നിതി ആയോഗ് സംസ്ഥാനങ്ങള്‍ക്ക് കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് ലക്ഷ്യം നിശ്ചയിക്കും

നിതി ആയോഗ് സംസ്ഥാനങ്ങള്‍ക്ക് കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് ലക്ഷ്യം നിശ്ചയിക്കും

പൊതു ഗതാഗത സംവിധാനത്തില്‍ കൂടുതല്‍ ഇലക്ട്രിക് ബസ്സുകള്‍ വരും

ന്യൂഡെല്‍ഹി : നിതി ആയോഗ് രാജ്യത്തെ ഓരോ സംസ്ഥാനത്തിനും കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് ലക്ഷ്യം നിശ്ചയിക്കും. ഓരോ സംസ്ഥാനവും ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് കുറച്ചുകൊണ്ടുവന്ന് നിശ്ചിത കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് ലക്ഷ്യം കൈവരിക്കേണ്ടിവരും. പൊതു ഗതാഗത സംവിധാനം വൈദ്യുതീകരിക്കുന്നതിലൂടെ ലക്ഷ്യം എങ്ങനെ കൈവരിക്കാമെന്ന നിര്‍ദ്ദേശങ്ങള്‍ നിതി ആയോഗ് നല്‍കും.

സംസ്ഥാനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതലായി നിരത്തിലിറക്കുന്നതിന് പുതിയ ആശയം ഉപകരിക്കുമെന്നാണ് നിതി ആയോഗ് വിശ്വസിക്കുന്നത്. ഇവി നയം കൊണ്ടുവരുന്നതിനേക്കാള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് വേണ്ടതെന്ന് നിതി ആയോഗ് ഔദ്യോഗിക വക്താവ് പറഞ്ഞു.

നിലവില്‍ പല സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളും പൊതു ഗതാഗത സംവിധാനത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഫെയിം ഇന്ത്യ (ഫാസ്റ്റര്‍ അഡോപ്ഷന്‍ ഓഫ് മാനുഫാക്ച്ചറിംഗ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ) പദ്ധതി അനുസരിച്ചാണ് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ ഇലക്ട്രിക് വാഹന വഴിയിലേക്ക് തിരിഞ്ഞത്. നാഷണല്‍ ഇലക്ട്രിക് മൊബിലിറ്റി മിഷന്റെ ഭാഗമായി ഫെയിം പദ്ധതിക്ക് 2019 ല്‍ അവസാനിക്കുന്ന രണ്ട് വര്‍ഷത്തേക്ക് 800 കോടി രൂപയാണ് വകയിരുത്തിയത്.

സംസ്ഥാനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതലായി നിരത്തിലിറക്കുന്നതിന് പുതിയ ആശയം ഉപകരിക്കുമെന്ന് നിതി ആയോഗ്

നിലവില്‍ ഇന്ത്യയിലെ നിരത്തുകളില്‍ ഏകദേശം ഒന്നര ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് ഉള്ളത്. 2023 ഓടെ ഇന്ത്യയിലെ ആകെ വാഹനങ്ങളുടെ അഞ്ച് ശതമാനം മാത്രമായിരിക്കും ഇലക്ട്രിക് വാഹനങ്ങളെന്നാണ് കണക്കുകൂട്ടിയിരിക്കുന്നത്. 2017-18 ല്‍ ആകെ കാറുകളുടെ ഒരു ശതമാനത്തില്‍ താഴെയായിരുന്നു ഇലക്ട്രിക് വാഹനങ്ങള്‍.

Comments

comments

Categories: Auto