ഇന്ത്യ: ലോക ജനാധിപത്യത്തിന്റെ പ്രതീക്ഷാബിംബം

ഇന്ത്യ: ലോക ജനാധിപത്യത്തിന്റെ പ്രതീക്ഷാബിംബം

ആഗോള രാഷ്ട്രീയം അനുദിനം കുഴപ്പങ്ങളില്‍ നിന്ന് പ്രതിസന്ധികളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കാലമാണിത്. സാമ്രാജ്യത്വ മോഹവും വെട്ടിപ്പിടിക്കലുകളും ഭീകരവാദവും മുതല്‍ വ്യാപാര യുദ്ധങ്ങള്‍ വരെ ഇതിന് കാരണമായി മാറിയിരിക്കുന്നു. ലോകത്തെ ജനാധിപത്യ സംരംക്ഷകരെന്ന് സ്വയം അഭിമാനിച്ചിരുന്ന അമേരിക്കയുടെ പടിയിറക്കത്തിനും സാക്ഷിയാവുകയാണ് നാം. അമേരിക്ക സൃഷ്ടിച്ച വിടവിലേക്ക് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യക്ക് ഉയര്‍ന്നു വരാനായാല്‍ അത് മാനവ ചരിത്രത്തിന്റെ തന്നെ ഗതി മാറ്റും. എന്നാല്‍ ഇന്ത്യ ഈ സാധ്യതയെ ഗൗരവമായാണോ സമീപിക്കുന്നത്?

ഈ 21-ാം നൂറ്റാണ്ടില്‍, ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ ജനാധിപത്യം താഴേക്കും ഏകാധിപത്യം മുകളിലേക്കുമുള്ള സഞ്ചാരത്തിലാണ്. ‘ഫോറിന്‍ അഫയേഴ്‌സ്’ എന്ന അമേരിക്കന്‍ മാസികയുടെ മേയ്-ജൂണ്‍ പതിപ്പില്‍ ‘ദി എന്‍ഡ് ഓഫ് ദി ഡെമോക്രാറ്റിക്ക് സെഞ്ച്വറി’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനം ജനാധിപത്യ വിശാരദരായ യാച്ച മൗങ്കും റോബര്‍ട്ടോ സ്‌റ്റെഫാന്‍ ഫോയും ഉപസംഹരിച്ചതും അതിലൂടെ വാദിച്ചതും ജനാധിപത്യത്തിന്റെ ഈ അവരോഹണത്തെ കുറിച്ചു തന്നെയാണ്.

20-ാം നൂറ്റാണ്ടിന്റെ ഭൂരിഭാഗം കാലയളവിലും, അന്താരാഷ്ട്രതലത്തില്‍ ജനാധിപത്യവും ജനാധിപത്യമൂല്യങ്ങളും പ്രോല്‍സാഹിപ്പിക്കുന്നതിനും ഘോഷിക്കുന്നതിനും നേതൃത്വം നല്‍കിയത് അമേരിക്കയായിരുന്നു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതോടെ ഈ നേതൃത്വം തേഞ്ഞു മാഞ്ഞ് അപ്രത്യക്ഷമായിരിക്കുന്നു.

‘അമേരിക്ക ആദ്യം’ എന്ന ആശയത്തിന് നല്‍കിയ ഊന്നലും സഖ്യകക്ഷികളുമായുള്ള സഹകരണത്തില്‍ നിന്നും അന്താരാഷ്ട്ര കരാറുകളില്‍ നിന്നുമുള്ള പിന്‍വലിയലും വ്യാപാര യുദ്ധത്തിനു നല്‍കുന്ന ഉത്തേജനവുമെല്ലാം യുഎസ് ഒറ്റക്ക് നില്‍ക്കാനാഗ്രഹിക്കുന്നെന്ന അനിവാര്യമായ നിഗമനത്തിലേക്കാണ് എത്തിക്കുന്നത്. ആ നിലയില്‍ നിന്നുകൊണ്ട് ഒരിക്കലും ഒരു രാജ്യത്തിന് ലോകത്തെ മുന്നോട്ട് നയിക്കാന്‍ സാധിക്കില്ല.

ജനാധിപത്യവും അതിനായുള്ള അന്വേഷണവും ഈ നൂറ്റാണ്ടിനെ നിര്‍വചിക്കുന്ന വിശേഷലക്ഷണമാകണമെങ്കില്‍, അത്യാവശ്യമായി നികത്തേണ്ട ഒരു നിര്‍ണായകമായ വിടവുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. 2019 ല്‍ നടക്കാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പില്‍ 900 ദശലക്ഷത്തിലധികം ഇന്ത്യന്‍ പൗരന്മാര്‍ വോട്ട് ചെയ്യാന്‍ യോഗ്യരായിരിക്കും. രണ്ടാമത്തെ വലിയ ജനാധിപത്യ രാജ്യമായ അമേരിക്കയില്‍ 254 ദശലക്ഷത്തിലധികം ആളുകള്‍ മാത്രമാണ് യോഗ്യരായ വോട്ടര്‍മാരെന്ന് ഓര്‍മിക്കണം.

