ഏക ജിഎസ്ടി നിരക്ക് പരമവിഡ്ഢിത്തം: പിയുഷ് ഗോയല്‍

ഏക ജിഎസ്ടി നിരക്ക് പരമവിഡ്ഢിത്തം: പിയുഷ് ഗോയല്‍

ജിഎസ്ടി പ്രാബല്യത്തില്‍ വന്നതിനുശേഷം 328ഓളം ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി കുറഞ്ഞിട്ടുണ്ട്

ന്യൂഡെല്‍ഹി: ഏകീകൃത ചരക്ക് സേവന നികുതി (ജിഎ്‌സ്ടി)ക്കുകീഴില്‍ ഒറ്റ നികുതി നിരക്ക് നിശ്ചയിക്കണമെന്ന നിര്‍ദേശം പരമവിഡ്ഢിത്തമാണെന്ന് ഇടക്കാല ധനമന്ത്രി പിയുഷ് ഗോയല്‍. നിലവില്‍ ജിഎസ്ടിക്കുകീഴിലുള്ള അഞ്ച് നികുതി സ്ലാബുകള്‍ എടുത്തുകളഞ്ഞുകൊണ്ട് ഏക നികുതി നിരക്ക് കൊണ്ടുവരണമെന്ന് പല കോണുകളില്‍ നിന്നും നിര്‍ദേശമുയര്‍ന്നിരുന്നു. 2019ല്‍ നടക്കുന്ന പൊതുതെരഞ്ഞടുപ്പില്‍ തങ്ങളെ ജയിപ്പിക്കുകയാണെങ്കില്‍ ഏക നികുതി സ്ലാബിലേക്ക് നീങ്ങുമെന്ന് കോണ്‍ഗ്രസും വാഗ്ദാനം നല്‍കിയിട്ടുണ്ട്.

ഒറ്റ നിരക്കിലേക്ക് മാറുന്നത് രാജ്യത്തെ ഇടത്തരം വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പാവപ്പെവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് പിയുഷ് ഗോയല്‍ പറയുന്നത്. ജിഎസ്ടിക്കുകീഴില്‍ 18 ശതമാനം എന്ന ഏക നിരക്ക് കൊണ്ടുവരാനാണ് കോണ്‍ഗ്രസ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, ദൈനംദിനം ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളായ ഉപ്പ്, പഞ്ചസാര, തുണിത്തരങ്ങള്‍ തുടങ്ങിയവ 18 ശതമാനം നികുതിയില്‍ കൊണ്ടുവരുന്നത് സാധാരണക്കാര്‍ക്കുമേല്‍ അധിക ഭാരമുണ്ടാക്കുമെന്നും ഈ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ചേംമ്പര്‍ ഓഫ് കൊമേഴ്‌സ് (ഐസിസി) സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെഴ്‌സിഡന്‍സ് ബെന്‍സിനും എയര്‍ക്രാഫ്റ്റിനും കുറഞ്ഞ നികുതി ഏര്‍പ്പെടുത്തിയാല്‍ എങ്ങനെയിരിക്കുമെന്നാണ് ഗോയല്‍ ചോദിക്കുന്നത്. ഇത്തരമൊരു നീക്കം ഭരണനിര്‍വഹണത്തിന്റെ ഏറ്റവും മോശം രൂപമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടി പ്രാബല്യത്തില്‍ വന്നതിനുശേഷം 328ഓളം ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി കുറഞ്ഞിട്ടുണ്ട്. എല്ലാ നികുതിദായകരും കൃത്യമായി നികുതി അടച്ചുതുടങ്ങിയാല്‍ സ്ലാബുകളുടെ എണ്ണം കുറയ്ക്കുന്നതിനോ കുടുതല്‍ ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്ക് കുറയ്ക്കുന്നതിനോ തടസമില്ലെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ വളരെ താഴ്ന്ന നികുതിയുള്ള രാഷ്ട്രമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy