വ്യവസായ സൗഹൃദത്തില്‍ ആന്ധ്രാപ്രദേശ് ഒന്നാം സ്ഥാനം

വ്യവസായ സൗഹൃദത്തില്‍ ആന്ധ്രാപ്രദേശ് ഒന്നാം സ്ഥാനം

36 റാങ്കുകളുള്ള പട്ടികയില്‍ 21-ാം സ്ഥാനത്താണ് കേരളം

ന്യൂഡെല്‍ഹി: ബിസിനസ് സൗഹൃദ സമീപത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആന്ധ്രാപ്രദേശിന് ഒന്നാം സ്ഥാനം. തുടര്‍ച്ചയായി രണ്ടാമത്തെ വര്‍ഷമാണ് 28 സംസ്ഥാനങ്ങളെയും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളെയും പിന്നിലാക്കികൊണ്ട് ആന്ധ്രപ്രദേശ് രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ബിസിനസ് പരിഷ്‌കരണ കര്‍മ പദ്ധതി (ബിആര്‍എപി)ക്കുകീഴില്‍ ഡിപ്പാര്‍ട്ട്‌ന്റെ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷനും (ഡിഐപിപി) ലോക ബാങ്കും ചേര്‍ന്നാണ് പട്ടിക തായാറാക്കിയത്.

ഏക ജാലക സംവിധാനം മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തിലൂടെ സുതാര്യമായ രീതിയില്‍ ഏഴ് ദിവസത്തിനുള്ളില്‍ എല്ലാ അനുമതികളും നല്‍കുന്ന തരത്തില്‍ സജ്ജീകരിച്ചിരിക്കുകയാണെന്ന് ആന്ധ്രാപ്രദേശ് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കുടുംമ്പ റാവു പറഞ്ഞു. ആന്ധ്രയുടെ അയല്‍ സംസ്ഥാനമായ തെലങ്കാനയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഹരിയാന മൂന്നാം സ്ഥാനത്തും ഇടം നേടി. ചത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്കും ആദ്യ പത്ത് റാങ്കുകളില്‍ ഇടം നോനായി. ഏറ്റവും വേഗത്തില്‍ വ്യവസായം ആരംഭിക്കാന്‍ കഴിയുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ 21-ാം സ്ഥാനത്താണ് കേരളം ഇടം നേടിയിട്ടുള്ളത്. പട്ടികയില്‍ 36-ാം സ്ഥാനത്തുള്ളത് മേഘാലയയാണ്. 2016ലെ റാങ്കിംഗില്‍ 18ാം സ്ഥാനത്തായിരുന്ന ഡെല്‍ഹി പുതിയ റാങ്കിംഗില്‍ 23-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റാങ്കിംഗില്‍ 31.60 ശതമാനമാണ് ഡെല്‍ഹിയുടെ സ്‌കോര്‍.

കണ്‍സ്ട്രക്ഷന്‍ പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള ചട്ടങ്ങളും നടപടികളും, തൊഴില്‍ നിയമങ്ങള്‍, ഭൂമി ലഭ്യത, പരിസ്ഥിതികാനുമതി, വിവരങ്ങളുടെ ലഭ്യത, ഏക ജാലക സംവിധാനം തുടങ്ങിയവ ലളിതമാക്കുന്നതിനുവേണ്ടി ഡിഐപിപിയും സംസ്ഥാനങ്ങളും ചേര്‍ന്ന് നിര്‍ദേശിച്ചിട്ടുള്ള 372 പരിഷ്‌കരണങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് തയാറാക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ റാങ്കിംഗ് 340 പരിഷ്‌കരണങ്ങളുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു. ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും നിക്ഷേപം ആകര്‍ഷിക്കുന്നതിനും സംസ്ഥാനങ്ങള്‍ക്കിടയില്‍ മത്സരസ്വഭാവം സൃഷ്ടിക്കാനാണ് പട്ടികയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഈ വര്‍ഷം പരിഷ്‌കരണങ്ങളുടെ 100 ശതമാനം നടപ്പാക്കാന്‍ സാധിച്ചിട്ടുള്ളത് ജാര്‍ഖണ്ഡിനും തെലങ്കാനയ്ക്കും മാത്രമാണ്. പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ 17 സംസ്ഥാനങ്ങള്‍ 90 ശതമാനത്തിലധികം പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും റാങ്കിംഗ് വ്യക്തമാക്കുന്നുണ്ട്. വ്യവസായ വകുപ്പ് നിര്‍ദേശിച്ച 372 പരിഷ്‌കരണങ്ങളില്‍ 78 എണ്ണത്തിന് ബിസിനസുകളില്‍ നിന്നും പ്രതികരണമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 50,000 സര്‍വീസസ് പ്രൊഫഷണലുകളില്‍ നിന്നാണ് അഭിപ്രായങ്ങള്‍ ശേഖരിച്ചിട്ടുള്ളത്.

നവംബറില്‍ പുറത്തിറക്കുന്ന ആഗോള ബിസിനസ് സൗഹൃദ റാങ്കിംഗിനു മുന്‍പ് രാജ്യത്തെ ബിസിനസുകാരുടെ മനോഭാവം അളക്കുന്നതിനും ഇത് കേന്ദ്ര സര്‍ക്കാരിനെ സഹായിക്കും. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ലോക ബാങ്ക് റിപ്പോര്‍ട്ടില്‍ 190 രാജ്യങ്ങളില്‍ 100ാം സ്ഥാനത്തെത്താന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു.

Comments

comments

Categories: Business & Economy