ദുബയ് സമ്പദ് വ്യവസ്ഥ കുതിക്കുന്നത് ചെറുകിട, ഇടത്തരം സംരംഭങ്ങളുടേ തേരേറി

ദുബയ് സമ്പദ് വ്യവസ്ഥ കുതിക്കുന്നത് ചെറുകിട, ഇടത്തരം സംരംഭങ്ങളുടേ തേരേറി

എമിറേറ്റിന്റെ ജിഡിപിയിലേക്ക് 47 ശതമാനം സംഭാവന ചെയ്യുന്നത് ചെറുകിട, ഇടത്തരം സംരംഭങ്ങളാണ്. തൊഴില്‍ ശക്തിയിലേക്ക് ഈ മേഖലയുടെ സംഭാവന 52 ശതമാനം വരും

ദുബായ്: എമിറേറ്റിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദന(ജിഡിപി)ത്തിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്നത് ചെറുകിട, ഇടത്തരം സംരംഭക മേഖല. പുതിയ പഠനം പറയുന്നതനുസരിച്ച് ജിഡിപിയുടെ 47 ശതമാനം സംഭാവന ചെയ്യുന്നത് ചെറുകിട, ഇടത്തരം സംരംഭങ്ങളാണ്. ദുബായ് സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റിന് കീഴിലുള്ള ദുബായ് എസ്എംഇ, ദുബായ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററുമായി ചേര്‍ന്ന് നടത്തിയ പഠനം അനുസരിച്ചാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

ദുബായ് എസ്എംഇ(ചെറുകിട, ഇടത്തരം സംരംഭങ്ങള്‍) ഡെവലപ്‌മെന്റ് പ്ലാന്‍ അനുസരിച്ചാണ് ഈ മേഖലയില്‍ ദുബായ് പഠനം നടത്തിയിരിക്കുന്നത്. 2018ന്റെ ആദ്യ പാദത്തില്‍ നടത്തിയ പഠനം അനുസരിച്ച് ദുബായില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുന്നിട്ട് നില്‍്ക്കുന്നത് എസ്എംഇകള്‍ തന്നെയാണ്. എമിറേറ്റിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് മികച്ച മൂല്യം നല്‍കാനും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് സാധിക്കുന്നു.

2009ല്‍ ദുബായ് സമ്പദ് വ്യവസ്ഥയിലേക്കുള്ള ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സംഭാവന 40 ശതമാനം ആയിരുന്നെങ്കില്‍ 2016 ആയപ്പോഴേക്കും അത് 47 ശതമാനമായി കൂടി. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മേഖല പിടിച്ചു നിന്നു. തൊഴില്‍ശക്തിയിലേക്കുള്ള ചെറുകിട, ഇടത്തരം സംരംഭക മേഖലയുടെ സംഭാവനം 2009ലെ 42 ശതമാനത്തില്‍ നിന്നാണ് ഇപ്പോള്‍ 52.4 ശതമാനമായി കൂടിയിരിക്കുന്നത്. ആഗോളതലത്തില്‍ സാമ്പത്തിക രംഗം മാന്ദ്യം നേരിട്ടിട്ടുകൂടി മികച്ച രീതിയില്‍ പ്രകടനം നടത്താന്‍ ചെറുകിട, ഇടത്തരം സംരംഭക മേഖലയ്ക്കായി എന്നത് ശ്രദ്ധേയമാണ്.

ആഗോളതലത്തിലും പ്രാദേശിക തലത്തിലും സാമ്പത്തിക രംഗത്ത് മാന്ദ്യം അനുഭവപ്പെട്ടിട്ടു പോലും മികച്ച പ്രകടനം നടത്താന്‍ ദുബായിലെ ചെറുകിട, ഇടത്തരം സംരംഭക മേഖലയ്ക്കായി എന്നത് ശ്രദ്ധേയമാണ്.

ദുബായില്‍ റെജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പനികളില്‍ 50 ശതമാനവും നവ സ്റ്റാര്‍ട്ടപ്പുകളാണ്. സംരംഭകതത്വത്തിലധിഷ്ഠിതമായുള്ള പ്രവര്‍ത്തനങ്ങളാണ് പുതിയ ബിസിനസുകള്‍ക്ക് വളരാനുള്ള അനുകൂല സാഹചര്യം എമിറേറ്റില്‍ സൃഷ്ടിക്കുന്നത്. ആഗോള തലത്തിലും പ്രാദേശിക തലത്തിലുമുള്ള അനിശ്ചിതത്വങ്ങളെയും അസ്ഥിരതയെയും മറികടക്കാനുള്ള ആര്‍ജ്ജവം തങ്ങള്‍ക്കുണ്ടെന്നാണ് മികച്ച പ്രകടനത്തിലൂടെ ദുബായിലെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ തെളിയിച്ചിരിക്കുന്നതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റ് ഡയറക്റ്റര്‍ ജനറല്‍ സമി അല്‍ ഖസ്മി പറഞ്ഞു.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റ് സ്വീകരിക്കുന്ന നയങ്ങള്‍ ചെറുകിട, ഇടത്തരം സംരംഭങ്ങളെ ശാക്തീകരിക്കുന്നതിനു വേണ്ടിയുള്ളതാകുമെന്നും ദുബായ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ അവരുടെ പങ്ക് ഉറപ്പാക്കുന്നതാകുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

അതിവേഗത്തിലുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ തയാറാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അതിനുള്ള നയപരിപാടികളെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

Comments

comments

Categories: Arabia