റേഞ്ച്, സ്പീഡ് അടിസ്ഥാനമാക്കി ഇവി സബ്‌സിഡി നല്‍കണമെന്ന് വാഹന നിര്‍മ്മാതാക്കള്‍

റേഞ്ച്, സ്പീഡ് അടിസ്ഥാനമാക്കി ഇവി സബ്‌സിഡി നല്‍കണമെന്ന് വാഹന നിര്‍മ്മാതാക്കള്‍

ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തിയ റേഞ്ച്, ടോപ് സ്പീഡ് പരിഗണിക്കാം

ന്യൂഡെല്‍ഹി : റേഞ്ച്, സ്പീഡ് എന്നിവ അടിസ്ഥാനമാക്കി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് (ഇവി) സബ്‌സിഡി അനുവദിക്കണമെന്ന് വാഹന നിര്‍മ്മാതാക്കള്‍. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡി അനുവദിക്കുന്നതിന് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയോ മറ്റ് ഏജന്‍സികളോ സാക്ഷ്യപ്പെടുത്തിയ റേഞ്ച്, ടോപ് സ്പീഡ് എന്നിവ പരിഗണിക്കണമെന്നാണ് ഓട്ടോമൊബീല്‍ കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. പൂര്‍ണ ബാറ്ററി ചാര്‍ജില്‍ വാഹനം സഞ്ചരിക്കുന്ന ദൂരമാണ് (കിലോമീറ്റര്‍) ആ വാഹനത്തിന്റെ റേഞ്ച്.

ഫെയിം ഇന്ത്യ (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ) പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ലിഥിയം-അയണ്‍ ബാറ്ററിയുടെ ശേഷി അനുസരിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡി അനുവദിക്കാനാണ് ഘന വ്യവസായ മന്ത്രാലയത്തിന്റെ നീക്കം. ആഗോളതലത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ പെര്‍ഫോമന്‍സ് നോക്കിയാണ് സബ്‌സിഡി അനുവദിക്കുന്നതെന്ന് വാഹന നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ലിഥിയം-അയണ്‍ ബാറ്ററികളുടെ വലുപ്പമോ ശേഷിയോ കണക്കിലെടുക്കാറില്ല. ഇലക്ട്രിക് വാഹനങ്ങളുടെ റേഞ്ച് സംബന്ധിച്ച ആശങ്ക ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ ശക്തമാണെന്ന് ഓട്ടോമൊബീല്‍ കമ്പനികള്‍ക്ക് അറിയാം. റേഞ്ച്, ടോപ് സ്പീഡ് എന്നീ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡി അനുവദിക്കുന്നതായിരിക്കും മികച്ച തീരുമാനമെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ പെര്‍ഫോമന്‍സാണ് പരിഗണിക്കേണ്ടത്.

ഫെയിം ഇന്ത്യ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍, 1.2 കിലോവാട്ട്അവര്‍ (കെഡബ്ല്യുഎച്ച്) ശേഷി വരുന്ന ലിഥിയം-അയണ്‍ ബാറ്ററി ഉപയോഗിക്കുന്ന ഇരുചക്ര വാഹനത്തിന് 12,000 രൂപ സബ്‌സിഡി നല്‍കാനാണ് ഘന വ്യവസായ മന്ത്രാലയത്തിന്റെ തീരുമാനം. 5.2 കെഡബ്ല്യുഎച്ച് ശേഷിയുള്ള ബാറ്ററി പാക്ക് ഘടിപ്പിച്ചതായിരിക്കും ഏറ്റവും ഉയര്‍ന്ന സബ്‌സിഡി ലഭിക്കുന്ന ഇരുചക്ര വാഹനം. ഫെയിം ഇന്ത്യ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഇലക്ട്രിക് കാറുകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും ഇതുപോലെ സബ്‌സിഡി അനുവദിക്കാനാണ് നീക്കം. ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററി പാക്കുകള്‍ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷനോ മറ്റ് ഏജന്‍സികളോ സാക്ഷ്യപ്പെടുത്തുന്നില്ല. അതേസമയം ഇലക്ട്രിക് വാഹനങ്ങളുടെ റേഞ്ച്, സ്പീഡ് എന്നിവ വിവിധ ഏജന്‍സികള്‍ പരിശോധിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നതായി വാഹന നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടി.

ടാറ്റ മോട്ടോഴ്‌സും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും വിതരണം ചെയ്ത ഇലക്ട്രിക് കാറുകള്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ വാഹനങ്ങള്‍ക്ക് റേഞ്ച് പോരാ എന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക യാത്രകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡാണ് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങിയത്. സാക്ഷ്യപ്പെടുത്തിയ റേഞ്ചിന്റെയും സ്പീഡിന്റെയും അടിസ്ഥാനത്തില്‍ സബ്‌സിഡി അനുവദിക്കുന്നതായിരിക്കും ഉചിതമെന്ന് ഓട്ടോമൊബീല്‍ കമ്പനികള്‍ വ്യക്തമാക്കി.

ഫെയിം രണ്ടാം ഘട്ടത്തില്‍ ലിഥിയം-അയണ്‍ ബാറ്ററിയുടെ ശേഷി അനുസരിച്ച് സബ്‌സിഡി അനുവദിക്കാനാണ് നീക്കം

സബ്‌സിഡിയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുമ്പോള്‍ ഉപയോക്താക്കളെ കണക്കിലെടുക്കണമെന്ന് വാഹന നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടു. ഇലക്ട്രിക് വാഹനങ്ങളുടെ റേഞ്ച് സംബന്ധിച്ച ഉപയോക്താക്കളുടെ ആശങ്ക, വ്യത്യസ്ത ശേഷിയുള്ള ബാറ്ററികളുടെ അടിസ്ഥാനത്തില്‍ സബ്‌സിഡി അനുവദിച്ചാല്‍ പരിഹരിക്കപ്പെടുമോയെന്ന് ഇവര്‍ ചോദിക്കുന്നു. ചില വാഹന നിര്‍മ്മാതാക്കള്‍ വിഷയം ഇതിനകം ഘന വ്യവസായ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. സൊസൈറ്റി ഫോര്‍ മാനുഫാക്ച്ചറേഴ്‌സ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (എസ്എംഇവി) മുഖേന നിതി ആയോഗിലെ ഉന്നത ഉദ്യോഗസ്ഥരെ ഈ ആഴ്ച്ച കാണും. ജൂലൈ 5 ന് പ്രധാനമന്ത്രിയുടെ ഓഫീസിന് എസ്എംഇവി ഇതുസംബന്ധിച്ച് കത്തെഴുതിയിരുന്നു.

Comments

comments

Categories: Auto