ആരും ജയിക്കാത്ത യുദ്ധം

ആരും ജയിക്കാത്ത യുദ്ധം

ഒടുവില്‍ വ്യാപാര യുദ്ധത്തിന് അമേരിക്കയും ചൈനയും തുടക്കം കുറിച്ചുകഴിഞ്ഞു. ആരും ജയിക്കാത്ത ഈ യുദ്ധത്തില്‍ ബുദ്ധിമുട്ടുക ഉപഭോക്താക്കള്‍ മാത്രമാണ്

കഴിഞ്ഞ വെള്ളിയാഴ്ച്ചയോടെ വ്യാപാര യുദ്ധത്തിന് ഔദ്യോഗികമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടക്കം കുറിച്ചു. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 34 ബില്ല്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയത് പ്രാബല്യത്തില്‍ വന്നയുടന്‍ തന്നെ ചൈന തിരിച്ചടിക്കുകയും ചെയ്തു. 34 ബില്ല്യണ്‍ ഡോളര്‍ തന്നെ മൂല്യം വരുന്ന അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചൈനയും താരിഫ് ഏര്‍പ്പെടുത്തി. ഇതിനെതിരെ പുതിയ താരിഫ് ഏര്‍പ്പെടുത്തി തിരിച്ചടിക്കുമെന്നാണ് ട്രംപിന്റെ നിലപാട്.

അമേരിക്ക ചൈനയില്‍ നിന്ന് പോയ വര്‍ഷം ഇറക്കുമതി ചെയ്തത് ഏകദേശം 550 ബില്ല്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ്. ഇതേ തുകയ്ക്കുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ നിലപാട്. ഇരുരാജ്യങ്ങളും പരസ്പരം ഇറക്കുമതി ചെയ്യുന്ന മൊത്തം ഉല്‍പ്പന്നങ്ങള്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും താരിഫ് ഏര്‍പ്പെടുത്താനുള്ള പുറപ്പാടിലാണെന്ന സൂചനകളാണ് ലഭിക്കുന്നത്. എന്നാല്‍ എന്താണ് ഇതുകൊണ്ടുള്ള നേട്ടമെന്ന് ഇരുരാജ്യങ്ങളും, പ്രത്യേകിച്ച് അമേരിക്ക ചിന്തിക്കേണ്ടതുണ്ട്.

വിപണി കൊട്ടിയടച്ചിട്ട് ഒരു തരത്തിലുള്ള പുരോഗതിയും നമുക്ക് നേടാന്‍ സാധിക്കുമെന്ന് കരുതേണ്ട. ചരിത്രം അതാണ് പറയുന്നത്. അമേരിക്കയെപ്പോലൊരു രാജ്യം ചൈനയെ കൈകാര്യം ചെയ്യേണ്ടത് ഇത്തരത്തില്‍ വമ്പന്‍ താരിഫുകള്‍ ഏര്‍പ്പെടുത്തിക്കൊണ്ടല്ല.

വ്യാപാരത്തിലെ അസന്തുലിതാവസ്ഥയിലേക്ക് താരിഫ് യുദ്ധം നീങ്ങിയാല്‍ അത് മറ്റ് രാജ്യങ്ങളെ കാര്യമായി ബാധിക്കും. ആത്യന്തികമായി വ്യാപാര യുദ്ധം ആര്‍ക്കും നേട്ടമുണ്ടാക്കുന്നില്ല. ആരും ജയിക്കാത്ത യുദ്ധമെന്നാണ് ചൈനീസ് പ്രധാനമന്ത്രി തന്നെ ഇതിനെ വിശേഷിപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ വ്യാപാര യുദ്ധം ബാധിക്കുന്നത് ഉപഭോക്താക്കളെയാണ്.

വില വര്‍ധനയ്ക്കും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കും ഇടയില്‍ ഉപഭോക്താക്കള്‍ ഞെരുങ്ങുന്ന അവസ്ഥ സംജാതമാകും. ഇതിന്റെയെല്ലാം ഫലമായി ആഗോള വളര്‍ച്ചയില്‍ വലിയ രീതിയിലുള്ള ഇടിവായിരിക്കും സംഭവിക്കുക. ഒപ്പം ആഗോള സപ്ലൈ ചെയിന്‍ രംഗവും ആകെ അവതാളത്തിലാകും.താരിഫ് കൂട്ടിയതുകൊണ്ട് അമേരിക്ക വീണ്ടും മഹത്തരമാകുമെന്നും അവിടെയുള്ള സംരംഭങ്ങളെല്ലാം വമ്പന്‍ കുതിപ്പ് നടത്തുമെന്നും പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തരമാണ്. സാമ്പത്തിക രംഗം കൂടുതല്‍ സങ്കീര്‍ണമാവുകയല്ലാതെ അതുകൊണ്ട് പ്രത്യേകിച്ച് യാതൊരു പ്രയോജനവുമുണ്ടാകില്ല.

അനിശ്ചിതവാസത്ഥയാണ് ഈ വ്യാപാരയുദ്ധത്തിന്റെ ഫലം. അത് എല്ലാ മേഖലകളെയും സാരമായി ബാധിക്കും-യുഎസ് ചൈന ബിസിനസ് കൗണ്‍സിലിന്റെ ജേക്കബ് പാര്‍ക്കര്‍ പറഞ്ഞതാണിത്. അനിശ്ചിതത്വം നിറഞ്ഞ വിപണികളില്‍ നിക്ഷേപകര്‍ പണം മുടക്കില്ല. ബിസിനസുകള്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്നത് അനിശ്ചിതത്വമാണ്. അനിശ്ചിതത്വം നിറഞ്ഞ വിഫണികളില്‍ റിക്രൂട്ട്‌മെന്റും നടക്കില്ല. തൊഴിലില്ലായ്മയും കൂടും. ഇങ്ങനുള്ള നിരവധി സൂക്ഷമ സാഹചര്യങ്ങളാണ് വ്യാപാര യുദ്ധത്തിന്റെ ബഹളം കാരണം സൃഷ്ടിക്കപ്പെടുന്നത്. ചൈനയില്‍ നിന്നും ഉല്‍പ്പാദന കേന്ദ്രങ്ങള്‍ മാറ്റി സ്ഥാപിക്കുന്നതിനെകുറിച്ച് പല ബിസിനസുകളും ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. യുഎസ് പ്രധാന വിപണിയായി കാണുന്ന ചൈന കേന്ദ്രമാക്കിയ ആഗോള സംരംഭങ്ങളെ സംബന്ധിച്ചിടത്തോളം തീര്‍ത്തും ശ്രമകമരാണ് കാര്യങ്ങള്‍.

കുറച്ചുകൂടി ഉദാരമായ സമീപനം ട്രംപ് സ്വീകരിച്ചാല്‍ മാത്രമേ കാര്യങ്ങള്‍ സുഗമമാകൂ. അല്ലെങ്കില്‍ വലിയ പ്രതിസന്ധികളിലേക്കും ചേരിതിരിവുകളിലേക്കുമാകും ലോകം നീങ്ങുക.

Comments

comments

Categories: Editorial, Slider