ഭൂമിക്ക് ഇടം കൊടുക്കാനാവുന്ന മനുഷ്യരെത്ര?

ഭൂമിക്ക് ഇടം കൊടുക്കാനാവുന്ന മനുഷ്യരെത്ര?

എല്ലാ വിധ പ്രതിസന്ധികള്‍ക്കുമിടയിലും ലോക ജനസംഖ്യ 760 കോടിയിലേക്ക് കുതിച്ചെത്തുകയാണ്. ഭൂമിക്ക് പുറത്ത് കോളനികള്‍ സൃഷ്ടിച്ച് താമസം മാറ്റാനുള്ള സ്വപ്‌നവും ഒരരികില്‍ അതിവേഗം യാഥാര്‍ഥ്യത്തിലേക്കടുക്കുന്നു. ഉപ്പിനോളമാവില്ല ഉപ്പിലിട്ടത് എന്നും പറയും പോലെ, മനുഷ്യ ഇടപെടലുകള്‍ക്ക് മുന്‍പ് അതിസുന്ദരമായിരുന്ന, ഇപ്പോഴും ആ മനോഹാരിതയുടെ ചില തുരുത്തുകള്‍ അവശേഷിപ്പിക്കുന്ന ഈ ഭൂമിയോളം വരില്ല മറ്റൊരു ഗ്രഹവും. ജനസംഖ്യാ വര്‍ദ്ധനവും അനുബന്ധ പ്രശ്‌നങ്ങളും നമ്മെ എങ്ങോട്ടാണ് നയിക്കുന്നത്?

ഭൂഗോളത്തില്‍ ഏറ്റവും ബാഹുല്യമുള്ള സസ്തനിയാണ് ഇന്ന് മനുഷ്യന്‍. ഭൂമിയുടെ ജൈവിക ചരിത്രമെടുത്ത് പരിശോധിച്ചാലും ഇത്രയധികം പെറ്റുപെരുകി വ്യാപിച്ച മറ്റൊരു ജീവിവര്‍ഗം ഉണ്ടാവാനിടയില്ല. ഈ ലോക ജനസംഖ്യാ ദിനത്തില്‍ ഭൂമിയില്‍ അധിവസിക്കുന്ന മനുഷ്യരുടെ ആകെ എണ്ണം 750 കോടിക്കും 760 കോടിക്കും ഇടയിലാണ്. ഭൂമിക്ക് ഈ ജനബാഹുല്യത്തെ എത്രമാത്രം പിന്തുണക്കാനാകും എന്നതാണ് ഈ ഘട്ടത്തില്‍ ഉയരുന്ന ചോദ്യം. ജനസംഖ്യാ വളര്‍ച്ചയും വിഭവങ്ങളുടെ അമിത ചൂഷണവും നിയന്ത്രിക്കാന്‍ നാം ഒന്നും ചെയ്തില്ലെങ്കില്‍ ഭാവിയില്‍ എന്താവും സംഭവിക്കുക? പാരിസ്ഥിതികവും, രാഷ്ട്രീയവും, നൈതികവുമായതും അടിയന്തിരമായി അഭിസംബോധന ചെയ്യപ്പെടേണ്ടതുമാണ് ഈ സങ്കീര്‍ണമായ ചോദ്യങ്ങള്‍. നമ്മുടെ വര്‍ഗത്തിന്റെ പാരിസ്ഥിതികമായ കാല്‍ച്ചുവടുകളിലേക്ക് എന്തിന് വെളിച്ചം വീശുന്നുവെന്ന് ലളിതമായ ചില കണക്കുകള്‍ വിശദമാക്കുന്നു.

