മാര്‍ട്ടിന്‍ ഷ്വെന്‍ക് പുതിയ മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യ എംഡി & സിഇഒ

മാര്‍ട്ടിന്‍ ഷ്വെന്‍ക് പുതിയ മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യ എംഡി & സിഇഒ

ഈ വര്‍ഷം നവംബറില്‍ ചുമതലയേല്‍ക്കും

ന്യൂഡെല്‍ഹി : ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സ് ഉന്നത മാനേജ്‌മെന്റ് തലത്തില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. മാര്‍ട്ടിന്‍ ഷ്വെന്‍കാണ് മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയുടെ പുതിയ എംഡി ആന്‍ഡ് സിഇഒ. ഈ വര്‍ഷം നവംബറില്‍ അദ്ദേഹം ചുമതലയേല്‍ക്കും. നിലവിലെ ഇന്ത്യ മേധാവി റോളണ്ട് ഫോള്‍ഗര്‍ മെഴ്‌സിഡീസ് ബെന്‍സിന്റെ തായ്‌ലാന്‍ഡ് & വിയറ്റ്‌നാം വിപണികളുടെ ചുമതല നിര്‍വ്വഹിക്കും. മാര്‍ട്ടിന്‍ ഷ്വെന്‍ക് നിലവില്‍ മെഴ്‌സിഡീസ് ബെന്‍സ് ചൈനയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇന്ത്യയില്‍ മെഴ്‌സിഡീസ് ബെന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് റോളണ്ട് ഫോള്‍ഗറാണ്. 2015 ല്‍ എബര്‍ഹാര്‍ഡ് കേര്‍ണില്‍നിന്നാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. ഡെല്‍ഹിയില്‍ ഡീസല്‍ എസ്‌യുവികളുടെ നിരോധനം, ആഡംബര കാറുകളുടെ സെസ്സ് വര്‍ധന എന്നീ പ്രതിസന്ധി ഘട്ടങ്ങളില്‍ വില്‍പ്പന ഇടിയാതെ സൂക്ഷിക്കുന്നതിലും കമ്പനിയുടെ വളര്‍ച്ച ഉറപ്പുവരുത്തുന്നതിലും റോളണ്ട് ഫോള്‍ഗര്‍ പ്രധാന പങ്ക് വഹിച്ചു.

മെഴ്‌സിഡീസ് ബെന്‍സ് ഇ-ക്ലാസ് ലോംഗ് വീല്‍ബേസ് പോലെ പ്രധാന ഉല്‍പ്പന്നങ്ങള്‍ യഥാസമയത്ത് വിപണിയിലെത്തിക്കാന്‍ ഫോള്‍ഗറിന് സാധിച്ചു. റോളണ്ട് ഫോള്‍ഗറിന്റെ നേതൃത്വത്തിലാണ് 15,000 യൂണിറ്റ് വില്‍പ്പനയെന്ന നാഴികക്കല്ല് മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യ താണ്ടിയത്. മലേഷ്യയില്‍നിന്നാണ് റോളണ്ട് ഫോള്‍ഗര്‍ ഇന്ത്യയിലെത്തിയത്. വീണ്ടും തെക്കുകിഴക്കനേഷ്യ വിപണികളിലേക്ക് പോകുന്നു. മനസ്സില്‍ എപ്പോഴും ഇന്ത്യയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

റോളണ്ട് ഫോള്‍ഗര്‍ തായ്‌ലാന്‍ഡ് & വിയറ്റ്‌നാം വിപണികളുടെ ചുമതല വഹിക്കും. മനസ്സില്‍ എപ്പോഴും ഇന്ത്യയുണ്ടാകുമെന്ന് ഫോള്‍ഗര്‍

ബെയ്ജിംഗ് മെഴ്‌സിഡീസ് ബെന്‍സ് സെയില്‍സ് സര്‍വീസിന്റെ സിഎഫ്ഒ ആയി പ്രവര്‍ത്തിച്ചശേഷമാണ് മാര്‍ട്ടിന്‍ ഷ്വെന്‍ക് ഇന്ത്യയിലെത്തുന്നത്. 1992 മുതല്‍ ഡൈമ്‌ലറില്‍ ജോലി ചെയ്തിരുന്നു. ജര്‍മ്മനി, ദക്ഷിണാഫ്രിക്ക, ഓസ്ട്രിയ, യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ മെഴ്‌സിഡീസ് ബെന്‍സിനുവേണ്ടി പ്രവര്‍ത്തിച്ചു. ചൈനയില്‍ മെഴ്‌സിഡീസ് ബെന്‍സ് സെയില്‍സ് ഓര്‍ഗനൈസേഷനില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി 2015 സെപ്റ്റംബറിലാണ് ചുമതലയേറ്റത്.

Comments

comments

Categories: Auto