ഇവിടെ ഉയരുന്ന ചോദ്യം, ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചും നടപടിക്രമങ്ങളെ കുറിച്ചും തുറന്ന് സംസാരിച്ചു കൊണ്ടും മാതൃകാപരമായി നേതൃത്വം ഏറ്റെടുത്തും അമേരിക്ക ഒഴിച്ചിട്ട വിടവ് നികത്താന്‍ ഇന്ത്യക്ക് സാധിക്കുമോ എന്നതാണ്. ഈ ഒരു തലത്തിലേക്ക് ഇന്ത്യ ഉയര്‍ന്നു വന്നേക്കില്ലെന്ന് വ്യക്തമാക്കുന്ന ചില സൂചകങ്ങളുണ്ട്.

38 രാജ്യങ്ങളിലെ പൗരന്‍മാരെ ഉള്‍പ്പെടുത്തി 2017 ല്‍ ‘പ്യൂ റിസര്‍ച്ച് സെന്റര്‍’ നടത്തിയ സര്‍വെ പ്രകാരം, ” ജുഡീഷ്യറിയുടെയോ പാര്‍ലമെന്റിന്റെയോ നിയന്ത്രണങ്ങള്‍ക്ക് വിധേയരാകാത്ത ശക്തരായ നേതാക്കള്‍ക്കുള്ള പിന്തുണ ഇന്ത്യയില്‍ വളരെ കൂടുതലാണ്,’ ശക്തനായ നേതാവ് ഭരിക്കുന്നതാണ് മികച്ച ഭരണ മാതൃകയെന്ന് സര്‍വേയില്‍ പങ്കെടുത്ത 55 ശതമാനം ആളുകളും പറയുന്നു. സര്‍വേയില്‍ പ്രതികരിച്ചവരില്‍ വെറും എട്ട് ശതമാനം മാത്രമേ പ്രാതിനിധ്യ ജനാധിപത്യത്തില്‍ പൂര്‍ണമായും വിശ്വാസമര്‍പ്പിക്കുന്നുള്ളൂ. 67 ശതമാനം പേര്‍ക്കും വലിയ വിശ്വാസമില്ല. ഒന്‍പത് ശതമാനം പേര്‍ ഭരണത്തിന് ജനാധിപത്യ ഇതര മാര്‍ഗങ്ങള്‍ വേണമെന്ന് അഭിപ്രായപ്പെടുന്നവരാണ്. ശേഷിക്കുന്നവര്‍ ആശയ അനിശ്ചിതത്വത്തില്‍ നിലകൊള്ളുന്നു.

20-ാം നൂറ്റാണ്ടിന്റെ ഭൂരിഭാഗം കാലയളവിലും, അന്താരാഷ്ട്രതലത്തില്‍ ജനാധിപത്യവും ജനാധിപത്യമൂല്യങ്ങളും പ്രോല്‍സാഹിപ്പിക്കുന്നതിനും ഘോഷിക്കുന്നതിനും നേതൃത്വം നല്‍കിയത് അമേരിക്കയായിരുന്നു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതോടെ ഈ നേതൃത്വം തേഞ്ഞു മാഞ്ഞ് അപ്രത്യക്ഷമായിരിക്കുന്നു. ‘അമേരിക്ക ആദ്യം’ എന്ന ആശയത്തിന് നല്‍കിയ ഊന്നലും സഖ്യകക്ഷികളുമായുള്ള സഹകരണത്തില്‍ നിന്നും അന്താരാഷ്ട്ര കരാറുകളില്‍ നിന്നുമുള്ള പിന്‍വലിയലും വ്യാപാര യുദ്ധത്തിനു നല്‍കുന്ന ഉത്തേജനവുമെല്ലാം യുഎസ് ഒറ്റക്ക് നില്‍ക്കാനാഗ്രഹിക്കുന്നെന്ന അനിവാര്യമായ നിഗമനത്തിലേക്കാണ് എത്തിക്കുന്നത്.

