‘സമീപ ഭാവിയില്‍ തന്നെ ക്രിപ്‌റ്റോകറന്‍സികള്‍ക്ക് നിയന്ത്രണ സംവിധാനം വരും’

‘സമീപ ഭാവിയില്‍ തന്നെ ക്രിപ്‌റ്റോകറന്‍സികള്‍ക്ക് നിയന്ത്രണ സംവിധാനം വരും’

വ്യവസ്ഥാപിത ബിസിനസ് സംവിധാനങ്ങള്‍ സാങ്കേതികവിദ്യയിലധിഷ്ഠിതമായി വൈകാതെ തന്നെ മാറ്റിമറിക്കപ്പെടുമെന്ന് ബേക്കര്‍ മക്കന്‍സീ ചെയര്‍മാന്‍ ഹബീബ് അല്‍ മുല്ല

ദുബായ്: അസ്ഥിരതയും വിവാദവും കാരണം ക്രിപ്‌റ്റോകറന്‍സികള്‍ വളരെ സമീപ ഭാവിയില്‍ തന്നെ നിയന്ത്രിക്കപ്പെട്ടേക്കുമെന്ന് ബേക്കര്‍ മക്കന്‍സീ ചെയര്‍മാന്‍ ഡോ. ഹബീബ് അല്‍ മുല്ല. ടെക്‌നോളജി ബിസിനസ് പരിതസ്ഥിതിയെ തന്നെ മാറ്റി മറിക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിപ്‌റ്റോകറന്‍സികള്‍ ഇപ്പോള്‍ നിയന്ത്രിക്കപ്പെടാത്ത അവസ്ഥയിലാണ്. എന്നാല്‍ ഞാന്‍ വിശ്വസിക്കുന്നത് അത് ഉടന്‍ തന്നെ നിയന്ത്രിക്കപ്പെടുമെന്ന് തന്നെയാണ്. ലോകം മുഴുവനും ക്രിപ്‌റ്റോകറന്‍സികളോട് എന്ത് സമീപനം സ്വീകരിക്കാമെന്നതിന്റെ ചര്‍ച്ചകളിലാണ്. ചില രാജ്യങ്ങള്‍ അതിനെ സ്വാഗതം ചെയ്യുന്നു. മറ്റ് ചില രാജ്യങ്ങള്‍ കടുത്ത ആശങ്കയിലും. ചില രാജ്യങ്ങള്‍ അതിനെ അതിശക്തിയുത്തം എതിര്‍ക്കുകയും ചെയ്യുന്നു-അല്‍ മുല്ല പറഞ്ഞു.

ക്രിപ്‌റ്റോകറന്‍സികള്‍ക്കും അതിന് പിന്നിലുള്ള സാങ്കേതികവിദ്യയായ ബ്ലോക്‌ചെയിനും അതിശക്തമായ പിന്തുണയാണ് ഹബീബ് അല്‍ മുല്ല എല്ലാ കാലത്തും പ്രഖ്യാപിച്ചിട്ടുള്ളത്. ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ട് വരുന്ന നെഗറ്റീവ് പ്രസ്താവനകള്‍ വിശ്വസിക്കുന്നതില്‍ നിന്ന് ബിസിനസ് സംരംഭകര്‍ വിട്ട് നില്‍ക്കണമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

