ജൂണില്‍ റീട്ടെയ്ല്‍ പണപ്പെരുപ്പം 5.3 ശതമാനമാകും

ജൂണില്‍ റീട്ടെയ്ല്‍ പണപ്പെരുപ്പം 5.3 ശതമാനമാകും

പണപ്പെരുപ്പം നാല് ശതമാനത്തിനുള്ളില്‍ പിടിച്ചുനിര്‍ത്താനാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ലക്ഷ്യമിടുന്നത്

ന്യൂഡെല്‍ഹി: ജൂണ്‍ മാസം ഇന്ത്യയുടെ പണപ്പെരുപ്പം രണ്ട് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന തലത്തിലെത്തിയെന്ന് റോയിട്ടേഴ്‌സിന്റെ സര്‍വേ റിപ്പോര്‍ട്ട്. ക്രൂഡ് ഓയില്‍ വില വര്‍ധയും ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റവുമാണ് പണപ്പെരുപ്പം ഉയരുന്നതിനുള്ള കാരണമായി റോയിട്ടേഴ്‌സ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ധനനയം കൂടുതല്‍ കടുപ്പിക്കുന്നതിന് ഇത് കേന്ദ്ര ബാങ്കിനുമേല്‍ സമ്മര്‍ദം ചെലുത്തും.

ജൂണ്‍ മാസം ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം വാര്‍ഷികാടിസ്ഥാനത്തില്‍ 5.3 ശതമാനം രേഖപ്പെടുത്തുമെന്നാണ് റോയിട്ടേഴ്‌സ് സര്‍വേയില്‍ പങ്കെടുത്ത 37 സാമ്പത്തിക വിദഗ്ധരുടെയും വിലയിരുത്തല്‍. 2016 ജൂലൈ മുതലുള്ള കാലയളവിലെ ഏറ്റവും ഉയര്‍ന്ന തലമായിരിക്കും ഇതെന്നും ഇവര്‍ പറയുന്നു. മേയില്‍ 4.87 ശതമാനമായിരുന്നു ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം. പണപ്പെരുപ്പം നാല് ശതമാനത്തിനുള്ളില്‍ പിടിച്ചുനിര്‍ത്താനാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ലക്ഷ്യമിടുന്നത്. എന്നാല്‍, ജൂണ്‍ വരെയുള്ള ഏഴ് മാസവും റീട്ടെയ്ല്‍ പണപ്പെരുപ്പം കേന്ദ്ര ബാങ്ക് പിടിച്ചുനിര്‍ത്താന്‍ ആഗ്രഹിക്കുന്ന നിരക്കിനേക്കാള്‍ മുകളിലായിരുന്നു. ജൂണിലും ഈ പ്രവണത തുടര്‍ന്നുവെന്നാണ് റോയിട്ടേഴ്‌സ് സര്‍വേയുടെ ഭാഗമായ സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

ഭക്ഷ്യസാധനങ്ങളുടെയും ക്രൂഡ് ഓയിലിന്റെയും വിലയില്‍ ജൂണില്‍ വീണ്ടും വര്‍ധനയുണ്ടായിട്ടുണ്ടെന്ന് കാപിറ്റല്‍ ഇക്കണോമിക്‌സില്‍ നിന്നുള്ള മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ ഷിലന്‍ ഷാ പറഞ്ഞു. ആഗോള എണ്ണ വിലയില്‍ കഴിഞ്ഞ മാസം 13 ശതമാനം വര്‍ധനയാണുണ്ടായിട്ടുള്ളത്. ഈ വര്‍ഷം മൊത്തം എണ്ണ വില 20 ശതമാനത്തിലധികം ഉയര്‍ന്നു. ഇന്ത്യയുടെ ഏറ്റവും ചിലവേറിയ ഇറക്കുമതി ഉല്‍പ്പന്നമായ എണ്ണയുടെ

വിലക്കയറ്റമാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി പണപ്പെരുപ്പം ഉയരുന്നതിന്റെ പ്രധാന കാരണം.
മൊത്ത വില്‍പ്പന വില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂണില്‍ 15 മാസത്തിനിടയിലെ ഉയര്‍ന്ന നിരക്കായ 4.93 ശതമാനത്തിലെത്തുമെന്നാണ് സാമ്പത്തിക  വിദഗ്ധരുടെ പ്രവചനം. മേയില്‍ ഡബ്ല്യുപിഐ പണപ്പെരുപ്പം 4.43 ശതമാനമായിരുന്നു. പണപ്പെരുപ്പം ഉയരുമെന്ന നിരീക്ഷണങ്ങള്‍ ഓഗസ്റ്റില്‍ നടക്കുന്ന ധനനയ അവലോകന യോഗത്തില്‍ അടിസ്ഥാന പലിശനിരക്കുകളില്‍ വീണ്ടും 25 ബേസിസ് പോയ്ന്റ് വര്‍ധന വരുത്താന്‍ കേന്ദ്ര ബാങ്കിനെ പ്രേരിപ്പച്ചേക്കും.

പണപ്പെരുപ്പം ഉയര്‍ന്നതിന്റെ ഫലമായി കഴിഞ്ഞ മാസം നടന്ന യോഗത്തില്‍ ആര്‍ബിഐ പലിശനിരക്കുകളില്‍ 25 ബേസിസ് പോയ്ന്റിന്റെ വര്‍ധന വരുത്തിയിരുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റതുമുതലുള്ള നാല് വര്‍ഷത്തിനിടെ ഇതാദ്യമായാണ് കേന്ദ്ര ബാങ്ക് പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയത്.

Comments

comments

Categories: Slider, Top Stories