അവകാശപ്പെടുന്നവര്‍ മികച്ച രീതിയില്‍ ആസൂത്രണം നടത്തിയിട്ടുണ്ട്. അവര്‍ സ്ഥിരമായ ആരോഗ്യ പരിശോധനകള്‍ നടത്തുകയും ആരോഗ്യ ഇന്‍ഷൂറന്‍സ് വാങ്ങുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ വലിയൊരുവിഭാഗം മുഴുവന്‍ സമയ ജോലി ഉള്ളവരുമാണ്.

പൊതു മേഖലയെ അപേക്ഷിച്ച് സ്വകാര്യ മേഖലയിലെ ആരോഗ്യ സേവനങ്ങളാണ് ചെലവ് ഒഴികെ എല്ലാ കാര്യങ്ങളിലും മികച്ചതെന്ന അഭിപ്രായമാണ് ഇന്ത്യയിലുള്ളവര്‍ പ്രകടിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ എല്ലാ സാഹചര്യങ്ങളിലും സ്വകാര്യ ആരോഗ്യ സേവന മേഖലയ്ക്കാണവര്‍ മുന്‍ഗണന നല്‍കുന്നത്. ആരോഗ്യ സേവനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെക്കുന്നതിനും ഇവിടെയുള്ളവര്‍ കൂടുതല്‍ സന്നദ്ധത പ്രകടിപ്പിക്കുന്നു. ഇതിന് അനുകൂലമായ നിലപാടാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ 90 ശതമാനവും കൈക്കൊണ്ടത്. ഇത് കുറഞ്ഞ ചെലവില്‍ മികച്ച ചികില്‍സ ലഭ്യമാക്കാന്‍ സഹായിക്കുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിനെക്കുറിച്ച് അറിയേണ്ടതുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

സാധ്യമായ നിലയില്‍ പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത ഈ വിപണിയില്‍ ആവശ്യം അനുസരിച്ചുള്ള സേവനങ്ങള്‍ ലഭ്യമാക്കിയാണു മുന്നോട്ടു പോകേണ്ടതെന്ന് ഇതുമായി ബന്ധപ്പെട്ടു പ്രതികരിക്കവെ സിഗ്ന ടിടികെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വിപണന, കമ്യണിക്കേഷന്‍സ് വിഭാഗം മേധാവി സപ്‌ന ദേശായ് പറഞ്ഞു. ഇന്ത്യയില്‍ ആരോഗ്യ ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട പുതിയ നീക്കങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നാണു തങ്ങള്‍ വിശ്വസിക്കുന്നത്. ഡിജിറ്റല്‍ ഹെല്‍ത്ത് ഡാറ്റ പ്രയോജനപ്പെടുത്തുന്നതും മികച്ച നേട്ടങ്ങള്‍ കൈവരിക്കുവാന്‍ സഹായകമാകും. ഇതിനു സഹായകമായ സൗകര്യങ്ങള്‍ ലഭ്യമാകുമെന്നും സപ്‌ന ദേശായി ചൂണ്ടിക്കാട്ടി.

Comments

comments

Categories: FK Special, Slider