വളര്‍ച്ചയുടെ സരള ഗണിതം

അളവറ്റ പ്രകൃതിവിഭവങ്ങളുള്ള ഒരു അനുകൂല പരിതസ്ഥിതിയില്‍ ജനസംഖ്യ സ്‌ഫോടനാത്മകമായി വളരുന്നു. ഇത്തരമൊരു വളര്‍ച്ചയുടെ പ്രത്യേക സവിശേഷത, ഇരട്ടി വലിപ്പത്തിലെത്താന്‍ ജനസംഖ്യ എടുക്കുന്ന കുറഞ്ഞ സമയമാണ്. സ്‌ഫോടനാത്മകമായ വളര്‍ച്ച വളരെ സാവധാനമാണ് ആരംഭിക്കുന്നത്. ഏതാനും ഇരട്ടിപ്പുകളുണ്ടാവുന്നതിനു മുന്‍പ് അത് ഒരിക്കലും പത്യക്ഷത്തില്‍ ദൃശ്യമാവില്ല.

ഉദാഹരണത്തിന്, ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസിന്റെ കമ്പനിയിലാണ് നിങ്ങള്‍ ജോലിയെടുക്കുന്നതെന്ന് കരുതുക. ഓരോ മാസവും ശമ്പളം ഇരട്ടിയാക്കുമെന്നാണ് തൊഴില്‍ കരാറെന്നും വിചാരിക്കുക. അതായത് 2019 ജനുവരി ഒന്നിന് നിങ്ങള്‍ക്ക് ശമ്പളമായി ലഭിച്ചത് ഒരു രൂപയാണെങ്കില്‍ ഫെബ്രുവരി 1 ന് ഇത് രണ്ട് രൂപയാക്കുന്നു. മാര്‍ച്ച് ഒന്നാകുമ്പോഴേക്കും ഇത് നാല് രൂപയാക്കും. അങ്ങനെയാകുമ്പോള്‍ അദ്ദേഹത്തിന്റെ 100 ബില്ല്യണ്‍ ഡോളര്‍ ആസ്തിയുള്ള കമ്പനിക്ക് എത്രകാലം നിങ്ങളെ തീറ്റിപ്പോറ്റാന്‍ സാധിക്കും. ഒരു നിമിഷം ആലോചിച്ച് കണക്ക് കൂട്ടുക.

ഒരു വര്‍ഷത്തിനു ശേഷം, അതായത് 12 പേമെന്റുകള്‍ക്ക് ശേഷം നിങ്ങളുടെ ശമ്പളം 512 രൂപയാകും. രണ്ട് വര്‍ഷത്തിനു ശേഷം ഇത് 5, 24,288 രൂപയിലെത്തും. മൂന്നു വര്‍ഷം കൊണ്ട് ഇത് പിന്നെയും വര്‍ധിച്ച് 2017 ല്‍ ജെഫ് ബസോസ് ഒരാഴ്ച നേടിയ വരുമാനത്തിന്റെ അത്രയും എത്തും. 43-ാം പേമെന്റ്, അതായത് 2022 ജൂലൈ 1 ലെ ശമ്പളമാകുമ്പോഴേക്കും ഇത് എത്ര വലിയ തുകയാകുമെന്ന് ആലോചിച്ചു നോക്കൂ. സമാനമായ രീതിയിലാണ് ജനസംഖ്യയുടെയും വളര്‍ച്ച.

യഥാര്‍ത്ഥ ജനസംഖ്യാ വളര്‍ച്ച

യഥാര്‍ത്ഥ ജനസംഖ്യയുടെ കാര്യത്തില്‍ ഇരട്ടിയാകാനെടുക്കുന്ന സമയം സ്ഥായിയല്ല. 1800 ലാണ് മനുഷ്യ ജനസംഖ്യ ഒരു ബില്യണിലെത്തിയത്. ഇരട്ടിക്കാനെടുത്ത കാലയളവ് 300 വര്‍ഷങ്ങളാണ്.
1927 ല്‍ ഇത് രണ്ട് ബില്യണിലെത്തി. അതായത് 127 വര്‍ഷത്തോളമെടുത്തു ജനസംഖ്യ വീണ്ടും ഇരട്ടിക്കാന്‍. 1974 ല്‍ ആണ് നാല് ബില്യണില്‍ ലോക ജനസംഖ്യ എത്തിയത്. ഇതിനെടുത്തതാകട്ടെ വെറും 47 വര്‍ഷം മാത്രം.

