ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ ഇന്ത്യക്ക് 57-ാം സ്ഥാനം

ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ ഇന്ത്യക്ക് 57-ാം സ്ഥാനം

80 ഘടകങ്ങളെ അടിസ്ഥാനമാക്കി 126 സമ്പദ്‌വ്യവസ്ഥകളെയാണ് ജിഐഐയില്‍ റാങ്ക് ചെയ്തിട്ടുള്ളത്

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും മികച്ച ഇന്നൊവേറ്റീവ് രാജ്യങ്ങളെ അടയാളപ്പെടുത്തുന്ന ആഗോള ഇന്നൊവേഷന്‍ സൂചിക (ജിഐഐ)യില്‍ ഇന്ത്യക്ക് 57-ാം സ്ഥാനം. കഴിഞ്ഞ വര്‍ഷത്തെ സൂചികയില്‍ 60-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2015ല്‍ സൂചികയില്‍ 81-ാം സ്ഥാനത്തായിരുന്ന ഇന്ത്യ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ റാങ്കിംഗില്‍ മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ട്. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡബ്ല്യുഐപിഒയും (വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്‍) കോര്‍ണല്‍ സര്‍വകാലാശാലയും ചേര്‍ന്നാണ് ആഗോള ഇന്നൊവേറ്റീവ് സൂചിക തയാറാക്കിയിരിക്കുന്നത്.

80 ഘടകങ്ങളെ അടിസ്ഥാനമാക്കി 126 സമ്പദ്‌വ്യവസ്ഥകളെയാണ് ജിഐഐയില്‍ റാങ്ക് ചെയ്തിട്ടുള്ളത്. നിലവില്‍ 11-ാമത്തെ വര്‍ഷമാണ് സൂചിക തയാറാക്കുന്നത്. 2014ലെയും 2015ലെയും കുത്തനെയുള്ള ഇടിവിനുശേഷം കഴിഞ്ഞ നാല് വര്‍ഷമായി ഇന്ത്യയുടെ റാങ്കിംഗില്‍ സ്ഥിരമായ പുരോഗതി നിരീക്ഷിക്കാനായിട്ടുണ്ടെന്നും ഇന്ത്യക്ക് ഉയര്‍ന്ന റാങ്ക് നേടാന്‍ കഴിയുന്നില്ല എന്നത് ആശ്ചര്യമാണെന്നും ഡബ്ല്യുഐപിഒ ഡയറക്റ്റര്‍ ജനറല്‍ ഫ്രാന്‍സിസ് ഗറി പറഞ്ഞു. എന്നല്‍, നിലവില്‍ ഇന്ത്യയുടെ റാങ്കിംഗ് വളര്‍ച്ചയില്‍ സ്ഥിരതയുണ്ടെന്നും ഈ പ്രവണത തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ പ്രകടനം വിലയിരുത്തുമ്പോള്‍ മികച്ച റാങ്ക് സ്വന്തമാക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്. ഈ വിഭാഗത്തില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. മധ്യ-ദക്ഷിണേഷ്യന്‍ മേഖലയിലെ ഏറ്റവും ഇന്നൊവേറ്റീവ് ആയിട്ടുള്ള രാജ്യം ഇന്ത്യയാണെന്നും ജിഐഐ റാങ്കിംഗ് വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി മിക്ക ഏഷ്യന്‍ രാജ്യങ്ങളുടെയും റാങ്കിംഗില്‍ സുസ്ഥിരമായ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് കോര്‍ണര്‍ സര്‍വകാലാശാലയില്‍ നിന്നുള്ള പ്രൊഫസര്‍ സൗമിത്ര ദത്ത ചൂണ്ടിക്കാട്ടി.

പട്ടികയില്‍ ജപ്പാനാണ് മുന്നിലുള്ളത്. 2017ലെ ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ 22-ാം സ്ഥാനത്തായിരുന്ന ചൈന ഈ വര്‍ഷം 17-ാം സ്ഥാനത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷമായി റാങ്കിംഗില്‍ വലിയ മുന്നേറ്റമാണ് ചൈന നടത്തുന്നത്.

Comments

comments

Categories: Business & Economy