ബിഗ്ബാസ്‌ക്കറ്റ് ലക്ഷ്യമിടുന്നത് ഒരു ബില്യണ്‍ ഡോളറിന്റെ മൊത്ത വില്‍പ്പന

ബിഗ്ബാസ്‌ക്കറ്റ് ലക്ഷ്യമിടുന്നത് ഒരു ബില്യണ്‍ ഡോളറിന്റെ മൊത്ത വില്‍പ്പന

ഡെലിവെറി സ്ലോട്ടുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് പദ്ധതി

ബെംഗളൂരു: നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ (2019 മാര്‍ച്ച് മാസത്തോടെ) മൊത്ത വില്‍പ്പന വരുമാനം ഒരു ബില്യണ്‍ ഡോളറിലെത്തിക്കാന്‍ (6,865 കോടി രൂപ) ലക്ഷ്യമിടുന്നതായി ബിഗ്ബാസ്‌ക്കറ്റ്. യുഎസ് റീട്ടെയ്ല്‍, ഇ-കൊമേഴ്‌സ് ഭീമന്മാരായ വാള്‍മാര്‍ട്ടുമായും ആമസോണുമായും ശക്തമായ മത്സരം നടത്താനുള്ള തയാറെടുപ്പിലാണ് കമ്പനി.

ഈ വര്‍ഷം സെപ്റ്റംബറില്‍ 300 കോടി രൂപയിലധികം വില്‍പ്പന വരുമാനം നേടാന്‍ കമ്പനിക്ക് കഴിയുമെന്നാണ് പ്രതീക്ഷ. 2019 മാര്‍ച്ചിലെ വില്‍പ്പന വരുമാനം 500 കോടി കടക്കുമെന്നും ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും കമ്പനി തയാറാക്കിയതായും ബിഗ്ബാസ്‌ക്കറ്റ് ചീഫ് എക്‌സ്‌ക്യൂട്ടിവ് ഓഫീസറും സഹ-സ്ഥാപകനുമായ ഹരി മേനോന്‍ പറഞ്ഞു. മാര്‍ച്ചില്‍ 500 കോടി രൂപയിലധികം വരുമാനം നേടാനായാല്‍ 6,000 കോടി രൂപയിലധികം മൊത്തം വില്‍പ്പന വരുമാനം രേഖപ്പെടുത്തികൊണ്ട് ബിഗ്ബാസ്‌ക്കറ്റ് നടപ്പു സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കുമെന്നും ഹരി മേനോന്‍ വ്യക്തമാക്കി.

ഈ വര്‍ഷം മാര്‍ച്ചില്‍ ഏകദേശം 230 കോടി രൂപയുടെ മൊത്ത വില്‍പ്പന വരുമാനമാണ് ബിഗ്ബാസ്‌ക്കറ്റ് നേടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ കമ്പനിയുടെ മൊത്തം വില്‍പ്പന വരുമാനം 3,000 കോടി രൂപയായിരുന്നു. ഗ്രോഫോഴേസ് കഴിഞ്ഞ വര്‍ഷം കമ്പനിയുടെ ബിസിനസ് മാതൃകയില്‍ മാറ്റം വരുത്തുകയും വില്‍പ്പന വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ വിപണിയില്‍ തങ്ങളുടെ എതിരാളികളായ ചെറുകിട കമ്പനികളുടെ വരുമാനത്തിലുണ്ടായ വര്‍ധനയാണ് ഒരു ബില്യണ്‍ ഡോളര്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള വളര്‍ച്ചാ പദ്ധതി തയാറാക്കുന്നതിലേക്ക് ബിഗ്ബാസ്‌ക്കറ്റിനെ നയിച്ചത്.

രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഗ്രോസറി സ്റ്റാര്‍ട്ടപ്പ് ആണ് ബിഗ്ബാസ്‌ക്കറ്റ്. ഈ വര്‍ഷം ആദ്യം ആലിബാബ ഗ്രൂപ്പില്‍ നിന്നും 300 മില്യണ്‍ ഡോളറിന്റെ നിക്ഷേപം കമ്പനി സ്വരൂപിച്ചിരുന്നു. മൂലധന ചെലവുകള്‍ (ബേണ്‍ റേറ്റ്) കുറയ്ക്കാനും കമ്പനിയുടെ വളര്‍ച്ച പ്രവര്‍ത്തന ലാഭത്തെ മാത്രം ആശ്രയിച്ചല്ലെന്ന് ഉറപ്പുവരുത്താനുമാണ് ബിഗ്ബാസ്‌ക്കറ്റ് നോക്കുന്നതെന്ന് മേനോന്‍ പറഞ്ഞു. ഇതിനായി ചില പദ്ധതികളും കമ്പനി ആസൂത്രണം ചെയ്തിട്ടുണ്ട്. ഡെലിവെറി സ്ലോട്ടുകളുടെ എണ്ണം വര്‍ധിപ്പിച്ചതടക്കമുള്ള നടപടികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

Comments

comments

Categories: Business & Economy