അതേസമയം, 2030 ഓടെ ലോക ജനസംഖ്യ എട്ട് ബില്യണിലെത്തുമെന്നാണ് കണക്കാക്കുന്നത്. ഇരട്ടിക്കാന്‍ വേണ്ടി വരുന്ന സമയം 49 വര്‍ഷങ്ങളും. അപ്രതീക്ഷിതമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെങ്കില്‍ 2100 ഓടെ ജനസംഖ്യാ നിരക്ക് 10 മുതല്‍ 12 ബില്യണ്‍ വരെയായിരിക്കും.

ഈ മുന്‍കൂട്ടിക്കണ്ട വര്‍ധന കഠിനമായ ജൈവശാസ്ത്രപരമായ യാഥാര്‍ത്ഥ്യത്തിന്റെ സൂചനയാണ് നല്‍കുന്നത്. ഭൂമിയുടെ മനുഷ്യനെ വഹിക്കാനുള്ള ശേഷിയാണ് ജനസംഖ്യയെ നിയന്ത്രിച്ചു നിര്‍ത്തുന്നത്. പട്ടിണി മൂലവും രോഗങ്ങള്‍ മൂലവുമുണ്ടാകുന്ന അകാല മരണങ്ങള്‍ ജനനനിരക്ക് സന്തുലിതമാക്കുന്നു. 2020 ആകുമ്പോഴേക്കും ലോകത്താകമാനമായി 7,795,482 ജനങ്ങള്‍ ഉണ്ടാകുമെന്നാണ് ഐക്യ രാഷ്ട്ര സഭയുടെ കണക്ക്.

പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍

ജലത്തിന്റെ ഉറവിടങ്ങള്‍, ഹിമാനികള്‍, ഫലഭൂയിഷ്ടമായ മണ്ണ്, കാടുകള്‍, മത്സ്യ സമ്പത്ത്, കടല്‍ എന്നിങ്ങനെ കോടിക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് രൂപപ്പെട്ട് വന്നവയെല്ലാം മനുഷ്യന്‍ ഉപഭോഗ വിധേയമാക്കുകയും മലിനീകരിക്കുകയും ചെയ്യുന്നു. സമ്പന്ന രാഷ്ട്രങ്ങള്‍ തങ്ങളുടെ ജനസംഖ്യയുടെ അനുപാതത്തിലുമധികമായി ഉപഭോഗം നടത്തുന്നു. ഇതില്‍ മുന്നിലുള്ളത് അമേരിക്ക തന്നെയാണ്. ലോകത്ത് വിപണനം നടത്തുന്ന 20 പ്രധാന ചരക്കുകളില്‍ പതിനൊന്നും ഉപയോഗിക്കുന്നതില്‍ യുഎസ് ആണ് മുന്നില്‍. കാപ്പി, ചെമ്പ്, ലെഡ്. സിങ്ക്, കോണ്‍, ടിന്‍, അലുമിനിയം, റബ്ബര്‍, എണ്ണക്കുരുക്കള്‍, പെട്രോളിയം, പ്രകൃതി വാതകം എന്നിവയില്‍ അമേരിക്കക്ക് തന്നെയാണ് കുത്തക. ആഗോള തലത്തില്‍ വ്യക്തിഗത ഇറച്ചി ഉപഭോഗം 37 കിലോയാണ്. എന്നാല്‍ ഇതിന്റെ മൂന്നിരട്ടിയാണ് അമേരിക്കന്‍ പൗരന്‍മാര്‍ കഴിക്കുന്നത്. മൊത്ത ഉപഭോഗത്തിലും ഉല്‍പാദനത്തിലും മുന്നിലുള്ള ചൈന, ആളോഹരിയുടെ കാര്യം വരുമ്പോള്‍ പിന്നിലാണ്. ആഫ്രിക്കയില്‍ ആഗോള ശരാശരിയുടെ പാതിയും ദക്ഷിണേഷ്യയില്‍ 6 കിലോയും മാത്രമാണ് ശരാശരി മാംസ ഉപയോഗം.

