‘ടെര്‍മിനേറ്റര്‍ 2’ ഫാറ്റ് ബോയ് ലേലം ചെയ്തു

‘ടെര്‍മിനേറ്റര്‍ 2’ ഫാറ്റ് ബോയ് ലേലം ചെയ്തു

ലഭിച്ചത് 4.80 ലക്ഷം യുഎസ് ഡോളറെന്ന റെക്കോര്‍ഡ് തുക

ലോസ് ആഞ്ജലസ് : ‘ടെര്‍മിനേറ്റര്‍ 2 : ജഡ്ജ്‌മെന്റ് ഡേ’ സിനിമയില്‍ അഭിനയിച്ച ഹാര്‍ലി ഡേവിഡ്‌സണ്‍ ഫാറ്റ് ബോയ് ലേലത്തില്‍ വിറ്റു. 4.80 ലക്ഷം യുഎസ് ഡോളര്‍ (നിലവിലെ വിനിമയ നിരക്ക് അനുസരിച്ച് ഏകദേശം 3.3 കോടി രൂപ) എന്ന റെക്കോര്‍ഡ് തുകയ്ക്കാണ് മോട്ടോര്‍സൈക്കിള്‍ ലേലത്തില്‍ വിറ്റുപോയത്. ലോസ് ആഞ്ജലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലേല സ്ഥാപനമായ പ്രൊഫൈല്‍സ് ഇന്‍ ഹിസ്റ്ററിയാണ് ലേലം നടത്തിയത്. 1991 ല്‍ പുറത്തിറങ്ങിയ സിനിമയില്‍ സാക്ഷാല്‍ അര്‍ണോള്‍ഡ് ഷ്വാസ്‌നെഗറാണ് ബൈക്ക് ഉപയോഗിച്ചത്.

ബൈക്കിന് രണ്ട് ലക്ഷത്തിനും മൂന്ന് ലക്ഷത്തിനുമിടയില്‍ യുഎസ് ഡോളര്‍ (1.3-2 കോടി രൂപ) ലഭിക്കുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ഇതിന്റെ ഇരട്ടി വില ലഭിക്കുന്നതാണ് ലേലത്തില്‍ കണ്ടത്. സിനിമയില്‍ അഭിനയിച്ച മോട്ടോര്‍സൈക്കിള്‍ ഇപ്പോഴും കുഴപ്പമില്ലാതെ ഉപയോഗിക്കാന്‍ കഴിയും. പുതിയ ഉടമസ്ഥന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.

ഹാര്‍ലി ഡേവിഡ്‌സന്റെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നാണ് ഫാറ്റ് ബോയ്. 1990 കളില്‍ പ്രത്യേകിച്ചും. ടെര്‍മിനേറ്റര്‍ 2 സിനിമയില്‍ അര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍ ഉപയോഗിച്ചതോടെ ഏറ്റവുമധികം വിറ്റുപോകുന്ന ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളിലൊന്നായി മാറി.

അര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍ ഉപയോഗിച്ചതോടെ ഏറ്റവുമധികം വിറ്റുപോകുന്ന ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളിലൊന്നായി മാറി

സംഘട്ടന രംഗങ്ങളില്‍ ഉള്‍പ്പെടെ സിനിമയില്‍ നിരവധി സീനുകളില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ഫാറ്റ് ബോയ് പ്രത്യക്ഷപ്പെട്ടു. നല്ല കണ്ടീഷനിലുള്ള ബൈക്കാണ് ലേലത്തില്‍ വിറ്റുപോയിരിക്കുന്നത്. ആയിരം കിലോമീറ്ററില്‍ താഴെ മാത്രമാണ് മോട്ടോര്‍സൈക്കിള്‍ ഓടിയിരിക്കുന്നത്.

Comments

comments

Categories: Auto