ക്രിപ്‌റ്റോകറന്‍സിയെ നിയന്ത്രിക്കുന്നതിനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ വെല്ലുവിളികളില്‍ നിന്നാണ് നെഗറ്റീവ് അവകാശവാദങ്ങള്‍ ഉയരുന്നതെന്നും ഹബീബ് അല്‍ മുല്ല പറഞ്ഞു. നിരവധി മുന്നറിയിപ്പുകള്‍ നിങ്ങള്‍ കേള്‍ക്കും. വളരെ റിസ്‌ക് നിറഞ്ഞതാണ് ക്രിപ്‌റ്റോകറന്‍സികള്‍ എന്നും കേള്‍ക്കും. അവയ്ക്ക് നിയന്ത്രണമില്ല. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കായാണ് അത് ഉപയോഗപ്പെടുത്തുന്നത്. മയക്കുമരുന്ന് കടത്ത്, അനധികൃത ആയുധ കടത്ത്, ഡാര്‍ക്ക് വെബ് തുടങ്ങിയ നിഗൂഢ പ്രവൃത്തികള്‍ക്കായാണ് അത് ഉപയോഗിക്കുന്നത് എന്നെല്ലാം നിങ്ങള്‍ കേള്‍ക്കും. എന്നാല്‍ എനിക്ക് പറയാനുള്ളത് ലളിതമായ ഒരു കാര്യം മാത്രമാണ്. ഇതൊന്നും നിങ്ങള്‍ ശ്രദ്ധിക്കരുത്. ക്രിപ്‌റ്റോകറന്‍സികളില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിലുള്ള ഔദ്യോഗിക സംവിധാനങ്ങളുടെ പ്രതിസന്ധിയാണ് ഇത്തരം വാദങ്ങള്‍ക്ക് കാരണം-അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ ലോകത്ത് 200ഓളം ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകളുണ്ടെന്ന് അല്‍ മുല്ല ചൂണ്ടിക്കാണിച്ചു. എന്നാല്‍ അതില്‍ ഭൂരിഭാഗവും നിയന്ത്രണങ്ങള്‍ക്ക് വിധേയമായല്ല പ്രവര്‍ത്തിക്കുന്നത്

ക്രിപ്‌റ്റോകറന്‍സികള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കൊന്നും അല്‍ മുല്ല അത്ര വില കല്‍പ്പിക്കുന്നില്ല. ബിസിനസ് പരിതസ്ഥിതിയില്‍ വരുംകാലത്ത് ക്രിപ്‌റ്റോകറന്‍സികള്‍ മേധാവിത്വം നേടുമെന്നാണ് അദ്ദേഹം പറയുന്നത്. ക്രിപ്‌റ്റോകറന്‍സികളും ബ്ലോക്‌ചെയിനുമാണ് ഭാവി. സര്‍ക്കാരുകള്‍ക്കും നിയന്ത്രണ സംവിധാനങ്ങള്‍ക്കും ഇഷ്ടമായാലും ഇല്ലെങ്കിലും ശരി ക്രിപ്‌റ്റോകറന്‍സികള്‍ അതിജീവിക്കുക മാത്രമല്ല ഇവിടെ നിലനില്‍ക്കുകയും ബിസിനസില്‍ മേധാവിത്വം പുലര്‍ത്തുകയും ചെയ്യും-അല്‍ മുല്ല പറഞ്ഞു.

നിലവില്‍ ലോകത്ത് 200ഓളം ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകളുണ്ടെന്ന് അല്‍ മുല്ല ചൂണ്ടിക്കാണിച്ചു. എന്നാല്‍ അതില്‍ ഭൂരിഭാഗവും നിയന്ത്രണങ്ങള്‍ക്ക് വിധേയമായല്ല പ്രവര്‍ത്തിക്കുന്നത്. അതായത് ഉടമസ്ഥത പോലുള്ള അടിസ്ഥാന വിവരങ്ങള്‍ പോലും നല്‍കപ്പെടണമെന്ന് നിര്‍ബന്ധമില്ല എന്നര്‍ത്ഥം. നിലവിലെ നിയമങ്ങള്‍ക്ക് ചെറിയ തോതില്‍ മാറ്റം വരുത്തി ക്രിപ്‌റ്റോകറന്‍സികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താവുന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ജപ്പാന്റെ ഉദാഹരണമാണ് അല്‍ മുല്ല ചൂണ്ടിക്കാണിച്ചത്.

Comments

comments

Categories: Arabia