പാരിസ്ഥിതിക വിഷയങ്ങളില്‍ ഗവേഷണവും പഠനങ്ങളും നടത്തുന്ന ‘വേള്‍ഡ് വാച്ച് ഇന്‍സ്റ്റിറ്റ്യൂട്ടി’ന്റെ കണക്കുകള്‍ പ്രകാരം ഭക്ഷ്യോല്‍പ്പന്നങ്ങള്‍ കൃഷി ചെയ്യുന്നതിനും വസ്ത്രങ്ങള്‍ നിര്‍മിക്കുന്നതിനും മരങ്ങള്‍ വളര്‍ത്തുന്നതിനും മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതിനുമായി ഓരോ മനുഷ്യര്‍ക്കും ഭൂമിയില്‍ ശരാശരി 1.9 ഹെക്റ്റര്‍ സ്ഥലം വീതമുണ്ട്. അതേസമയം ഒരു ശരാശരി അമേരിക്കക്കാരന്‍ ഉപയോഗിക്കുന്നത് 9.7 ഹെക്റ്റര്‍ ഭൂമിയാണ്. അമേരിക്കന്‍ ജീവിത നിലവാരത്തെ അടിസ്ഥാനമാക്കുമ്പോള്‍, നിലവിലെ ജനസംഖ്യയുടെ അഞ്ചില്‍ ഒന്ന്, അതായത് 1.5 ബില്യണ്‍ ജനങ്ങളെ മാത്രമേ ഭൂമിക്ക് ഉള്‍ക്കൊള്ളാനാവൂ എന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഭൂമിയിലെ ജീവിതത്തെ സംബന്ധിച്ച് ജലം വളരെ നിര്‍ണായകമായ ഘടകമാണ്. ജീവശാസ്ത്രപരമായി പറഞ്ഞാല്‍ പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന് ഒരു ദിവസം ഒരു ഗാലണില്‍ (3.8 ലിറ്റര്‍) കുറയാത്ത തോതില്‍ വെള്ളം ആവശ്യമാണ്. 2010 ല്‍ യുഎസ് ഉപയോഗിച്ചത് 355 ബില്യണ്‍ ഗാലണ്‍ ശുദ്ധ ജലമാണ്. അതായത് പ്രതിദിനം ഒരു വ്യക്തിക്ക് 1,000 ഗാലണ്‍ (3,800 ലിറ്റര്‍) എന്ന തോതില്‍. ഇതില്‍ പകുതിയും ഉപയോഗിച്ചത് വൈദ്യുതി ഉല്‍പ്പാദനത്തിനാണ്. മൂന്നില്‍ ഒന്ന് ഭാഗം ജലസേചനത്തിനും പത്തിലൊന്ന് ഗാര്‍ഹിക ഉപയോഗത്തിനുമായിരുന്നു. അമേരിക്കയുടെ നിലവാരത്തില്‍ 7.5 ബില്യണ്‍ ജനങ്ങള്‍ ജല ഉപഭോഗം നടത്തിയാല്‍ പ്രതിവര്‍ഷം 10,000 ക്യുബിക് കിലോമീറ്ററുകളായിരിക്കും ജല ഉപഭോഗം. ലോകത്തിലെ ശുദ്ധജല തടാകങ്ങളിലും പുഴകളിലുമെല്ലാമായി ആകെയുള്ളത് 91,000 ക്യുബിക് കിലോമീറ്റര്‍ വെള്ളമാണ്. 2.1 ബില്യണ്‍ ജനങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമല്ലെന്നും 4.5 ബില്യണ്‍ ജനങ്ങള്‍ക്ക് ശുചീകരണത്തിനുള്ള മാര്‍ഗമില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. കൂടാതെ, വ്യവസായവല്‍കൃത രാജ്യങ്ങളിലെ ജലസ്രോതസുകളില്‍ രോഗങ്ങള്‍ പരത്തുന്ന തരത്തിലുള്ള ഘടകങ്ങളുടെയും, കീടനാശിനികളുടെയും രാസ വളങ്ങളുടെയും ലോഹങ്ങളുടെയും മറ്റും സാന്നിധ്യവും അമിതമായി കാണാം.

Comments

comments

Categories: FK Special, Slider