ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് നയം ഉടന്‍: സദാനന്ത ഗൗഡ

ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് നയം ഉടന്‍: സദാനന്ത ഗൗഡ

ജിഡിപിയും റീട്ടെയ്ല്‍ പണപ്പെരുപ്പവും കണക്കാക്കുന്നതിനുള്ള അടിസ്ഥാന വര്‍ഷങ്ങള്‍ യഥാക്രമം 2017-2018, 2018 എന്നിങ്ങനെയാക്കി മാറ്റും

ന്യൂഡെല്‍ഹി: ഔദ്യോഗിക സ്റ്റാറ്റിസ്റ്റിക്‌സ് തയാറാക്കുന്നതിനുള്ള ദേശീയ നയം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോംഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രി സാദനന്ത ഗൗഡ. 2014ല്‍ ഐക്യരാഷ്ട്ര സഭ അംഗീകരിച്ച അടിസ്ഥാന മാനദണ്ഡങ്ങളുമായി ചേര്‍ന്നുപോകുന്ന തരത്തില്‍ ഇന്ത്യന്‍ സംവിധാനത്തെ കൊണ്ടുവരുന്നതിനാണ് ദേശീയ ഔദ്യോഗിക സ്റ്റാറ്റിക്‌സ് നയം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി), മറ്റ് സൂചികകള്‍ എന്നിവ സംബന്ധിച്ച് അടുത്തിടെ ഉണ്ടായത് പോലുള്ള വിവാദങ്ങള്‍ തടയുന്നതിനും ഔദ്യോഗിക വിവരങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതിനും പുതിയ നയം സഹായിക്കുമെന്ന് ഗൗഡ പറഞ്ഞു. സ്റ്റാറ്റിസ്റ്റിക്‌സ് രേഖകള്‍ തയാറാക്കുന്നതിനുള്ള യുഎന്‍ നിര്‍ദേശങ്ങളെ 2016ല്‍ ഇന്ത്യ അംഗീകരിച്ചിരുന്നു. ഇതിന് അനുസരിച്ചുള്ള നയം തയാറാക്കുന്നതിനുള്ള നടപടികള്‍ മുന്നോട്ടുപോകുകയാണ്. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോംഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ നയം സംബന്ധിച്ച് വിവിധ അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതിനായി കരട് നയം തയാറാക്കിയിട്ടുണ്ട്. വ്യക്തതയോടെ കൈകാര്യം ചെയ്യാനാകുന്ന സുതാര്യവും കാര്യക്ഷമവുമായ ഒരു സ്റ്റാറ്റിസ്റ്റിക്‌സ് സംവിധാനം, ആഭ്യന്തര ഭരണനിര്‍വഹണത്തിനും വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ആവശ്യമാണ്.

ജിഡിപിയും റീട്ടെയ്ല്‍ പണപ്പെരുപ്പവും കണക്കാക്കുന്നതിനുള്ള അടിസ്ഥാന വര്‍ഷങ്ങള്‍ യഥാക്രമം 2017-2018, 2018എന്നിങ്ങനെയാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്നതായി കഴിഞ്ഞയാഴ്ച കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 2019-2020 സാമ്പത്തിക വര്‍ഷം മുതല്‍ ഇത് നടപ്പാക്കാനാണ് സര്‍ക്കാര്‍ പദ്ധതി. നിലവില്‍ ജിഡിപിയും വ്യാവസായിക ഉല്‍പ്പാദന സൂചികയും റീട്ടെയ്ല്‍ പണപ്പെരുപ്പവും കണക്കാക്കുന്നത് 2011-2012, 2012 എന്നിവയെ അടിസ്ഥാന വര്‍ഷങ്ങളാക്കിയാണ്.

നടപ്പു വര്‍ഷം അവസാനത്തോടെ തൊഴില്‍ സംബന്ധിച്ച സ്ഥിതിവിവരകണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടുമെന്നും സദാനന്ത ഗൗഡ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ അസംഘടിത മേഖലയിലെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തികൊണ്ടുള്ളതായിരിക്കും ഇത്.

Comments

comments

Categories: Slider, Top Stories