ഇന്ത്യ ആറാമത്തെ സാമ്പത്തിക ശക്തി

ഇന്ത്യ ആറാമത്തെ സാമ്പത്തിക ശക്തി

ഒരു ദശാബ്ദത്തിനിടെ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദാനത്തില്‍ ഇരട്ടി വര്‍ധനയാണ് ഉണ്ടായത്

ന്യൂഡെല്‍ഹി: ലോകത്തിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയെന്ന ഖ്യാതി ഇന്ത്യ സ്വന്തമാക്കിയതായി ലോക ബാങ്ക്. ഫ്രാന്‍സിനെ പിന്തള്ളിയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ലോകബാങ്കിന്റെ 2017ലെ പുതുക്കിയ പട്ടിക പ്രകാരം കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉല്‍പ്പാദനം (ജിഡിപി) 2.597 ട്രില്യണ്‍ ഡോളറിലെത്തി. ഇക്കാലയളവിലെ ഫ്രാന്‍സിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 2.582 ട്രില്യണ്‍ ഡോളറാണ്.
അമേരിക്കയാണ് പട്ടികയില്‍ ഒന്നാമത്. ചൈന. ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലുള്ളത്. 2016 നവംബറില്‍ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍ നയം ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള വിവിധ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ഏതാനും പാദങ്ങളില്‍ രാജ്യത്തിന്റെ സാമ്പത്തിക പ്രകടനത്തില്‍ പ്രതികൂലമായ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍, 2017 ജൂലൈ മുതല്‍ ഇങ്ങോട്ട് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ശക്തമായ തിരിച്ചുവരവ് നടത്തുന്നതായാണ് കണ്ടത്.

പ്രതിശീര്‍ഷ ജിഡിപിയില്‍ ഫ്രാന്‍സിനേക്കാള്‍ ഏറേ പുറകിലാണ് ഇപ്പോഴും ഇന്ത്യ. ഇന്ത്യയില്‍ 1.34 ബില്യണ്‍ ജനങ്ങളുള്ളപ്പോള്‍ ഫ്രാന്‍സിന്റെ ജനസംഖ്യ 67 മില്യണാണ്. പ്രതിശീര്‍ഷ ജിഡിപിയില്‍ ഫ്രാന്‍സ് ഇന്ത്യയേക്കാള്‍ 20 മടങ്ങോളം മുന്നിലാണെന്ന് ലോക ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

മാനുഫാക്ച്ചറിംഗ് മേഖലയിലെ മികച്ച പ്രകടനവും ഉപഭോക്തൃ ആവശ്യകതയിലുണ്ടായ വര്‍ധനയുമാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ടുനയിച്ച പ്രധാന ഘടകങ്ങളെന്നാണ് ലോകബാങ്കിന്റെ വിലയിരുത്തല്‍. ഒരു ദശാബ്ദത്തിനിടെ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദാനത്തില്‍ ഇരട്ടി വര്‍ധനയാണ് ഉണ്ടായിട്ടുള്ളതെന്നും ലോക ബാങ്ക് ചൂണ്ടിക്കാട്ടി. ചൈനയുടെ വളര്‍ച്ച താഴേക്ക് പോകുന്ന സാഹചര്യത്തില്‍ ഏഷ്യന്‍ മേഖലയുടെ വളര്‍ച്ചയിലെ പ്രധാന ചാലക ശക്തിയായി ഇന്ത്യ മാറുമെന്ന പ്രതീക്ഷയും ലോക ബാങ്ക് റിപ്പോര്‍ട്ട് പങ്കുവെച്ചു.

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനം സ്വന്തമാക്കിയതായി ഈ വര്‍ഷം ഏപ്രിലില്‍ ഐഎംഎഫും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടപ്പാക്കിയ ജിഎസ്ടി ഉള്‍പ്പടെയുള്ള പരിഷ്‌കരണങ്ങള്‍ ഇന്ത്യക്ക് ഗുണം ചെയ്തിട്ടുണ്ടെന്നായിരുന്നു ഐഎംഎഫിന്റെയും നിരീക്ഷണം. ഈ വര്‍ഷം ഇന്ത്യ 7.4 ശതമാനം വളര്‍ച്ച നേടുമെന്നാണ് അന്താരാഷ്ട്ര നാണ്യ നിധിയുടെ വിലയിരുത്തല്‍. അടുത്ത വര്‍ഷം ഇന്ത്യക്ക് 7.8 ശതമാനം വളര്‍ച്ച നേടാനാകും. ഉപഭോക്തൃ ചെലവിടലും നികുതി പരിഷ്‌കരണവും ഇന്ത്യയുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുമെന്നാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്.

മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം ഇന്ത്യ ബ്രിട്ടനെയും ഫ്രാന്‍സിനെയും മറികടക്കുമെന്ന് കഴിഞ്ഞ വര്‍ഷം അവസാനം ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഇക്കണോമിക് ആന്‍ഡ് ബിസിനസ് റിസര്‍ച്ച് (സെബര്‍) പറഞ്ഞിരുന്നു. 2032ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നാണ് സെബര്‍ പറയുന്നത്. 2017ന്റെ അവസാനത്തെ കണക്ക് പ്രകാരം 2.622 ട്രില്യണ്‍ ഡോളറാണ് ബ്രിട്ടന്റെ ജിഡിപി. ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ബ്രിട്ടന്‍.

Comments

comments

Categories: Slider, Top Stories