ഇന്ത്യയിലെ ദാരിദ്ര്യം; ചില കാര്യങ്ങള്‍ പുനര്‍നിര്‍വചിക്കാം

ഇന്ത്യയിലെ ദാരിദ്ര്യം; ചില കാര്യങ്ങള്‍ പുനര്‍നിര്‍വചിക്കാം

കൊടിയ ദാരിദ്ര്യത്തില്‍ ജീവിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ കുറയുന്നുണ്ടെന്ന കണക്കുകള്‍ ആശ്വാസകരമാണ്. എന്നാല്‍ ദാരിദ്ര്യത്തെ നിര്‍വചിക്കുന്ന കാര്യത്തില്‍ രാജ്യത്ത് ചില മാറ്റങ്ങള്‍ അനിവാര്യമാണ്

ലോകത്ത് കൊടിയ ദാരിദ്ര്യത്തില്‍ ജീവിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ കുറയുകയാണ്. ബ്രൂക്കിംഗ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ അടുത്തിടെ നടത്തിയ പഠനത്തില്‍ പറയുന്നതനുസരിച്ച് തീവ്രദാരിദ്ര്യത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ജീവിക്കുന്നത് നൈജീരിയയിലാണ്. 87 ദശലക്ഷം പേരാണ് അവിടെ തീര്‍ത്തും പരിപാതപകരമായ ജീവിതാവസ്ഥയില്‍ കഴിയുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഈ അവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം 73 ദശലക്ഷം വരും. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കൊടിയ ദാരിദ്ര്യത്തില്‍ കഴിയുന്ന ഇന്ത്യയിലെ ജനങ്ങളുടെ എണ്ണം 20 ദശലക്ഷം എന്ന തോതിലേക്ക് കുറയും.

പ്രതിദിനം 1.90 ഡോളര്‍ പോലും ചെലവിനായി കൈയിലില്ലാത്തവരെയാണ് തീവ്ര ദാരിദ്ര്യം അനുഭവിക്കുന്നവരുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. ദാരിദ്ര്യത്തിനെതിരായ ഇന്ത്യയുടെ യുദ്ധം ഫലം കാണുന്നുവെന്ന് ഈ കണക്കുകള്‍ പറയുന്നുവെന്നാണ് പലരും വാദിക്കുന്നത്. തീര്‍ച്ചയായും, ദാരിദ്ര്യത്തില്‍ ജീവിക്കുന്നുവരുടെ എണ്ണത്തില്‍ വ്യാപകമായി കുറവ് വന്നിട്ടുണ്ട്. അതില്‍ യാതൊരുവിധ സംശയവുമില്ല.

അതിവേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ചായണ് ദാരിദ്ര്യത്തിന്റെ തോത് കുറയുന്നതിന് ഇടവരുത്തിയത്. ആഗോളവല്‍ക്കരണത്തിലധിഷ്ഠിതമായ സാമ്പത്തിക നയങ്ങള്‍ അതിന് ആക്കം കൂട്ടി. എത്രമാത്രം ആഗോളവല്‍ക്കരണത്തെ എതിര്‍ത്താലും ദാരിദ്ര്യം കുറയ്ക്കുന്നതിനും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും ലോകത്തെ സഹായിച്ചത് ഉദാരവല്‍ക്കരണ, ആഗോളവല്‍ക്കരണ നയങ്ങള്‍ പ്രാവര്‍ത്തികമാക്കിയതാണ്. പൂര്‍ണമായാല്ലെങ്കിലും ചൈനയുടേതായി രീതിയില്‍ ആഗോളവല്‍ക്കരണത്തെ അംഗീകരിക്കാന്‍ തയാറായതാണ് അവരുടെ വളര്‍ച്ചയ്ക്കും കാരണമായത്. ദാരിദ്ര്യം ഇല്ലാതാക്കുന്നതില്‍ വലിയ വിജയം നേടിയ ചൈനയ്ക്കും ഒരു പരിധി വരെ തുണയായത് ആഗോളവല്‍ക്കരണം തന്നെയാണ്.

അതുകൊണ്ടുതന്നെ 1991ല്‍ ഘടനാപരമായി ഇന്ത്യയില്‍ നടന്ന സാമ്പത്തിക പരിഷ്‌കരണങ്ങള്‍ കൊണ്ട് നേട്ടമുണ്ടായത് സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ള കുറച്ച് പേര്‍ക്ക് മാത്രമാണോ എന്നതിനെക്കുറിച്ചൊന്നും ഇനി ചര്‍ച്ച നടത്തുന്നതില്‍ യുക്തിയൊന്നുമില്ല. ഇന്ത്യയുടെ സാമ്പത്തികുതിപ്പിന് മികച്ച അടിത്തറയൊരുക്കാന്‍ ഉദാരവല്‍ക്കരണം കൊണ്ട് സാധിച്ചിട്ടുണ്ട്. അതില്‍ രണ്ടഭിപ്രായങ്ങള്‍ക്ക് ഇനിയും സാധ്യതയില്ല.

എന്നാല്‍ 90കള്‍ക്ക് മുമ്പുള്ള ഇന്ത്യയല്ല ഇപ്പോഴത്തെ ഇന്ത്യ. അപ്പോള്‍ ദാരിദ്ര്യത്തിന്റെ നിര്‍വചനത്തില്‍ ഒരു പുനര്‍നിര്‍വചനവും ആവശ്യമാണ്. കാരണം ലോകം മാറിയപ്പോള്‍ ജീവിത സാഹചര്യങ്ങളും മാറിയല്ല. ലോക ബാങ്ക് മിഡില്‍ ഇന്‍കം രാജ്യങ്ങള്‍ക്ക് ദാരിദ്ര്യ മാനദണ്ഡമായി നിശ്ചയിച്ചിരിക്കുന്നത് 3.20 ഡോളറാണ്. സമ്പന്ന രാജ്യങ്ങള്‍ക്ക് 5.50 ഡോളറും. 3.20 ഡോളര്‍ എന്ന മാനദണ്ഡം ഇന്ത്യക്ക് സ്വീകരിക്കാവുന്നതാണ്. ദാരിദ്ര്യത്തില്‍ ജീവിക്കുന്നവരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും അവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനും ഇത് വലിയ തോതില്‍ ഗുണം ചെയ്യും. രാജ്യത്തെ എല്ലാവര്‍ക്കും തല്ല്യമായി വളരാനുള്ള അവസരമൊരുക്കുക, വളര്‍ച്ചയില്‍ പുറകോട്ട് പോകുന്നവരെ പ്രത്യേക പരിഗണന കൊടുത്ത് സര്‍ക്കാര്‍ ഇരുകൈകളും നീട്ടി ഉയര്‍ത്തിക്കൊണ്ടുവരിക. ഇതില്‍ സംരംഭകരെയും സജീവ പങ്കാളികളാക്കുക. ഇതാകട്ടെ നയം.

Comments

comments

Categories: Editorial, Slider