സ്‌കാനിംഗ് മെഷീനുകള്‍ ഉടന്‍ സജ്ജമാകും

സ്‌കാനിംഗ് മെഷീനുകള്‍ ഉടന്‍ സജ്ജമാകും

കൊച്ചി: കൊച്ചി തുറമുഖം വഴിയുള്ള കയറ്റുമതി,ഇറക്കുമതി നടപടികള്‍ കൂടുതല്‍ സുതാര്യവും വേഗത്തിലുമാക്കുന്നതിന് സ്‌കാനിംഗ് മെഷീനുകള്‍ സ്ഥാപിക്കുന്നതടക്കമുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് കസ്റ്റംസ് ആന്‍ഡ് സിജിഎസ്ടി ചീഫ് കമ്മീഷണര്‍ പുല്ലേല നാഗേശ്വര റാവു ഐആര്‍എസ് അറിയിച്ചു. സ്വതന്ത്ര വ്യാപാര കരാറും പരിരക്ഷാ നിയമങ്ങളും മറ്റ് അനുബന്ധ നിയമങ്ങളും സംബന്ധിച്ച് വിദേശ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ്  ഇന്‍ഡസ്ട്രി (ഫിക്കി) സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്‌കാനറുകള്‍ സ്ഥാപിക്കുന്നതോടെ കണ്ടെയ്‌നറുകള്‍ 36 സെക്കന്‍ഡു കൊണ്ട് സ്‌കാന്‍ ചെയ്ത് കടത്തിവിടാന്‍ സാധിക്കും. ഡെലിവറി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നത് കയറ്റുമതി ഇറക്കുമതി മേഖലക്ക് ഗുണകരമാകും. എഒയു സംവിധാനത്തിലൂടെ ഡയറക്റ്റ് ഫ്രം പോര്‍ട്ട് (ഡിപിഡി) രീതിയില്‍ ചരക്കുകള്‍ നീക്കാന്‍ കഴിയുന്നതും സമയനഷ്ടം ഒഴിവാക്കും. കയറ്റുമതി ഇറക്കുമതി നടപടികള്‍ വേഗത്തിലാക്കാനും ചെലവുകള്‍ കുറക്കാനും ഇത് സഹായകമാകുമെന്ന് പുല്ലേല നാഗേശ്വര റാവു ചൂണ്ടിക്കാട്ടി. നിരവധി രാജ്യങ്ങളുമായി ഇന്ത്യക്കുള്ള സ്വതന്ത്ര വ്യാപാര കരാറുകളെ പറ്റി വിദേശ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വിശദമായി അറിഞ്ഞിരിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ വിദേശ വ്യാപാര മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് അതിന്റെ ഗുണഫലങ്ങള്‍ നേടിയെടുക്കാനും രാജ്യത്തെ വിദേശ വ്യാപാരം മേഖലയെ കൂടുതല്‍ അഭിവൃദ്ധിയിലേക്ക് നയിക്കാനും കഴിയൂ.ജിഎസ്ടിയുടെ പ്രയോജനം കേരളത്തിന് വേണ്ടത്ര ലഭ്യമായില്ലെന്ന ആക്ഷേപം പരിഹരിക്കുന്നതിന് ജിഎസ്ടിയുടെ രണ്ടാം വര്‍ഷത്തില്‍ ആവശ്യമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ചോര്‍ച്ചയുണ്ടാകുന്നത് എവിടെയാണെന്ന് കണ്ടെത്തി പരിഹരിക്കാനുള്ള നടപടികളുണ്ടാകും. ജിഎസ്ടി നിലവില്‍ വന്ന ശേഷം ആദ്യ വര്‍ഷം എല്ലാവരിലേക്കും ഇതിന്റെ സന്ദേശം എത്തിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയതെങ്കില്‍ രണ്ടാം വര്‍ഷത്തില്‍ ജിഎസ്ടി ഫയലിംഗില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കൂടുതല്‍ കര്‍ശനമായ നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ജിഎസ്ടി രജിസ്‌ട്രേഷന്‍ നടത്താത്ത ജിഎസ്ടിയുടെ പരിധിയില്‍ വരുന്ന ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും.

ജിഎസ്ടി നിലവില്‍ വരുന്നതിന് മുമ്പ് കേരളത്തില്‍ 35,000 ചെറുകിട ഇടത്തരം വ്യവസായങ്ങളാണ് സര്‍വീസ് ടാക്‌സ് നല്‍കിയിരുന്നതെങ്കില്‍ ജിഎസ്ടി വന്ന ശേഷം ഇവയുടെ എണ്ണം 80,000 ആയി ഉയര്‍ന്നു. 10-20 ലക്ഷം രൂപയുടെ വര്‍ധനയുണ്ടായി. ടാക്‌സ് ഫയലിംഗിന്റെ പരിധിയിലേക്ക് പരമാവധി പേര്‍ വരുന്നതോടെ കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയുടെ പ്രയോജനം കൂടുതലായി ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.  ഫിക്കി കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ കോ ചെയര്‍മാന്‍ ദീപക് എല്‍ അശ്വാനി, ഫിക്കി സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു, കൊച്ചി കസ്റ്റംസ് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എ എ അബ്ദുള്‍ അസീസ്, ഭാരതി എ എക്‌സ്എ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി നാഷണല്‍ മാനേജര്‍ സന്തോഷ് ഡേവിഡ്, വേള്‍ഡ് ട്രേഡ് സെന്റര്‍ കൊച്ചി ഡെപ്യൂട്ടി മാനേജര്‍ വിവേക് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ഇന്റര്‍നാഷണല്‍ ട്രേഡ് കണ്‍സല്‍ട്ടന്റ് സുധാകര്‍ കസ്തൂരി, എസ്ബിഐ അസിസ്റ്റന്റ് മാനേജര്‍ വിവേക് ബഗ്ഗ, സന്തോഷ് ഡേവിഡ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ് നയിച്ചു.

Comments

comments

Categories: Business & Economy