ജനാധിപത്യ മേഖലയില്‍ ഇന്ത്യ കൂടുതല്‍ സജീവമായ പങ്ക് വഹിക്കുമെന്ന് കരുതുന്നില്ലെന്ന് മൗങ്കും ഫോയും തങ്ങളുടെ ലേഖനത്തില്‍ പറയുന്നു. ഉദാര ജനാധിപത്യത്തെ പ്രതിരോധിക്കുക എന്നത് ഇന്ത്യയുടെ വിദേശനയത്തിന്റെ നിര്‍ണായക ഘടകമല്ല; റഷ്യ ക്രിമിയയെ അധീനതയിലാക്കിയതിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള യുഎന്‍ പ്രമേയത്തിന്‍മേല്‍ വോട്ടുരേഖപ്പെടുത്തുന്നതില്‍ നിന്നുള്ള ഇന്ത്യയുടെ ഒഴിഞ്ഞു മാറല്‍; ഇന്റര്‍നെറ്റ് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന് കൂടുതല്‍ അവകാശങ്ങള്‍ ലഭിക്കണമെന്ന് ആവശ്യപ്പെടുന്ന ഏകാധിപത്യ രാജ്യങ്ങളോട് ഇന്ത്യ പക്ഷം ചേര്‍ന്നത് എന്നിവയടക്കം നിരവധി കാരണങ്ങള്‍ ഇതിന് അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ജനാധിപത്യത്തിന്റെ യോദ്ധാവ് എന്ന നിലയില്‍, ഇന്ത്യയുടെ ഭാവിയിലെ പ്രബലമായ പങ്കിനെ സംബന്ധിച്ച് അതൊരു മോശം വാര്‍ത്തയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ശക്തമായ എതിര്‍ സൂചകങ്ങളുമുണ്ടെന്നതാണ് നല്ല വാര്‍ത്ത. ഇന്ത്യന്‍ ജനാധിപത്യം സ്ഥാപിതമായ രീതിയും 2014 ദേശീയ തെരഞ്ഞെടുപ്പിന്റെ സ്വഭാവവും പങ്കാളിത്തവുമാണ് ആ രണ്ട് ഘടകങ്ങള്‍.

തങ്ങളുടെ വൈവിധ്യമാര്‍ന്ന ജനസംഖ്യയെ വോട്ടര്‍മാരായി ശാക്തീകരിച്ച ഒരു രാജ്യമായി ഇന്ത്യ എങ്ങനെയാണ് തുടക്കത്തില്‍ തന്നെ സ്ഥാപിതമായതെന്ന് ഹൈഫ സര്‍വകലാശാലയിലെ വിദഗ്ധയായ ഓര്‍നിറ്റ് ഷാനി ‘ഹൗ ഇന്ത്യ ബികം ഡെമോക്രാറ്റിക്ക്: സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് മേക്കിംഗ് ദി യൂണിവേഴ്‌സല്‍ ഫ്രാഞ്ചൈസി’ എന്ന തന്റെ പുതിയ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. ഇംഗ്ലീഷ് ദിനപത്രമായ ‘ദി ഹിന്ദു’വില്‍ ഈ പുസ്തകത്തെ നിരൂപണം ചെയ്ത മിനി കപൂര്‍, സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷവും എന്നാല്‍ ഭരണ ഘടന ഉണ്ടാവുന്നതിന് മുന്‍പായും കരട് വോട്ടര്‍ പട്ടിക തയാറായതാണ,് ”പൗരന്‍മാരാകുന്നതിനു മുന്‍പ് തന്നെ ഇന്ത്യക്കാര്‍ വോട്ടര്‍മാര്‍ ആയിരുന്നു” എന്ന മഹത്തായ വാദത്തിലേക്ക് ഷാനിയെ നയിച്ചതെന്ന് ചൂണ്ടിക്കാട്ടുന്നു. രാജ്യം സ്ഥാപിതമായ സമയത്തുണ്ടായിരുന്ന വ്യത്യസ്തമായ അഭിപ്രായങ്ങളും അവസ്ഥകളും പരിഗണിക്കുമ്പോള്‍, ഈ ബൃഹത്തായ ജനാധിപത്യ പ്രവര്‍ത്തനം അത്ഭുതകരമായ പ്രവര്‍ത്തികളിലൊന്നായിരുന്നു.

