ജിയോഫോണ്‍ എക്‌സ്‌ചേഞ്ച് ഓഫര്‍ ചെറുകിട ഫീച്ചര്‍ഫോണ്‍ കമ്പനികള്‍ക്ക് തിരിച്ചടി

ജിയോഫോണ്‍ എക്‌സ്‌ചേഞ്ച് ഓഫര്‍ ചെറുകിട ഫീച്ചര്‍ഫോണ്‍ കമ്പനികള്‍ക്ക് തിരിച്ചടി

ന്യൂഡെല്‍ഹി: ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പഴയ ഫീച്ചര്‍ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്തുകൊണ്ട് 501 രൂപയ്ക്ക് 4ജി-വോള്‍ട്ടി അധിഷ്ഠിത ജിയോഫോണിലേക്ക് മാറാന്‍ അവസരം നല്‍കികൊണ്ടുള്ള റിലയന്‍സിന്റെ പുതിയ നീക്കം ഹാന്‍ഡ്‌സെറ്റ് വിപണിയില്‍ വേഗത്തിലുള്ള ഏകീകരണത്തിന് വഴിയൊരുക്കുമെന്ന് വിലയിരുത്തല്‍. ഉപഭോക്തൃ അടിത്തറ വിപുലമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ എക്‌സ്‌ചേഞ്ച് ഓഫര്‍ കമ്പനി അവതരിപ്പിച്ചിട്ടുള്ളത്.

ഈ മാസം 21 മുതലാണ് ജിയോ ഈ ഓഫര്‍ നല്‍കുന്നത്. ഇത് ഫീച്ചര്‍ഫോണില്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള ചെറുകിട കമ്പനികള്‍ക്ക് തിരിച്ചടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിപണി നിരീക്ഷകര്‍ പറഞ്ഞു. വന്‍കിട ഫീച്ചര്‍ഫോണ്‍ കമ്പനികള്‍ ജിയോയുടെ വിപണന തന്ത്രം വഴിയുള്ള നഷ്ടം ചുരുക്കുന്നതിനായി ഇത്തരം ഡിവൈസുകളുടെ നിര്‍മാണം കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. 2ജി വിപിണിയില്‍ വലിയ സ്വാധീനം ചെലുത്താനുള്ള ശേഷി ജിയോ ഓഫറിനുണ്ട്. ഫീച്ചര്‍ഫോണ്‍ വിഭാഗത്തില്‍ വേഗത്തിലുള്ള ഏകീകരണത്തിന് ഇത് വഴിവെക്കുമെന്നും ഐഡിസി (ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍) ഇന്ത്യ സീനിയര്‍ മാര്‍ക്കറ്റ് അനലിസ്റ്റ് ജയ്പാല്‍ സിംഗ് ചൂണ്ടിക്കാട്ടി.

റിലയന്‍സ് ജിയോക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ വരുമ്പോള്‍ ഫീച്ചര്‍ഫോണ്‍ വിഭാഗത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള കമ്പനികള്‍ ഈ വിഭാഗത്തില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനും സാധ്യതയുണ്ടെന്ന് കാൗണ്ടര്‍പോയ്ന്റ് റിസര്‍ച്ച് അസോസിയേറ്റ് ഡയറക്റ്റര്‍ തരുണ്‍ പതക് പറഞ്ഞു. സാംസംഗ്, ഐടെല്‍, നോക്കിയ, മൈക്രോമാക്‌സ്, ലാവ, കാര്‍ബണ്‍, ഇന്റക്‌സ്, ജിവി, റോക്‌ടെല്‍, ജിഫൈവ്, ഐകാള്‍ എന്നിവയാണ് രാജ്യത്തെ പ്രമുഖ ഫീച്ചര്‍ഫോണ്‍ കമ്പനികള്‍.

ഈ വര്‍ഷം മാര്‍ച്ചില്‍ 35.8 ശതമാനം വിപണി വിഹിതം നേടി ജിയോഫോണ്‍ ഇന്ത്യന്‍ ഫീച്ചര്‍ഫോണ്‍ വിപണിയില്‍ മുന്നിലെത്തിയിരുന്നു. 9.8 ശതമാനം വിഹിതവുമായി സാംസംഗ് ആണ് വിപണിയില്‍ രണ്ടാം സ്ഥാനത്തുള്ളത്. 9.4 ശതമാനം വിപണി വിഹിതവുമായി ഐടെല്‍ മുന്നാം സ്ഥാനത്തും 7.3 ശതമാനം വിഹിതവുമായി നോക്കിയ നാലാം സ്ഥാനത്തും 5.6 ശതമാനം വിഹിതവുമായി ലാവ അഞ്ചാം സ്ഥാനത്തും നിലയുറപ്പിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy