ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറച്ച് ഇന്ത്യ

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറച്ച് ഇന്ത്യ

നല്‍കുന്ന ആനുകൂല്യങ്ങള്‍ പിന്‍വലിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

ന്യൂഡെല്‍ഹി: ഇറാനില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ജൂണില്‍ 15.9 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. ഇറാനെതിരെയുള്ള ഉപരോധം പുനഃസ്ഥാപിക്കുമെന്ന് യുഎസ് പ്രഖ്യാപിച്ചതിനുശേഷമുള്ള ആദ്യമാസമാണ് ഇന്ത്യയിലേക്കുള്ള ഇറാനിയന്‍ എണ്ണയുടെ ഇറക്കുമതിയില്‍ ഈ കുറവ് സംഭവിച്ചിരിക്കുന്നത്.

ജൂണില്‍ പ്രതിദിനം 592,800 ബാരല്‍ എണ്ണയാണ് ഇന്ത്യ ഇറാനില്‍ നിന്നും ഇറക്കുമതി ചെയ്തിട്ടുള്ളത്. മേയില്‍ പ്രതിദിനം 705,200 ബാരല്‍ ഇറാനിയന്‍ ഓയില്‍ പ്രതിദിനം ഇറക്കുമതി ചെയ്ത സ്ഥാനത്താണിത്. ഇറാനെതിരെ ഉപരോധം പുനഃസ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഇന്ത്യയടക്കമുള്ള എല്ലാ രാജ്യങ്ങളോടും നവംബര്‍ നാല് മുതല്‍ ഇറാനിയന്‍ എണ്ണ ഇറക്കുമതി നിര്‍ത്തലാക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നിറവേറ്റാന്‍ ഇന്ത്യ തയാറായാല്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വരുന്ന മാസങ്ങളിലും വലിയ തോതില്‍ വെട്ടി കുറച്ചേക്കും.

ഈ സാഹചര്യത്തില്‍ എണ്ണ ആവശ്യകത നിറവേറ്റുന്നതിനുള്ള ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താനും ഇന്ത്യ രാജ്യത്തെ എണ്ണ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ ഇന്ത്യക്ക് നിലവില്‍ നല്‍കിവരുന്ന പ്രത്യേക പരിഗണനകള്‍ അവസാനിപ്പിക്കുമെന്ന് ഇറാന്‍ ഡെപ്യൂട്ടി അംബാസഡര്‍ മസൗദ് റസ്വാനിയമന്‍ റഹാഗി മുന്നിറിയിപ്പ് നല്‍കി. ചബഹര്‍ തുറമുഖ വികസനത്തിന് വാഗ്ദാനം ചെയ്തിട്ടുള്ള നിക്ഷേപം പൂര്‍ത്തീകരിക്കാന്‍ ഇന്ത്യക്ക് സാധിക്കാത്തത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ‘ആഗോള നയതന്ത്രത്തിലെ ഉയരുന്ന വെല്ലുവിളികളും അവസരങ്ങളും, ഇന്ത്യയുമായുള്ള ബന്ധത്തില്‍ അതിന്റെ സ്വാധീനം’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈന കഴിഞ്ഞാല്‍ ഇറാന്റെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവാണ് ഇന്ത്യ. നിലവില്‍ സാമ്പത്തികമായി നിരവധി പരിഗണനകള്‍ ഇറാന്‍ ഇന്ത്യക്ക് നല്‍കുന്നുണ്ട്. യുഎസ്, സൗദി അറേബ്യ, ഇറാഖ്, എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചാല്‍ ഇത്തരം ആനുകൂല്യങ്ങള്‍ ഇല്ലാതാകും. മാത്രമല്ല, അത് രാജ്യത്തിന്റെ എണ്ണ ഇറക്കുമതി ബില്ലില്‍ കാര്യമായ സ്വാധീനം ചെലുത്തുകയും ചെയ്യും. ഇറാനുമായുള്ള ആണവകരാറില്‍ നിന്നും പിന്മാറിയതിനുശേഷമാണ് ഉപരോധം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ യുഎസ് ആരംഭിച്ചത്. ഈ നീക്കത്തില്‍ മറ്റ് രാജ്യങ്ങളെ കൂടി പങ്കാളികളാക്കി ഇറാനെ കൂടുതല്‍ ഒറ്റപ്പെടുത്താനാണ് യുഎസിന്റെ ശ്രമം.

Comments

comments

Categories: Slider, Top Stories