ഹോണ്ട കാറുകളുടെ വില വര്‍ധിക്കും

ഹോണ്ട കാറുകളുടെ വില വര്‍ധിക്കും

10,000 മുതല്‍ 35,000 രൂപ വരെ വിവിധ മോഡലുകളുടെ വില വര്‍ധിപ്പിക്കും

ന്യൂഡെല്‍ഹി : ഓഗസ്റ്റ് ഒന്നിന് കാറുകളുടെ വില വര്‍ധിക്കുമെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ അറിയിച്ചു. 10,000 മുതല്‍ 35,000 രൂപ വരെയാണ് വിവിധ മോഡലുകളുടെ വില വര്‍ധിപ്പിക്കുന്നത്. കസ്റ്റംസ് തീരുവ സര്‍ക്കാര്‍ വര്‍ധിപ്പിച്ചതും ഉല്‍പ്പാദന ചെലവുകളും കടത്തുകൂലിയും വര്‍ധിച്ചതുമാണ് വില വര്‍ധനയ്ക്ക് കാരണമായി ഹോണ്ട പറയുന്നത്.

ഈയിടെ പുറത്തിറക്കിയ ഹോണ്ട അമേസിന്റെ വിലയും വര്‍ധിപ്പിക്കും. ന്യൂ-ജെന്‍ അമേസ് അവതരിപ്പിക്കുന്ന സമയത്ത് നിശ്ചയിച്ച പ്രാരംഭ വിലയില്‍ ഓഗസ്റ്റ് ഒന്നിന് മാറ്റം വരുമെന്ന് കമ്പനി വ്യക്തമാക്കി. എല്ലാ മോഡലുകളുടെയും വര്‍ധിപ്പിച്ച വില ഓഗസ്റ്റ് ഒന്നിന് നിലവില്‍ വരുമെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് രാജേഷ് ഗോയല്‍ പറഞ്ഞു.

ഈയിടെ പുറത്തിറക്കിയ ഹോണ്ട അമേസിന്റെ വിലയും വര്‍ധിപ്പിക്കും

ഇന്ത്യന്‍ കാര്‍ വിപണിയില്‍ 2014 ല്‍ ഏഴ് ശതമാനമായിരുന്നു ഹോണ്ടയുടെ വിപണി വിഹിതം. എന്നാല്‍ 2017 ല്‍ ഇത് 5 ശതമാനമായി കുറഞ്ഞു. മാരുതി സുസുകിയും ഹ്യുണ്ടായും പുതിയ കാറുകള്‍ പുറത്തിറക്കിയതാണ് ഹോണ്ടയുടെ തിരിച്ചടിക്ക് കാരണമായത്. 2018-19 ല്‍ ഇതിനൊരു മാറ്റം വരുത്താനാണ് ഹോണ്ട ശ്രമിക്കുന്നത്. പുതിയ മൂന്ന് കാറുകളില്‍ ന്യൂ-ജെന്‍ അമേസ് ഇതിനകം വിപണിയിലെത്തിച്ചു. പുതിയ സിആര്‍-വി, സിവിക് എന്നിവയാണ് മറ്റ് രണ്ട് കാറുകള്‍. പുതിയ നിക്ഷേപവും പുതിയ ഉല്‍പ്പന്നങ്ങളുമായി ഇന്ത്യയിലെ വിപണി വിഹിതം ഇരട്ടിയാക്കുകയാണ് ലക്ഷ്യം.

Comments

comments

Categories: Auto