അതേസമയം, 2014ലെ ദേശീയ തെരഞ്ഞെടുപ്പിന്റെ സ്വഭാവവും പങ്കാളിത്തവും അത്ഭുതകരമായിരുന്നില്ലെങ്കിലും അത് തീര്‍ച്ചയായും ഒരു വമ്പന്‍ ഇടപാടായി പരിഗണിക്കപ്പെട്ടു. ഇനി പറയുന്ന കാര്യങ്ങള്‍ പരിഗണിക്കുക; 100 ദശലക്ഷം വോട്ടര്‍മാരാണ് ഈ തെരഞ്ഞെടുപ്പിനു വേണ്ടി രജിസ്റ്റര്‍ ചെയ്തത്. 2009 ലെ ദേശീയ തെരഞ്ഞെടുപ്പിനേക്കാള്‍ 15 ശതമാനം വര്‍ധന. ഒന്‍പത് ദിവസങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടര്‍മാരെ സഹായിക്കാന്‍ ഏതാണ്ട് 1.1 ദശലക്ഷം സര്‍ക്കാര്‍ ജീവനക്കാരെയും 5.5 ദശലക്ഷം സാധാരണ ജീവനക്കാരെയും ആവശ്യമായി വന്നു. 9,27,553 പോളിംഗ് സ്‌റ്റേഷനുകളിലെ 1.4 ദശലക്ഷം വോട്ടിംഗ് മെഷീനുകളിലാണ് വോട്ടുകള്‍ രേഖപ്പെടുത്തപ്പെട്ടത്. 66 ശതമാനം എന്ന വോട്ടര്‍ പങ്കാളിത്തം ഇന്ത്യയുടെ ദേശീയ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു.

ഇവയും, സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുന്നതു പോലുള്ള മറ്റ് ഘടകങ്ങളും കണക്കിലെടുത്തു കൊണ്ട്, ജനാധിപത്യത്തിന്റെ സാര്‍വലൗകിക വക്താവായും മാതൃകയായും മുന്നോട്ട് നീങ്ങാന്‍ ഇന്ത്യ സജ്ജമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യ ഒരു രാഷ്ട്രമെന്ന നിലയിലും ജനാധിപത്യ വ്യവസ്ഥ എന്ന നിലയിലും പൂര്‍ണ്ണത്വത്തില്‍ നിന്ന് ഏറെ അകലെയാണെന്നത് അംഗീകരിച്ചു കൊണ്ടു തന്നെയാണ് ഞാന്‍ ഇപ്രകാരം അഭിപ്രായപ്പെടുന്നത്. അതേസമയം, ജനാധിപത്യ നായകന്റെ മേലങ്കി അണിയുന്നതിന് രാജ്യം അഭിസംബോധന ചെയ്യേണ്ടതായ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ട് താനും.

എന്റെ അഭിപ്രായത്തില്‍, നേതൃസ്ഥാനത്തേക്ക് എത്തുന്നതിനായി ഇന്ത്യ നടപടിയെടുക്കേണ്ട മൂന്ന് പ്രധാന മേഖലകളുണ്ട്

1. എല്ലാവരെയും ഉള്‍ച്ചേര്‍ക്കുക, സാമ്പത്തിക സമത്വം, എല്ലാവര്‍ക്കും അവസരം എന്നിവയുമായി ബന്ധപ്പെട്ട് ശക്തമായ അജണ്ട പിന്തുടരുക

2. വിദ്യാര്‍ത്ഥികള്‍ക്ക് ഫലപ്രദമായ, പൗര വിദ്യാഭ്യാസം നല്‍കുക; പ്രത്യേകിച്ച് ചെറുപ്പത്തില്‍ തന്നെ

3. മാധ്യമങ്ങള്‍ പൂര്‍ണമായും സ്വതന്ത്രമാണെന്ന് ഉറപ്പാക്കുക

പ്രഭാതത്തിന് മുന്‍പ് കുറ്റാക്കൂരിരുട്ടായിരിക്കും എന്നാണ് പഴഞ്ചൊല്ല്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ ജനാധിപത്യം, അന്ധകാരത്തിലേക്ക് വഴുതി വീഴുകയാണ്. പോയ മാസങ്ങളില്‍ ജനാധിപത്യം കൂടുതല്‍ ഇരുട്ടിലേക്ക് നീങ്ങിയിരിക്കുന്നു. ഇരുള്‍ നിറഞ്ഞ കാലത്തിലേക്കാണ് നാം നീങ്ങുന്നത്.

ജാനാധിപത്യത്തിന്റെ പ്രതീക്ഷാദീപമായി മാറിക്കൊണ്ട് ഈ ഇരുണ്ട സമയത്തെ ചെറുക്കാനുള്ള ശേഷി ഇന്ത്യക്കുണ്ട്. ആ ശേഷി ഇന്ത്യ തിരിച്ചറിയുകയാണെങ്കില്‍, 21-ാം നൂറ്റാണ്ടില്‍ ജനാധിപത്യത്തിന്റെ പുതിയ സൂര്യോദയം കൊണ്ടുവരാന്‍ സഹായകരമാവും.

ഫ്രാങ്ക് എഫ് ഇസ്ലാം

(വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംരംഭകനും പൗരാവകാശ പ്രവര്‍ത്തകനുമാണ് ലേഖകന്‍)

കടപ്പാട് : ഐഎഎന്‍എസ്

Comments

comments

Categories: FK Special, Slider